കിഴങ്ങുവിള കൃഷി വ്യാപനത്തിനും മൂല്യവർധനയ്ക്കുമായി ‘ന്യൂട്രി ട്യൂബർ കേരളം’ പദ്ധതി ആവിഷ്കരിക്കും

post

കേരളത്തിന്റെ കാർഷിക സമ്പത്തിന്റെയും ഭക്ഷ്യസംസ്കാരത്തിന്റെയും അവിഭാജ്യ ഘടകമായ കിഴങ്ങുവിളകളുടെ കൃഷി വ്യാപിപ്പിക്കുന്നതിനും ഉൽപ്പാദനവും മൂല്യവർധനയും വിപണനവും ലക്ഷ്യമിട്ടും ‘ന്യൂട്രി ട്യൂബർ കേരളം’ എന്ന പേരിൽ സമഗ്ര പദ്ധതി ആവിഷ്കരിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി ടി.സിദ്ദിഖ്. ഭക്ഷ്യ-പോഷക സുരക്ഷ ഉറപ്പാക്കുന്നതിനും കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനുമായി കിഴങ്ങുവിള കൃഷിയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.


കൃഷിഭവനുകൾ, കർഷകർ, ആദിവാസി ഗോത്രമേഖലകൾ എന്നിവയെ കേന്ദ്രീകരിച്ച് കൃഷി വ്യാപിപ്പിക്കുന്നതിനൊപ്പം സംസ്കരണത്തിനും വിപണനത്തിനും കയറ്റുമതിക്കുമുള്ള സാധ്യതകൾ കൂടി പദ്ധതിയിലൂടെ പ്രയോജനപ്പെടുത്തും. ജീവിതശൈലീ രോഗങ്ങളും ആരോഗ്യപ്രശ്നങ്ങളും വർദ്ധിച്ചുവരുന്ന കാലത്ത് സുരക്ഷിതവും പോഷകസമൃദ്ധവുമായ ഭക്ഷണത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ്, പരമ്പരാഗത ഭക്ഷണരീതികളിൽ കിഴങ്ങുവിളകൾക്കുണ്ടായിരുന്ന സ്ഥാനം വീണ്ടെടുക്കേണ്ടതുണ്ട്. ‘എന്റെ ഭക്ഷണം, എന്റെ ഉത്തരവാദിത്തം’ എന്ന സന്ദേശം ഓരോ മലയാളിയും ഏറ്റെടുക്കണമെന്നും മന്ത്രി വ്യക്തമാക്കി. ശ്രീകാര്യത്തെ ഐ.സി.എ.ആർ–കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം (CTCRI), ഇന്ത്യൻ സൊസൈറ്റി ഫോർ റൂട്ട് ക്രോപ്സുമായി (ISRC) സഹകരിച്ച് സംഘടിപ്പിച്ച സംസ്ഥാന കിഴങ്ങുവിള ദിനം 2026 പരിപാടിയിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.


സെൻട്രൽ ട്യൂബർ ക്രോപ്‌സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും ഇന്ത്യൻ സൊസൈറ്റി ഫോർ റൂട്ട് ക്രോപ്‌സിന്റെ പ്രസിഡന്റുമായ ഡോ. ജി. ബൈജു, കാർഷിക ഉൽപ്പാദന കമ്മിഷണർ ഡോ. വീണ എൻ. മാധവൻ , കൃഷിവകുപ്പ് ഡയറക്ടർ അർജുൻ പാണ്ഡ്യൻ തുടങ്ങിയവർ പങ്കെടുത്തു.