ശബരിമല; വെർച്വൽ ക്യൂ ബുക്കിങ്ങിനൊപ്പം കെഎസ്ആർടിസി യാത്രയും ബുക്ക് ചെയ്യാം
ശബരിമല വെർച്വൽ ക്യൂവിനോടൊപ്പം കെഎസ്ആർടിസി ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്യാം. ദർശനം ബുക്ക് ചെയ്യുമ്പോൾ ടിക്കറ്റെടുക്കാനുള്ള ലിങ്കും അതിനൊപ്പം നൽകും.40 പേരിൽ കുറയാത്ത സംഘത്തിന് 10 ദിവസം മുൻപ് സീറ്റ് ബുക്ക് ചെയ്യാനാകും. തീർത്ഥാടനത്തിന്റെ ആദ്യ ഘട്ടത്തിൽ 383 ബസും രണ്ടാം ഘട്ടത്തിൽ 550 ബസുകളുമാണ് ക്രമീകരിച്ചിരിക്കുന്നത്. ശബരിമല ഒരുക്കങ്ങളുടെ അവലോകനത്തിനായി പമ്പ ശ്രീരാമ സാകേതം ഹാളിൽ ഗതാഗതവകുപ്പ് മന്ത്രി ഗണേഷ് കുമാറിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. അര മിനുട്ട് ഇടവിട്ട് 200 ബസുകൾ നിലക്കൽ-പമ്പ സർവീസ് നടത്തും.
ത്രിവേണി യു ടേൺ, നിലക്കൽ സ്റ്റേഷനുകളിൽ ഭക്തജനങ്ങൽക്ക് ബസിൽ കയറാൻ പാർക്കിങ് സ്ഥലത്ത് തന്നെ ബാരിക്കേഡ് സ്ഥാപിക്കും. പമ്പ യു ടേൺ മുതൽ കെഎസ്ആർടിസി ബസ് സ്റ്റേഷൻ വരെ റോഡിന്റെ ഇരു വശങ്ങളിലും സ്വകാര്യ വാഹനങ്ങളുടെ നിയമവിരുദ്ധ പാർക്കിങ് നിരോധിക്കും. നിലയ്ക്കൽ ടോളിൽ ഫാസ്റ്റ് ടാഗ് സംവിധാനം ഏർപ്പെടുത്തും. ഓട്ടോമേറ്റഡ് വെഹിക്കിൾ കൗണ്ടിങ് സിസ്റ്റം, ഓട്ടോമേറ്റഡ് വെഹിക്കിൾ നമ്പർ പ്ലേറ്റ് ഡിറ്റക്ഷൻ സിസ്റ്റം എന്നിവ സജ്ജമാക്കും. ശബരിമലയിൽ എത്തുന്ന വാഹനങ്ങളുടെ കൃത്യമായ എണ്ണം ഇതോടെ ലഭ്യമാകും.