വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലേക്ക് ആദ്യ ഇറക്കുമതി കണ്ടെയ്നർ
കേരളത്തിന്റെ സമുദ്രവ്യാപാര മേഖലയ്ക്ക് പുതിയ വാണിജ്യസാധ്യതകൾ തുറന്ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നറെത്തി. ചൈനയിലെ നിങ്ബോയിൽ നിന്ന് എം.എസ്.സി. സബ്രിന 111 എന്ന കപ്പലിലാണ് കണ്ടെയ്നർ എത്തിയത്. പരമ്പരാഗത പ്ലൈവുഡിന് പകരം നിർമാണമേഖലയിൽ ഉപയോഗിക്കുന്ന എൻജിനീയേർഡ് ബിൽഡിങ് ബോർഡുകളാണ് ആദ്യ ഇറക്കുമതി കണ്ടെയ്നറിലുള്ളത്. ട്രാൻഷിപ്മെന്റ് പ്രവർത്തനങ്ങൾക്കപ്പുറം ആഭ്യന്തര ഇറക്കുമതി-കയറ്റുമതി രംഗത്തും സജീവ സാന്നിധ്യമാകാനുള്ള വിഴിഞ്ഞത്തിന്റെ വളർച്ചയിലെ സുപ്രധാന നാഴികക്കല്ലാണിത്.

ഇറക്കുമതി സൗകര്യം പ്രവർത്തനക്ഷമമായതോടെ കേരളത്തിലെ വ്യാപാരികൾക്ക് വിദേശത്തുനിന്നുള്ള ചരക്കുകൾ നേരിട്ട് വിഴിഞ്ഞത്ത് ഇറക്കാനും കസ്റ്റംസ് നടപടികൾ പൂർത്തിയാക്കി വിപണികളിലെത്തിക്കാനും കഴിയും. മറ്റ് തുറമുഖങ്ങളെ ആശ്രയിച്ച് ചരക്കുകൾ എത്തിക്കേണ്ടിവരുന്ന സാഹചര്യം കുറയുന്നതിലൂടെ ഗതാഗതസമയവും അനുബന്ധ ചെലവുകളും ലഘൂകരിക്കാനാകും. ചരക്ക് കൈകാര്യം ചെയ്യൽ, ലോജിസ്റ്റിക്സ്, സംഭരണം, ഗതാഗതം തുടങ്ങിയ സേവനങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രവർത്തനങ്ങൾ സംസ്ഥാനത്തിനകത്ത് വളരുന്നതിനും ഇത് സഹായകമാകും.
തുറമുഖ പ്രവർത്തനങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല ഇതിന്റെ നേട്ടം. കസ്റ്റംസ് ബ്രോക്കർമാർ, ഫ്രൈറ്റ് ഫോർവേഡർമാർ, ട്രാൻസ്പോർട്ടർമാർ, വെയർഹൗസ് നടത്തിപ്പുകാർ, തുറമുഖ തൊഴിലാളികൾ തുടങ്ങി വിവിധ മേഖലകളിൽ തൊഴിൽ-സംരംഭക സാധ്യതകൾ വർധിക്കും. തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളിൽ അനുബന്ധ സേവനമേഖലകളുടെ വികസനത്തിനും പുതിയ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും ഇറക്കുമതി സൗകര്യം വഴിയൊരുക്കും. കേരളത്തിലെ ഇറക്കുമതിക്കാർക്ക് നേരിട്ട് സേവനം നൽകുന്ന തുറമുഖമായി വിഴിഞ്ഞം മാറുന്നതോടെ സംസ്ഥാനത്തിന്റെ വ്യാപാര അടിസ്ഥാനസൗകര്യത്തിനും കൂടുതൽ കരുത്തേകാനാകും.
സമ്പൂർണ്ണ എക്സിം (EXIM-കയറ്റുമതി-ഇറക്കുമതി) പ്രവർത്തനങ്ങൾ സജ്ജമായതിന് പിന്നാലെ ഇറക്കുമതി പ്രവർത്തനങ്ങൾക്കും തുടക്കമിടാനായത് തുറമുഖത്തിന്റെ പ്രവർത്തനവികാസത്തിലെ ശ്രദ്ധേയമായ നേട്ടമാണ്. ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചരക്കുകൾ വിഴിഞ്ഞം വഴി വിദേശ വിപണികളിലേക്ക് എത്തിക്കുകയും വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ നേരിട്ട് കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുകയും ചെയ്യുന്നതിനുള്ള സാധ്യതകൾ ഇതോടെ കൂടുതൽ വിപുലമാകും. കയറ്റുമതിയും ഇറക്കുമതിയും ഒരുപോലെ ശക്തിപ്പെടുമ്പോൾ പ്രാദേശിക വ്യവസായങ്ങൾക്കും വ്യാപാരമേഖലയ്ക്കും ആഗോള വിപണിയുമായി കൂടുതൽ കാര്യക്ഷമമായി ബന്ധപ്പെടാനാകും.

