കോവിഡ് പ്രതിരോധം: വ്യവസായമേഖലയുടേത് മികച്ച ഇടപെടല്‍- മുഖ്യമന്ത്രി

post

തിരുവനന്തപുരം : കോവിഡ് 19നെ പ്രതിരോധിക്കാന്‍ നമ്മുടെ വ്യവസായ മേഖല പ്രസംശസനീയമായി ഇടപെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലോകം മുഴുവന്‍ മെഡിക്കല്‍ വസ്തുക്കളായ പിപിഇ കിറ്റ്, എന്‍95 മാസ്‌ക്, വെന്റിലേറ്റര്‍ എന്നിവയ്ക്ക് ക്ഷാമം നേരിടുമ്പോള്‍ കേരളത്തിലെ വ്യവസായികള്‍ അവ സ്വയം ഉല്‍പാദിപ്പിക്കാന്‍ സന്നദ്ധരായി. ഇത് സംസ്ഥാനത്തിന്റെ ആകെ നേട്ടമാണ്.

കൊച്ചി ആസ്ഥാനമായുളള കിറ്റക്‌സ് ഗാര്‍മെന്റ്‌സ് പിപിഇ കിറ്റ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ച മാനദണ്ഡപ്രകാരം നിര്‍മിച്ചതാണിവ. പ്രതിദിനം 20,000 കിറ്റ് ഉണ്ടാക്കാനുളള ശേഷി ഇവര്‍ക്കുണ്ട്.

മറ്റൊരു പ്രധാന നേട്ടം കേരളത്തില്‍ തന്നെ എന്‍95 മാസ്‌ക് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന വ്യവസായം തുടങ്ങാനായതാണ്്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏറോഫില്‍ ഫില്‍ട്ടേഴ്‌സ് ഇന്ത്യ, സര്‍ക്കാരിന്റെ കീഴിലുള്ള മേക്കര്‍ വില്ലേജിന്റെ സഹായത്തോടെയാണ് എന്‍95 മാസ്‌ക് വികസിപ്പിച്ചെടുത്തത്. കേന്ദ്ര സര്‍ക്കാരിന്റെ  ഗ്വാളിയര്‍ ലാബിന്റെ അനുമതി കിട്ടിയാല്‍ ഉല്‍പ്പാദനം തുടങ്ങും.

മറ്റൊന്ന് വെന്റിലേറ്ററുകളുടെ നിര്‍മാണമാണ്. ഇന്ത്യയില്‍ വെന്റിലേറ്റര്‍ നിര്‍മിക്കാന്‍ കഴിയുമോ എന്ന് വ്യവസായികളോട് സര്‍ക്കാര്‍ ആരാഞ്ഞിരുന്നു. ഈ ദൗത്യം  ഇന്ത്യയിലെ തന്നെ മെഡിക്കല്‍, ഇലക്ട്രോണിക്‌സ് മേഖലയില്‍ മുന്‍പന്തിയില്‍ പ്രവര്‍ത്തിക്കുന്ന നെസ്റ്റ് ഗ്രൂപ്പ് ഏറ്റെടുത്തു. അവരുടെ കൊച്ചിയിലെ ഗവേഷണ കേന്ദ്രത്തിലെ എന്‍ജിനീയര്‍മാരുടെ പരിശ്രമ ഫലമായി പത്തു ദിവസങ്ങള്‍ക്കുള്ളില്‍ അന്താരാഷ്ട്ര ഗുണനിലവാരും പുലര്‍ത്തുന്ന വെന്റിലേറ്റര്‍ വിജയകരമായി വികസിപ്പിച്ചെടുത്തു.

കേരളത്തിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ഈ വെന്റിലേറ്ററിന്റെ പ്രവര്‍ത്തനം വിലയിരുത്തുകയും സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. നിയമാനുസൃതമായ എല്ലാ അനുമതികളും കരസ്ഥമാക്കി ഉയര്‍ന്ന ഗുണനിലവാരവും വിലക്കുറവുമുള്ള ഈ വെന്റിലേറ്റര്‍ ലഭ്യമാക്കാന്‍ വേഗം സാധ്യമാകും എന്നാണ് പ്രതീക്ഷ.

സര്‍ജിക്കല്‍ ഗ്ലൗസിന്റെ ഉല്‍പാദനം സംസ്ഥാനത്ത് മികച്ച രീതിയില്‍ നടക്കുന്നുണ്ട്. കിന്‍ഫ്രാ പാര്‍ക്കിലെ യുബിയോ ഗൈ കമ്പനി കോവിഡ് 19ന്റെ ടെസ്റ്റ് കിറ്റ് വികസിപ്പിച്ച് ഐസിഎംആര്‍ അംഗീകാരത്തിന് അയച്ചിരിക്കുകയാണ്. ഇതെല്ലാം കോവിഡ് 19 കാലത്തെ നേരിടാന്‍ എങ്ങനെ നമ്മുടെ വ്യവസായ ലോകം തയ്യാറായി എന്നതിന്റെ തെളിവാണ്.

കേരളത്തില്‍ കുടുങ്ങിപ്പോയ ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിന്  നല്‍കിയ സഹായത്തിനും പിന്തുണയ്ക്കും കേരള സര്‍ക്കാരിനും പൊലീസ് സേവനത്തിനും എയര്‍പോര്‍ട്ട് അധികാരികള്‍ക്കും ബ്രിട്ടന്റെ ഡെപ്യൂട്ടി ഹൈ കമ്മീഷണര്‍ ജെര്‍മി പില്‍മോ ബെഡ്‌ഫോഡ് നന്ദി അറിയിച്ച് കത്തയച്ചിട്ടുണ്ട്.

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ബ്രയാന്‍ ലോക്ക്വുഡിനോടും ഭാര്യയോടും താന്‍ സംസാരിച്ചു എന്നും അവിടെ ലഭിച്ച മികച്ച ചികിത്സയെ നന്ദിപൂര്‍വം അവര്‍ സ്മരിച്ചെന്നും കത്തില്‍ പറയുന്നതായി മുഖ്യമന്ത്രി പറഞ്ഞു.