ഖോ-ഖോ കിരീടം തിരിച്ചുപിടിച്ച് കണ്ണൂർ എം.ആർ.എസ്

post

ആൺകുട്ടികളുടെ ഖോ-ഖോ മത്സരത്തിൽ വിജയകിരീടം തിരിച്ചുപിടിച്ച് കണ്ണൂർ മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ. ആവേശം നിറഞ്ഞ ഫൈനലിൽ എംആർഎസ് നല്ലൂർ നാടിനെ പരാജയപ്പെടുത്തിയാണ് കണ്ണൂരിന്റെ കിരീടനേട്ടം. തുടർച്ചയായി നാലാം തവണ ഫൈനലിലെത്തിയ കണ്ണൂർ ടീം രണ്ടാം തവണയാണ് ജേതാക്കളാകുന്നത്.


തുടർച്ചയായ പരിശീലനവും ടീമിന്റെ ഒത്തൊരുമയുമാണ് കണ്ണൂരിന്റെ വിജയത്തിന് കരുത്തായത്. 2022 മുതൽ ടീമിന്റെ ഭാഗമായ ആനന്ദ് എം.വി, ആനന്ദ് കെ.എസ്, ജിഷ്ണുരാജ്, സച്ചിൻ എ.ബി, ധർമരാജ്, വിഷ്ണു രാജീവൻ എന്നിവർ ടീമിന്റെ മുന്നേറ്റത്തിൽ നിർണായക പങ്കുവഹിച്ചു. കോഴിക്കോട് മലയ്ക്കൽ സ്വദേശിയായ ആനന്ദ് കെ എസാണ് ടീമിന്റെ ക്യാപ്റ്റൻ. 2022 മുതൽ ടീമിനെ പരിശീലിപ്പിച്ച് വിജയവഴിയിൽ നയിക്കുന്നത് പരിശീലകൻ രാജേഷ് ചന്ദ്രയാണ്.

കഴിഞ്ഞ വർഷം കണ്ണൂർ ടീമിന്റെ ഭാഗമായിരുന്ന വിഷ്ണു ബാബു ഇത്തവണ ഫൈനലിൽ എതിരാളികളായ വയനാട് ടീമിനൊപ്പമായിരുന്നു എന്നതും മത്സരത്തിന് കൗതുകമായി. ബെസ്റ്റ് പ്ലെയർ ഓഫ് ദി ടൂർണമെന്റായി എം.ആർ.എസ് നല്ലൂർനാടിന്റെ യദു കൃഷ്ണ തിരഞ്ഞെടുക്കപ്പെട്ടു