കേരളത്തിന് അഭിമാനമായി പെരിയാർ കന്നുകാലിക്ക് ദേശീയ അംഗീകാരം

post

കേരളത്തിന്റെ തനത് കന്നുകാലി സമ്പത്തും ജനിതക പൈതൃകവും സംരക്ഷിക്കുന്നതിൽ സംസ്ഥാന സർക്കാരിന്റെ മികവിന് അം​ഗീകാരമായി പെരിയാർ പശുവിന് ദേശീയ അംഗീകാരം.വെച്ചൂർ പശുവിന് അംഗീകാരം ലഭിച്ച് 30 വർഷത്തിന് ശേഷമാണ് കേരളത്തിൽ നിന്നുള്ള മറ്റൊരു തനത് ഇനമായ 'പെരിയാർ കന്നുകാലി' ദേശീയതലത്തിൽ അം​ഗീകാരം ലഭിക്കുന്നത്. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെയും (ICAR) നാഷണൽ ബ്യൂറോ ഓഫ് അനിമൽ ജനറ്റിക് റിസോഴ്‌സസിന്റെയും (NBAGR) ബ്രീഡ് രജിസ്ട്രേഷൻ കമ്മിറ്റിയുടെ 14-ാം യോഗത്തിലാണ് പെരിയാർ പശുവിനെ ഔദ്യോഗികമായി അംഗീകരിച്ചത്.


കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാല (KVASU)യുടെയും മൃഗസംരക്ഷണ വകുപ്പിന്റെയും ശാസ്ത്രീയ പഠനങ്ങൾക്കൊപ്പം, എറണാകുളം-തൃശൂർ ജില്ലകളിലെ കൂവപ്പടി, അങ്കമാലി, കോതമംഗലം, മാളക്കുടി മേഖലകളിലെ കർഷകരും തോട്ടം തൊഴിലാളികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും തലമുറകളായി നടത്തിയ പരിചരണവും സംരക്ഷണവുമാണ് ഈ നേട്ടത്തിന് അടിത്തറ ആയിരിക്കുന്നത്.


പ്രദേശത്തെ കർഷകരും തോട്ടം തൊഴിലാളികളും തലമുറകളായി പരംപരാഗതമായി പരിപാലിച്ചുപോന്ന ഈ വിശിഷ്ട ഇനത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ സാങ്കേതിക പിന്തുണ നൽകാൻ മൃ​ഗസംരക്ഷണ വകുപ്പ് പ്രത്യേകം ശ്രദ്ധചെലുത്തി. നമ്മുടെ തനത് ജനിതക സമ്പത്ത് വീണ്ടെടുക്കുന്നതിനും പ്രാദേശിക കർഷകരുടെ ഉന്നമനത്തിനുമായി സംസ്ഥാന സർക്കാർ മൃഗസംരക്ഷണ മേഖലയിൽ നടപ്പിലാക്കുന്ന മികച്ച പ്രവർത്തനങ്ങൾക്ക് ലഭിക്കുന്ന അംഗീകാരമാണ് ഈ നേട്ടം.