എം.ആർ.എസ് കായിക പ്രതിഭകൾക്ക് വിദഗ്ധ പരിശീലനവും ഗ്രേസ് മാർക്കും ഉറപ്പാക്കും: മന്ത്രി കെ എ തുളസി

post

പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളിലെ മികച്ച കായിക പ്രതിഭകളെ കണ്ടെത്തി വിദഗ്ധ പരിശീലനം നൽകുമെന്നും അവർക്ക് ഗ്രേസ് മാർക്ക് അനുവദിക്കുന്നതിനുള്ള പ്രൊപ്പോസൽ തയാറാക്കുമെന്നും പട്ടികജാതി-പട്ടികവർഗ-പിന്നാക്കക്ഷേമ വകുപ്പ് മന്തി കെ.എ തുളസി. പട്ടികവർഗ്ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച ഒൻപതാമത് എം.ആർ.എസ് ആൻഡ് ഹോസ്റ്റൽ കായികമേളയായ 'കളിക്കളം 2026'ന്റെ സമാപന സമ്മേളനവും സമ്മാനദാനവും കാര്യവട്ടം എൽ എൻ സി പി ഇ യിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

മേളയിൽ മികച്ച പ്രകടനം കാഴ്ചവെച്ച പ്രതിഭകളുടെ പട്ടിക അടിയന്തരമായി തയാറാക്കുമെന്ന് മന്ത്രി അറിയിച്ചു. വരുന്ന വേനലവധിക്കാലത്ത് പ്രൊഫഷണലുകളുടെ കീഴിൽ ഇവർക്ക് പ്രത്യേക പരിശീലനം നൽകി സംസ്ഥാന-ദേശീയ ടീമുകളിൽ എത്താൻ പ്രാപ്തരാക്കും. കായികമേളയിൽ മികച്ച നേട്ടം കൈവരിക്കുന്ന വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് ലഭ്യമാക്കുന്നതിനുള്ള പ്രൊപ്പോസൽ സർക്കാരിന് സമർപ്പിക്കുമെന്നും മന്ത്രി പറഞ്ഞു .


അടുത്ത വർഷം മുതൽ 'കളിക്കളം മേള'യിൽ കൂടുതൽ കായിക ഇനങ്ങൾ ഉൾപ്പെടുത്തുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. എല്ലാ വർഷവും തിരുവനന്തപുരത്ത് മാത്രം മേള നടത്തുന്ന രീതി മാറ്റി, മറ്റ് ജില്ലകളിലേക്കും കായികമേളയുടെ വേദി ഒരുക്കുന്നത് പരിഗണനയിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഡിസംബറിൽ നടക്കാനിരിക്കുന്ന സർഗ്ഗോത്സവത്തിനും ഇതിനേക്കാൾ വിപുലമായ സൗകര്യങ്ങൾ ഒരുക്കുമെന്ന് മന്ത്രി ഉറപ്പുനൽകി.


ചടങ്ങിൽ ഇൻഫർമേഷൻ പബ്ലിക്‌റിലേഷൻസ് വകുപ്പിന് വേണ്ടി തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസ് തയാറാക്കിയ 'കളിക്കളം 2026 സ്‌പെഷ്യൽ പതിപ്പ്' മന്ത്രി പ്രകാശനം ചെയ്തു. പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ ബിനു ഫ്രാൻസിസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജോയിന്റ് ഡയറക്ടർ ശ്രീരേഖ കെ.എസ്, ഡെപ്യൂട്ടി ഡയറക്ടർ രാജേഷ് കുമാർ.ആർ, ഐ.ടി.ഡി.പി നെടുമങ്ങാട് പ്രൊജക്ട് ഓഫീസർ പ്രമോദ് ജി, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു