സമാശ്വാസം പദ്ധതിക്ക് 4.8 കോടി രൂപ അനുവദിച്ചു
സാമൂഹ്യ നീതി വകുപ്പിന് കീഴിലെ കേരള സാമൂഹ്യ സുരക്ഷാ മിഷൻ വഴി നടപ്പാക്കുന്ന 'സമാശ്വാസം' പദ്ധതിയുടെ 2026-27 സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് 4.80 കോടി രൂപ അനുവദിച്ചു. ഡയാലിസിസ് ചെയ്യുന്നവർ, വൃക്ക അല്ലെങ്കിൽ കരൾ മാറ്റിവെച്ചവർ, ഹീമോഫീലിയ, അരിവാൾ രോഗം തുടങ്ങിയവ ബാധിച്ച അർഹരായ 3640 ഗുണഭോക്താക്കൾക്ക് പദ്ധതി വഴി പ്രതിമാസ ധനസഹായം ലഭിക്കും.
വൃക്ക അല്ലെങ്കിൽ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായിട്ടുള്ള 360 പേർക്കും രക്തം കട്ടപിടിക്കാൻ ആവശ്യമായ ക്ലോട്ടിംഗ് ഫാക്ടറുകളുടെ കുറവുമൂലം ഹീമോഫീലിയയും അനുബന്ധ രോഗങ്ങളും ബാധിച്ച 1400 പേർക്കും 1000 രൂപ വീതം പ്രതിമാസം അനുവദിക്കുന്നതാണ് സമാശ്വാസം പദ്ധതി. വൃക്ക സംബന്ധമായ തകരാറ് സംഭവിച്ച് ഡയാലിസിസിന് വിധേയരാകുന്ന 1680 പേർക്ക് പ്രതിമാസം 1100 രൂപ നിരക്കിലും അരിവാൾ രോഗം ബാധിച്ച 200 രോഗികൾക്ക് പ്രതിമാസം 2000 രൂപ നിരക്കിലും 'സമാശ്വാസം' പദ്ധതിയിലൂടെ ധനസഹായം ലഭ്യമാകും.