കണ്ടെയ്നർ നീക്കവും ഇൻലാൻഡ് ചരക്കുഗതാഗതവും വർധിക്കുന്നതോടെ ലോജിസ്റ്റിക്സ് കമ്പനികൾക്കും അനുബന്ധ വ്യവസായങ്ങൾക്കും വിഴിഞ്ഞം കേന്ദ്രീകരിച്ച് പ്രവർത്തനം വ്യാപിപ്പിക്കാനാകും. ഹോസ്പിറ്റാലിറ്റി, ഗതാഗതം, സംഭരണം, ചരക്ക് വിതരണ ശൃംഖല തുടങ്ങിയ മേഖലകളിലും ഇതിന്റെ ഗുണഫലങ്ങൾ പ്രതിഫലിക്കും. തുറമുഖത്തിന്റെ വാണിജ്യസാധ്യതകൾ തിരിച്ചറിഞ്ഞ് കൂടുതൽ സംരംഭകർ ഈ മേഖലയിലേക്ക് കടന്നുവരുന്നതിനും പുതിയ സൗകര്യം പ്രചോദനമാകും. ആദ്യ ഇറക്കുമതി കണ്ടെയ്നർ എത്തിക്കുന്നതിന് മുൻകൈയെടുത്ത യുവസംരംഭകരുടെ പങ്കാളിത്തവും ഈ നേട്ടത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.
വിഴിഞ്ഞത്തിന്റെ തന്ത്രപ്രധാനമായ ഭൂമിശാസ്ത്രപരമായ സ്ഥാനവും സ്വാഭാവികമായ ആഴക്കടൽ സൗകര്യങ്ങളുമാണ് ആഗോള സമുദ്രവ്യാപാരരംഗത്ത് തുറമുഖത്തിന് സവിശേഷമായ പ്രാധാന്യം നൽകുന്നത്. ഇന്ത്യൻ തീരത്തിന്റെ മധ്യഭാഗത്തായി അന്താരാഷ്ട്ര കിഴക്ക്-പടിഞ്ഞാറൻ കപ്പൽഗതാഗത പാതയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന തുറമുഖത്തിന് ഏകദേശം 18–20 മീറ്റർ സ്വാഭാവിക ആഴമുണ്ട്. വലിയ കണ്ടെയ്നർ കപ്പലുകൾക്ക് അനുയോജ്യമായ ആഴക്കടൽ ബെർത്തുകൾ, കുറഞ്ഞ ഡ്രഡ്ജിങ് ആവശ്യകത, ഇന്ധന ബങ്കറിങ്ങിനുള്ള സാധ്യത, കുറഞ്ഞ ലിറ്റോറൽ ഡ്രിഫ്റ്റ് എന്നിവയും വിഴിഞ്ഞത്തിന്റെ പ്രധാന സവിശേഷതകളാണ്. ഈ അനുകൂല ഘടകങ്ങൾ വർഷം മുഴുവനുമുള്ള തുറമുഖ പ്രവർത്തനങ്ങൾക്കും അന്താരാഷ്ട്ര കപ്പൽഗതാഗത ശൃംഖലയിൽ കൂടുതൽ സജീവമായ പങ്കാളിത്തത്തിനും വഴിയൊരുക്കുന്നു.

