സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം: മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

post

തിരുവനന്തപുരം : കോവിഡ് 19 നിര്‍വ്യാപന/പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഓഫീസുകളും/ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നതു സംബന്ധിച്ച് മാര്‍ഗ നിര്‍ദേശങ്ങളായി. റെഡ്സോണ്‍ ജില്ലകളിലെയും സംസ്ഥാനത്തെ വിവിധ ഹോട്ട്സ്പോട്ടുകളിലെയും ഓഫീസുകളില്‍ അതത് ജില്ലയിലെ ഏറ്റവും കുറച്ചു ജീവനക്കാരെ ഉപയോഗിച്ച് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം.കോവിഡ് 19 നിര്‍വ്യാപന/പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാ സര്‍ക്കാര്‍ ഓഫീസുകളും/ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കണം.

റെഡ്സോണ്‍/ഹോട്ട്സ്പോട്ട് ഒഴികെയുള്ള പ്രദേശങ്ങളില്‍ ഗ്രൂപ്പ് 'എ', 'ബി' ജീവനക്കാര്‍ പരമാവധി 50 ശതമാനം ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജരാകണം. ഗ്രൂപ്പ് 'സി', 'ഡി' വിഭാഗം ജീവനക്കാരില്‍ പരമാവധി 33 ശതമാനം ഹാജരാകണം. ശേഷിക്കുന്ന ജീവനക്കാര്‍ക്ക് 'വര്‍ക്ക് ഫ്രം ഹോം' നയം സ്വീകരിക്കാം. ആവശ്യമെങ്കില്‍ വകുപ്പ് തലവന്‍മാരുടെ നര്‍ദേശാനുസരണം മാത്രം ഇവര്‍ ഓഫീസില്‍ ഹാജരായാല്‍ മതിയാകും. അടിയന്തിര ജോലികളോ കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളോ ഉണ്ടെങ്കില്‍ മാത്രം ഗ്രൂപ്പ് 'ഡി' ജീവനക്കാരെ ഓഫീസ് ഡ്യൂട്ടിക്ക് നിയോഗിച്ചാല്‍ മതിയാകും.

റെഡ്സോണ്‍ ജില്ലകള്‍/ ഹോട്ട്സ്പോട്ട് പ്രദേശങ്ങള്‍ എന്നിവയില്‍ ഉള്‍പ്പെടുന്നവ ആണെങ്കില്‍കൂടി സെക്രട്ടേറിയറ്റ്, കളക്ടറേറ്റുകള്‍, വകുപ്പ് മേധാവികളുടെ ഓഫീസുകള്‍ എന്നിവ മുകളില്‍ വിശദീകരിച്ചിരിക്കുന്ന പൊതു മാനദണ്ഡങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കണം.

പൊതുഗതാഗത സൗകര്യം ലഭ്യമല്ലാത്തതിനാല്‍ അതത് ജില്ലകളിലുള്ള ജീവനക്കാരെ ഉള്‍പ്പെടുത്തി ഡ്യൂട്ടി ചാര്‍ട്ട് തയാറാക്കാന്‍ ബന്ധപ്പെട്ട ഓഫീസര്‍മാര്‍ ശ്രദ്ധിക്കണം. അതത് ജില്ലകളിലുള്ള ജീവനക്കാരെ ലഭ്യമല്ലെങ്കില്‍ മാത്രം തൊട്ടടുത്ത ജില്ലയിലെ ജീവനക്കാരെ ഡ്യൂട്ടിക്കായി നിയോഗിക്കാം. ഓഫീസ് തിരിച്ചറിയല്‍ കാര്‍ഡും ഡ്യൂട്ടി ചാര്‍ട്ടിന്റെ ഉത്തരവും ഹാജരാക്കുന്ന പക്ഷം ഇപ്രകാരം ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ജീവനക്കാര്‍ക്ക് അന്തര്‍ജില്ലാ യാത്രാനുമതി നല്‍കുന്നതിന് പോലീസ് വകുപ്പ് ശ്രദ്ധിക്കണം.

ഭിന്നശേഷിക്കാര്‍, ഗുരുതര രോഗബാധിതര്‍, ഗര്‍ഭിണികള്‍, അഞ്ചു വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളുള്ള രക്ഷകര്‍ത്താക്കളായ ഉദ്യോഗസ്ഥര്‍ എന്നിവരെ ഡ്യൂട്ടിയില്‍ നിന്നും പരമാവധി ഒഴിവാക്കണം.

ഇ-ഫയല്‍ പ്രോസസ് ചെയ്യുന്ന എല്ലാ ജീവനക്കാരും ഐ.ടി വകുപ്പ്/ബന്ധപ്പെട്ട അധികാരികള്‍ വഴി വി.പി.എന്‍ കണക്ടിവിറ്റി നേടണം. ഇ-ഓഫീസ് വഴിയുള്ള ഫയല്‍ നീക്കം വകുപ്പ് തലവന്‍മാര്‍ പരിശോധിക്കണം. ഇതില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണം. ഓഫീസ് തലവന്‍മാര്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ബന്ധപ്പെട്ട ഡി.ഡി.ഒ മാര്‍ക്ക് ഏപ്രില്‍ 25 നകം നല്‍കണം.

മേല്‍പ്പറഞ്ഞ ക്രമീകരണങ്ങള്‍ അവശ്യ സേവനം നടത്തുന്ന വകുപ്പുകള്‍ക്ക് ബാധകമല്ല. ഈ ഓഫീസുകളിലെ ജീവനക്കാര്‍ എല്ലാ ദിവസവും ഓഫീസില്‍ ഹാജരാകണം. കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട ബ്രേക്ക് ദ ചെയിന്‍ പരിപാടിയുടെ നടപടിക്രമങ്ങള്‍ ജോലിയിടങ്ങളിലും പൊതുസ്ഥലങ്ങളിലും കര്‍ശനമായി പാലിക്കപ്പെടുന്നുവെന്ന് ഓഫീസ് മേധാവികള്‍ ഉറപ്പുവരുത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നു.