കേരളത്തിന് അഭിമാനമായി പെരിയാർ കന്നുകാലിക്ക് ദേശീയ അംഗീകാരം
കേരളത്തിന്റെ തനത് കന്നുകാലി സമ്പത്തും ജനിതക പൈതൃകവും സംരക്ഷിക്കുന്നതിൽ സംസ്ഥാന സർക്കാരിന്റെ മികവിന് അംഗീകാരമായി പെരിയാർ പശുവിന് ദേശീയ അംഗീകാരം.വെച്ചൂർ പശുവിന് അംഗീകാരം ലഭിച്ച് 30 വർഷത്തിന് ശേഷമാണ് കേരളത്തിൽ നിന്നുള്ള മറ്റൊരു തനത് ഇനമായ 'പെരിയാർ കന്നുകാലി' ദേശീയതലത്തിൽ അംഗീകാരം ലഭിക്കുന്നത്. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെയും (ICAR) നാഷണൽ ബ്യൂറോ ഓഫ് അനിമൽ ജനറ്റിക് റിസോഴ്സസിന്റെയും (NBAGR) ബ്രീഡ് രജിസ്ട്രേഷൻ കമ്മിറ്റിയുടെ 14-ാം യോഗത്തിലാണ് പെരിയാർ പശുവിനെ ഔദ്യോഗികമായി അംഗീകരിച്ചത്.
കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാല (KVASU)യുടെയും മൃഗസംരക്ഷണ വകുപ്പിന്റെയും ശാസ്ത്രീയ പഠനങ്ങൾക്കൊപ്പം, എറണാകുളം-തൃശൂർ ജില്ലകളിലെ കൂവപ്പടി, അങ്കമാലി, കോതമംഗലം, മാളക്കുടി മേഖലകളിലെ കർഷകരും തോട്ടം തൊഴിലാളികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും തലമുറകളായി നടത്തിയ പരിചരണവും സംരക്ഷണവുമാണ് ഈ നേട്ടത്തിന് അടിത്തറ ആയിരിക്കുന്നത്.
പ്രദേശത്തെ കർഷകരും തോട്ടം തൊഴിലാളികളും തലമുറകളായി പരംപരാഗതമായി പരിപാലിച്ചുപോന്ന ഈ വിശിഷ്ട ഇനത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ സാങ്കേതിക പിന്തുണ നൽകാൻ മൃഗസംരക്ഷണ വകുപ്പ് പ്രത്യേകം ശ്രദ്ധചെലുത്തി. നമ്മുടെ തനത് ജനിതക സമ്പത്ത് വീണ്ടെടുക്കുന്നതിനും പ്രാദേശിക കർഷകരുടെ ഉന്നമനത്തിനുമായി സംസ്ഥാന സർക്കാർ മൃഗസംരക്ഷണ മേഖലയിൽ നടപ്പിലാക്കുന്ന മികച്ച പ്രവർത്തനങ്ങൾക്ക് ലഭിക്കുന്ന അംഗീകാരമാണ് ഈ നേട്ടം.











