സംസ്ഥാനത്തെ വൃദ്ധസദനങ്ങൾ ഇനി ‘സ്നേഹാലയം’ എന്ന പേരിൽ അറിയപ്പെടും: സർക്കാർ നിർദേശം നൽകി
സംസ്ഥാനത്ത് സർക്കാർ, സ്വകാര്യ മാനേജ്‌മെന്റുകൾക്ക് കീഴിൽ പ്രവർത്തിക്കുന്ന മുഴുവൻ വൃദ്ധസദനങ്ങളുടെയും പേര് ‘സ്നേഹാലയം’ എന്ന് പുനർനാമകരണം ചെയ്യാൻ സർക്കാർ നിർദേശം നൽകി. നെയിം ബോർഡുകൾ, ഔദ്യോഗിക രേഖകൾ, വെബ്‌സൈറ്റുകൾ, പ്രസിദ്ധീകരണങ്ങൾ തുടങ്ങി പൊതുപ്രയോഗത്തിലുള്ള എല്ലാ ഇടങ്ങളിലും ‘വൃദ്ധസദനം’ എന്നതിന് പകരം ‘സ്നേഹാലയം’ എന്ന് മാത്രം ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് നിർദേശം.

തിരുവനന്തപുരം പൂജപ്പുരയിൽ സാമൂഹ്യനീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്നേഹാലയം സന്ദർശിക്കവേയാണ് മന്ത്രി വി.ഇ. അബ്ദുൾ ഗഫൂർ ഉന്നതതല തീരുമാനം അറിയിച്ചത്. വയോജന സംരക്ഷണ കേന്ദ്രങ്ങൾ വെറും അഭയകേന്ദ്രങ്ങളല്ലെന്നും, സ്നേഹവും കരുതലും സുരക്ഷയും സന്തോഷവും നിറയുന്ന ഇടങ്ങളാകണം അവയെന്നും മന്ത്രി ചടങ്ങിൽ വ്യക്തമാക്കി. നേരത്തെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ഇതുസംബന്ധിച്ച നിർദേശം നൽകിയിരുന്നു.

ഓരോ വയോജനത്തിനും ആത്മാഭിമാനത്തോടെയും സ്നേഹത്തോടും പരിചരണത്തോടും കൂടി ജീവിക്കാനുള്ള അന്തരീക്ഷമൊരുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ചടങ്ങിന്റെ ഭാഗമായി കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് (KSIE) നൽകിയ ടെലിവിഷൻ സ്നേഹാലയത്തിലെ അന്തേവാസികൾക്ക് കൈമാറി. വയോജനങ്ങളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള വിവിധ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ സർക്കാരിന്റെ നേതൃത്വത്തിൽ നടന്നുവരികയാണ്.











