വാക്കുകൾക്കപ്പുറം ആശയവിനിമയത്തിന്റെ പുതിയ പാഠങ്ങളുമായി 'കൈമൊഴി 2.0'
സർക്കാർ ഓഫീസുകളിൽ സേവനം തേടിയെത്തുന്ന കേൾവി, സംസാര പരിമിതികളുള്ള വ്യക്തികൾക്ക് തടസ്സങ്ങളില്ലാതെ ആശയവിനിമയം നടത്താൻ വഴിയൊരുക്കി തൃശൂർ ജില്ലാ ഭരണകൂടം. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ 'കൈമൊഴി 2.0' എന്ന പേരിൽ വിവിധ വകുപ്പുകളിലെ ഫ്രണ്ട് ഓഫീസ് ജീവനക്കാർക്കായി അടിസ്ഥാന ആംഗ്യഭാഷാ പരിശീലന ശിൽപശാല സംഘടിപ്പിച്ചു.

സിവിൽ സ്റ്റേഷനിൽ നടന്ന ശിൽപശാലയിൽ ജീവനക്കാർക്കൊപ്പം ജില്ലാ കളക്ടർ ശിഖ സുരേന്ദ്രനും പങ്കുചേർന്നു. പരിശീലകർ പരിചയപ്പെടുത്തിയ ആംഗ്യഭാഷയിലെ അടിസ്ഥാന പാഠങ്ങൾ ജില്ലാ കളക്ടറും ജീവനക്കാർക്കൊപ്പം അഭ്യസിച്ചു. ആംഗ്യഭാഷയിലെ അക്ഷരങ്ങൾ, അക്കങ്ങൾ, അഭിവാദനങ്ങൾ എന്നിവയുടെ ആംഗ്യരൂപങ്ങളും അവ ഉപയോഗിച്ചുള്ള ആശയവിനിമയ രീതികളും പരിശീലനത്തിൽ പരിചയപ്പെടുത്തി. ആശയവിനിമയത്തിലെ പരിമിതികൾ പൊതുസേവനങ്ങൾ ലഭിക്കുന്നതിന് തടസ്സമാകരുതെന്ന ലക്ഷ്യത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്.

ആംഗ്യഭാഷയുടെ അടിസ്ഥാന അറിവ് ജീവനക്കാർക്ക് പകർന്നുനൽകുന്നതിലൂടെ എല്ലാവർക്കും തുല്യപരിഗണനയും സേവനവും ഉറപ്പാക്കാനും കൂടുതൽ ഉൾക്കൊള്ളുന്നതും ജനസൗഹൃദവുമായ ഭരണസംവിധാനം സൃഷ്ടിക്കാനുമാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനിലെ (നിപ്മർ) റിസോഴ്സ് പേഴ്സൺമാരായ സി.ജി. ഷബിത, സി.വി. ഖേൽസ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.









