‘കതിര്’ കാർഷിക ക്ലബ്; സംസ്ഥാനതല മാസ്റ്റർ ട്രെയിനർമാരുടെ പരിശീലന പരിപാടി
കൃഷിവകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ‘കതിര്’ കാർഷിക ക്ലബ് പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ആനയറയിലെ സമേതിയിൽ സംസ്ഥാനതല മാസ്റ്റർ ട്രെയിനർമാരുടെ പരിശീലന പരിപാടി ആരംഭിച്ചു. കേരളത്തിന്റെ ആഭ്യന്തര കാർഷികോൽപാദനം വർധിപ്പിക്കുന്നതിനൊപ്പം കാർഷിക സംസ്കാരം പുതുതലമുറയിലേക്ക് പകരേണ്ടതും അനിവാര്യമാണെന്ന് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീൻ പറഞ്ഞു. വിദ്യാലയങ്ങളിൽ ഉൽപാദിപ്പിക്കുന്ന പച്ചക്കറികളും പഴവർഗങ്ങളും കുട്ടികൾക്ക് തന്നെ ഉപയോഗപ്പെടുത്താൻ കഴിയുന്ന സാഹചര്യം സൃഷ്ടിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പദ്ധതിക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പൂർണ പിന്തുണയും മന്ത്രി ഉറപ്പുനൽകി. കൃഷി മന്ത്രി ടി.സിദ്ദിഖ് അധ്യക്ഷത വഹിച്ചു. കൃഷിയിൽനിന്ന് അകന്നുപോകുന്ന പുതുതലമുറയെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുക, കുട്ടികളിലൂടെ കാർഷിക സംസ്കാരവും ഭക്ഷ്യോൽപാദനത്തിന്റെ പ്രാധാന്യവും കുടുംബങ്ങളിലേക്ക് എത്തിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. ‘കൃഷിയാണ് ലഹരി’ എന്ന സന്ദേശത്തിലൂടെ ലഹരിക്കെതിരായ സാമൂഹിക പ്രതിരോധത്തിൽ കാർഷിക പ്രവർത്തനങ്ങളെയും പങ്കാളികളാക്കുന്നു.
ഭക്ഷ്യസുരക്ഷ, പരിസ്ഥിതി സംരക്ഷണം, ജൈവവൈവിധ്യ പരിപാലനം, സുരക്ഷിതമായ ഭക്ഷ്യോൽപാദനം എന്നിവയ്ക്ക് കരുത്തുപകരുന്ന ജനകീയ മുന്നേറ്റമായി കതിര് പദ്ധതിയെ വളര്‍ത്തിയെടുക്കുകയുമാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

കതിര് മാർക്കറ്റ്, കതിര് സഞ്ചാരം, കതിര് ഗാനം, കതിര് കേഡറ്റ്സ് തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്തിരിക്കുന്നത്. കൃത്യതാ കൃഷി, ഹൈഡ്രോപോണിക്സ്, എയറോപോണിക്സ് തുടങ്ങിയ ആധുനിക കൃഷിരീതികൾ പരിചയപ്പെടുത്തുന്നതിലൂടെ കുറഞ്ഞ സ്ഥലത്തുപോലും കാര്യക്ഷമമായ ഉൽപാദനം സാധ്യമാക്കുന്ന സാങ്കേതികവിദ്യകളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് അറിവ് പകരാനാകും.

ഏഴ് ജില്ലകളില്‍ നിന്ന് തിരഞ്ഞെടുത്ത അധ്യാപകരും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും കൃഷി വകുപ്പ് ഡയറക്ടര്‍ അര്ജുന് പാണ്ഡ്യന്, വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ സിന്ധു എസ്., പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ആര്.എസ് ഷിബു തുടങ്ങിയവര്‍ പങ്കെടുത്തു.











