ശബരിമല മണ്ഡല മകരവിളക്ക് അവലോകന യോഗം റവന്യൂ വകുപ്പ് മന്ത്രി എ പി അനിൽകുമാറിന്റെ അധ്യക്ഷതയിൽ

post

ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട വിഷയങ്ങളിലൊന്ന് പമ്പയിലെയും പരിസരപ്രദേശങ്ങളിലെയും ശുചിത്വമാണെന്ന് മന്ത്രി എ പി അനിൽകുമാർ നിർദേശിച്ചു. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് നടന്ന റവന്യൂ വകുപ്പിന്റെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പമ്പയിൽ ആചാരത്തിന്റെ ഭാഗമെന്ന നിലയിൽ വസ്ത്രങ്ങൾ പുഴയിൽ ഉപേക്ഷിക്കുന്ന പ്രവണത ഒഴിവാക്കാൻ വ്യാപകമായ ബോധവത്കരണ പ്രചാരണം നടത്തണം. ഇത് കേരളത്തിന്റെ ആചാരത്തിന്റെ ഭാഗമല്ലെന്ന സന്ദേശം തീർഥാടകരിലേക്ക് എത്തിക്കണം. വർഷങ്ങളായി തുടരുന്ന ശീലങ്ങൾ പെട്ടെന്ന് മാറ്റാൻ കഴിയില്ലെന്നതിനാൽ ഉപേക്ഷിക്കപ്പെടുന്ന വസ്ത്രങ്ങൾ സമയബന്ധിതമായി നീക്കം ചെയ്യുന്നതിനും പ്രത്യേക സംവിധാനം ഒരുക്കണം.


പോരായ്മകൾ സംഭവിച്ച ശേഷം പരിഹരിക്കുന്നതിനു പകരം അവ മുൻകൂട്ടി ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയാണ് അവലോകന യോഗങ്ങളുടെ ലക്ഷ്യം. രാജ്യത്തിന്റെ ശ്രദ്ധയാകർഷിക്കുന്ന പ്രധാന തീർഥാടന കേന്ദ്രമായ ശബരിമലയിൽ ഒരു തരത്തിലുള്ള വീഴ്ചയും ഉണ്ടാകരുത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇടത്താവളത്തിൽ നടന്ന യോഗത്തിലും ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ഇതിനകം നടന്ന വിവിധ അവലോകന യോഗങ്ങളിലും ഒരുക്കങ്ങൾ വിലയിരുത്തിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രവർത്തനങ്ങളിൽ ഫണ്ട് അപര്യാപ്തത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. റോഡ് നവീകരണവുമായി ബന്ധപ്പെട്ട് വനം വകുപ്പിന്റെ ഭാഗത്തുനിന്നുള്ള ചില സാങ്കേതിക തടസ്സങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ജില്ലാ കലക്ടറും എ ഡി എമ്മും നിരവധി യോഗങ്ങൾ വിളിച്ചുചേർത്ത് വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ മികച്ച നേതൃത്വം നൽകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി അവരെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.


വൈദ്യുത വാഹനങ്ങളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ നിലവിലുള്ള ചാർജിങ് സൗകര്യങ്ങൾ പര്യാപ്തമല്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പമ്പയിലെ ഒരു ചാർജിങ് കേന്ദ്രം മാത്രം മതിയാകില്ല. നിലക്കലിലും ചാർജിങ് കേന്ദ്രം സ്ഥാപിക്കണം. ഒരേസമയം നിരവധി വാഹനങ്ങൾ എത്തുമ്പോൾ ഗതാഗതക്കുരുക്ക് ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കാൻ കുറഞ്ഞത് രണ്ട് ചാർജിങ് കേന്ദ്രങ്ങളെങ്കിലും ഈ തീർഥാടന കാലത്ത് സജ്ജമാക്കണം. ഭാവിയിലെ ആവശ്യങ്ങൾ കൂടി കണക്കിലെടുത്ത് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.


ദർശനത്തിലൂടെ ലഭിക്കുന്ന ആത്മീയ സംതൃപ്തിക്കൊപ്പം വിവിധ വകുപ്പുകൾ നൽകുന്ന സേവനങ്ങളിലൂടെയും സന്തോഷത്തോടെയും സുരക്ഷിതത്വ ബോധത്തോടെയും മടങ്ങാൻ ഓരോ തീർഥാടകനും കഴിയണം. തീർഥാടന കേന്ദ്രത്തിലെ സേവനമികവിന്റെ പ്രധാന അളവുകോൽ അതായിരിക്കണം. ഇതിനായി എല്ലാ വകുപ്പുകളും മത്സരബുദ്ധിയോടെ മികച്ച സേവനം ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.


ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക താത്പര്യത്തിൽ തയ്യാറാക്കിയ ശബരി പോർട്ടലിന്റെ പ്രവർത്തനോദ്ഘാടനവും മന്ത്രി നിർവഹിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട ദൈനംദിന വിവരങ്ങളും വിവിധ സേവനങ്ങളും തീർഥാടകർക്ക് എളുപ്പത്തിൽ ലഭ്യമാക്കുന്നതിനാണ് പോർട്ടൽ സജ്ജമാക്കിയിട്ടുള്ളത്. ആവശ്യമായ വിവരങ്ങൾ യഥാസമയം പുതുക്കി പോർട്ടൽ കൂടുതൽ ജനോപകാരപ്രദമാക്കണമെന്നും മന്ത്രി നിർദേശിച്ചു. പഴകുളം മധു എം എൽ എ, ജില്ലാ കലക്ടർമാരായ എ നിസാമുദ്ദീൻ (പത്തനംതിട്ട), ഡോ. ദിനേശൻ ചെറുവത്ത് (ഇടുക്കി), ചേതൻ കുമാർ മീണ (കോട്ടയം), ശബരിമല എ ഡി എം. ദിലീപ് കെ കൈനിക്കര, പത്തനംതിട്ട എ ഡി എം. ആർ രാജലക്ഷ്മി പങ്കെടുത്തു.