അത്യാധുനിക ഓട്ടോമേറ്റഡ് ക്രെയിനുകളും ഡിജിറ്റൽ അധിഷ്ഠിത ചരക്ക് കൈകാര്യം ചെയ്യൽ സംവിധാനങ്ങളുമാണ് വിഴിഞ്ഞത്തിന്റെ പ്രവർത്തനമികവിന് സാങ്കേതിക പിന്തുണ നൽകുന്നത്. 8 ക്വേ ക്രെയിനുകളും (Quay Cranes) 24 പൂർണമായും ഓട്ടോമേറ്റഡ് യാർഡ് ക്രെയിനുകളും (Automated Yard Cranes - RMGC) ഉൾപ്പെടുന്ന സംവിധാനം കണ്ടെയ്നർ നീക്കം വേഗത്തിലും കാര്യക്ഷമമായും നിർവഹിക്കാൻ സഹായിക്കുന്നു. ആധുനിക തുറമുഖ പ്രവർത്തനരീതികളും മികച്ച അടിസ്ഥാനസൗകര്യങ്ങളും സംയോജിപ്പിക്കുന്നതിലൂടെ വലിയ കപ്പലുകളെ ആകർഷിക്കാനും ചരക്കുനീക്കത്തിന്റെ കാര്യക്ഷമത വർധിപ്പിക്കാനും വിഴിഞ്ഞത്തിന് കഴിയും. ഇത് ആഗോള ചരക്കുനീക്ക ശൃംഖലയിൽ ഇന്ത്യയുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനും ദക്ഷിണേന്ത്യയുടെ വ്യാപാരബന്ധങ്ങൾ വിപുലീകരിക്കുന്നതിനും സഹായകമാകും.

പോർട്ട് വാർഡ് കൗൺസിലർ ജെ. പനിയടിമ, വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (VISL) മാനേജിങ് ഡയറക്ടർ ജെറോമിക് ജോർജ്, അഡീഷണൽ കസ്റ്റംസ് കമ്മീഷണർ, അസിസ്റ്റന്റ് കസ്റ്റംസ് കമ്മീഷണർ, എഫ്.ആർ.ആർ.ഒ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ നടന്നു. വിഴിഞ്ഞം തുറമുഖവും സംസ്ഥാനവും കൈവരിച്ച അഭിമാനകരമായ നേട്ടമാണിതെന്ന് സ്വീകരണ ചടങ്ങിൽ എം. വിൻസന്റ് എം.എൽ.എ പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റിൽ മുഖ്യമന്ത്രി ഗേറ്റ്വേ ട്രാഫിക് ഉദ്ഘാടനം ചെയ്തതിനു പിന്നാലെ മൂന്ന് മാസത്തിനുള്ളിൽ ഇറക്കുമതി പ്രവർത്തനങ്ങൾക്കും തുടക്കമിടാനായത് വലിയ നേട്ടമാണ്. കയറ്റുമതിയും ഇറക്കുമതിയും ശക്തിപ്പെടുമ്പോഴാണ് നാടിന്റെ വികസനസ്വപ്നങ്ങൾ യാഥാർഥ്യമാകുന്നത്. ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ചരക്കുകൾ വിഴിഞ്ഞത്തെത്തിക്കുകയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ചരക്കുകൾ നേരിട്ട് ഇവിടെ ഇറക്കുകയും ചെയ്യുന്നതിലൂടെ ഇന്ത്യയുടെ വികസനത്തിന്റെ കവാടമായി വിഴിഞ്ഞത്തെ മാറ്റാനാകുമെന്നും എം. എൽ. എ പറഞ്ഞു.

കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾ വിപുലമാകുന്നതോടെ കേരളത്തിലെ വ്യവസായങ്ങൾക്കും സംരംഭകർക്കും ആഗോള വിപണികളിലേക്ക് പ്രവേശിക്കാനുള്ള അവസരങ്ങൾ വർധിക്കും. തുറമുഖത്തെ അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങൾ, ലോജിസ്റ്റിക്സ് ശൃംഖലകൾ, ഗതാഗത-വിതരണ സംവിധാനങ്ങൾ എന്നിവയുടെ വളർച്ച സംസ്ഥാനത്തിന്റെ സാമ്പത്തിക വികസനത്തിന് പുതിയ ഊർജം പകരും. സമുദ്രവ്യാപാരത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക വികസനത്തിന്റെ പ്രധാന കേന്ദ്രമായി വിഴിഞ്ഞത്തെ ഉയർത്താനുള്ള മികച്ച അവസരമാണ് ആദ്യ ഇറക്കുമതി കണ്ടെയ്നറിന്റെ വരവ്.









