നിയമവിദ്യാഭ്യാസം പുതിയ സാങ്കേതികവിദ്യകൾക്കൊപ്പം മാറണം: മുഖ്യമന്ത്രി വി.ഡി. സതീശൻ

post

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അതിവേഗ വളർച്ചയ്ക്കൊപ്പം ഉയർന്നുവരുന്ന പുതിയ നിയമപ്രശ്‌നങ്ങളെ അഭിമുഖീകരിക്കാൻ പുതിയ തലമുറയിലെ നിയമവിദഗ്ധർ തയാറാകണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സാങ്കേതികവിദ്യ എത്രമാത്രം വികസിച്ചാലും അതിനൊപ്പം പുതിയ നിയമസാധ്യതകളും വെല്ലുവിളികളും ഉയർന്നുവരും. അവ തിരിച്ചറിയാനും നിയമപരമായി കൈകാര്യം ചെയ്യാനും കഴിയുന്ന തരത്തിൽ നിയമവിദ്യാഭ്യാസം കാലാനുസൃതമായി മാറണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിലെ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.


ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ബയോടെക്‌നോളജി തുടങ്ങിയ മേഖലകളിലെ വളർച്ച നിയമരംഗത്തും വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുകയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉപയോഗം വർധിച്ചതോടെ പകർപ്പവകാശം, ബൗദ്ധിക സ്വത്തവകാശം തുടങ്ങിയ മേഖലകളിൽ പുതിയ നിയമപ്രശ്‌നങ്ങൾ ഉയർന്നുവരുന്നുണ്ട്. സിനിമാ മേഖലയിലെ പൈറസിയുൾപ്പെടെയുള്ള വിഷയങ്ങളിലും സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട നിയമപരമായ വെല്ലുവിളികൾ വർധിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


നിയമം ഒരു 'ലിവിംഗ് ലോ' ആണ്. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ നിയമങ്ങളിലും ചട്ടങ്ങളിലും ഉണ്ടാകണം. ഭരണഘടനയിലും നിരവധി ഭേദഗതികൾ ഉണ്ടായിട്ടുണ്ട്. മാറുന്ന സാമൂഹിക,സാമ്പത്തിക സാഹചര്യങ്ങൾക്ക് അനുസരിച്ച് കാലഹരണപ്പെട്ട നിയമങ്ങൾ പരിഷ്‌കരിക്കുകയും പുതിയ നിയമനിർമാണങ്ങൾ നടത്തുകയും ചെയ്യേണ്ടത് അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


നിയമവിദ്യാർത്ഥികൾക്ക് ശക്തമായ ഭരണഘടനാപരമായ ബോധം ഉണ്ടായിരിക്കണമെന്നും സംസാരിക്കുമ്പോഴും ചിന്തിക്കുമ്പോഴും പ്രവർത്തിക്കുമ്പോഴും നിയമപരവും ഭരണഘടനാപരവുമായ ചട്ടക്കൂട് മനസിൽ സൂക്ഷിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിന്റെ പാരമ്പര്യവും പ്രമുഖ പൂർവവിദ്യാർത്ഥികളെയും അനുസ്മരിച്ച മുഖ്യമന്ത്രി, താനും ഈ കലാലയത്തിലെ വിദ്യാർത്ഥിയായിരുന്നതിൽ അഭിമാനിക്കുന്നുവെന്നും പറഞ്ഞു.


സാധാരണക്കാരന് നീതി എന്നത് ഭരണഘടനാപരമായ അവകാശമാണെന്നും അത് വേഗത്തിൽ ഉറപ്പാക്കാൻ പുതിയ തലമുറയിലെ അഭിഭാഷകരും നിയമവിദഗ്ധരും മികച്ച രീതിയിലുള്ള പ്രവർത്തനങ്ങൾ കാഴ്ചവെക്കണമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ പറഞ്ഞു.