ബജറ്റ് പ്രഖ്യാപനങ്ങൾ വികസനപദ്ധതികളായി മാറ്റും: മുഖ്യമന്ത്രി

post

റീ ഇമാജിനിങ് കേരളം റൗണ്ട് ടേബിൾ കോൺഫറൻസിന് തുടക്കമായി


പുതുയുഗകേരളം കെട്ടിപ്പടുക്കാനുള്ള യാത്രയിൽ പ്രഖ്യാപനങ്ങളെ യാഥാർഥ്യമാക്കാനുളള സുപ്രധാന ചുവടുവയ്പാണ് റീ ഇമാജിനിങ് കേരളം റൗണ്ട് ടേബിൾ കോൺഫറൻസെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന റൗണ്ട് ടേബിൾ കോൺഫറൻസ് തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ബജറ്റിൽ പ്രഖ്യാപിച്ച സർക്കാരിന്റെ ഫ്ലാഗ്ഷിപ് വികസന പദ്ധതികൾ സമയബന്ധിതവും കാര്യക്ഷമവുമായി നടപ്പാക്കുന്നതിനായി രുപരേഖ തയ്യാറാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്. ആറ് മാസത്തിനകം ഈ പദ്ധതികൾക്ക് വ്യക്തമായ രൂപം നൽകും. രണ്ട് വർഷത്തിനകം പദ്ധതികളെ ട്രാക്കിലേക്കെത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


കേരള മോഡലിന്റെ പഴയ പ്രതാപത്തിൽ നിശ്ചലമായി കിടക്കുന്ന കേരളത്തെ പുതിയ കാലത്തിന്റെ വെല്ലുവിളികൾ നേരിടാൻ പ്രാപ്തമാക്കണം. റെമിറ്റൻസ് ഇക്കോണമിയെന്ന നിലയിൽ നിന്ന് കേരളത്തെ ഇൻവെസ്റ്റ്മെന്റ് ഇക്കോണമിയാക്കി മാറ്റും. കോടികളുടെ നിക്ഷേപം മാത്രമല്ല, ഒരു ലക്ഷം രൂപ മുതലുള്ള നിക്ഷേപങ്ങളും ആകർഷിക്കാനുള്ള പദ്ധതികളും പ്രോത്സാഹിപ്പിക്കാൻ സാധിക്കണം. കേരളത്തെ നിക്ഷേപസൗഹൃദമാക്കുന്നതിനായി 19 നിയമങ്ങൾ ഭേദഗതി ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.


എത്ര പദ്ധതികൾ പ്രഖ്യാപിച്ചുവെന്നതല്ല, അതിൽ എത്രയെണ്ണം ഗുണമേന്മയോടെ, സമയബന്ധിതമായി നടപ്പാക്കി എന്നതാണ് പ്രധാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ വകുപ്പുകളും കേന്ദ്രപദ്ധതികളിൽ നിന്ന് ഫണ്ട് സ്വീകരിച്ചിട്ടില്ലെന്ന് പരിശോധനയിൽ വ്യക്തമായെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിന് മാറ്റം വരുത്തി എല്ലാ കേന്ദ്രപദ്ധതികളിൽ നിന്നും അർഹമായ വിഹിതം വാങ്ങിയെടുക്കാൻ ശ്രദ്ധ ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. പരമ്പരാഗത മാതൃകയിൽ നിന്ന് മാറി ആസൂത്രണ ബോർഡിന്റേതടക്കം പ്രവർത്തനങ്ങൾ ക്രമീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


സംസ്ഥാനത്തെ എല്ലാ മേഖലകളിലേക്കും നിക്ഷേപം ആകർഷിക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കുക എന്നതാണ് റൗണ്ട് ടേബിൾ കോൺഫറൻസിന്റെ പ്രധാന ഉദ്ദേശ്യലക്ഷ്യമെന്ന് മുഖ്യപ്രഭാഷണം നടത്തിയ വ്യവസായ, ഐ ടി, എ ഐ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.


16 വകുപ്പുകളുടെ 35 പദ്ധതികളെ ആറ് ക്ലസ്റ്ററുകളായി തിരിച്ചാണ് ചർച്ചകൾ. 31 സെഷനുകളിലായി നടത്തുന്ന ചർച്ചകളിൽ ഓരോ മേഖലയിലെയും നയവിദഗ്ധർ, ഗവേഷണ സ്ഥാപനങ്ങൾ, അക്കാദമിക സ്ഥാപനങ്ങൾ, സാങ്കേതിക സ്ഥാപനങ്ങൾ, നിക്ഷേപകർ, ധനകാര്യ സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, പ്രവാസികൾ തുടങ്ങിയവർ പങ്കെടുക്കും. പദ്ധതികളുടെ നിർവഹണം, ആസൂത്രണം, വകുപ്പുതല ഏകോപനം എന്നിവ വിശദമായി പരിശോധിക്കും. ഓരോ പദ്ധതിയും എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്നത് സംബന്ധിച്ച് എല്ലാവരുടെയും അഭിപ്രായങ്ങൾ ക്രോഡീകരിച്ച് പദ്ധതി രൂപരേഖ തയ്യാറാക്കും. ഹൈബ്രിഡ് മാതൃകയിലാണ് സെഷനുകൾ സംഘടിപ്പിക്കുന്നത്. തെക്കൻ കേരളം സാമ്പത്തിക ഇടനാഴി, മിഷൻ സമുദ്ര, ഇൻവെസ്റ്റ് കേരളം, ആഗോള സ്വർണ ഹബ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ദുരന്ത അതിജീവന പദ്ധതി, സിൽവർ ഇക്കോണമി, ഏവിയേഷൻ ഹബ്, ഗ്ലോബൽ വാച്ച് ടവർ, എംഎസ്എംഇ വളർച്ചാ സ്‌കീം, പ്രവാസി പങ്കാളിത്തം, നോളഡ്ജ് വാലി, വയനാട് ട്രൈബൽ സർവകലാശാല, ജെ സി ഡാനിയേൽ ഫിലിം സിറ്റി, എം. ടി. വാസുദേവൻ നായർ സാംസ്‌കാരിക പാർക്ക് തുടങ്ങിയ വിഷയങ്ങളിലാണ് ചർച്ചകൾ.


വ്യവസായ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് ചടങ്ങിന് സ്വാഗതം ആശംസിച്ചു. ചടങ്ങിൽ മന്ത്രിമാരായ പി സി വിഷ്ണുനാഥ്, പി കെ ബഷീർ, എൻ ഷംസുദ്ദീൻ, ബിന്ദു കൃഷ്ണ, എം ലിജു, റോജി എം ജോൺ, ഒ ജെ ജനീഷ്, എം എൽ എ മാർ, സംസ്ഥാന ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ കെ എം ചന്ദ്രശേഖർ, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, ആസൂത്രണ ബോർഡ് അംഗങ്ങൾ, വ്യവസായ പ്രമുഖർ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുത്തു.