കോവിഡിന്റെ പശ്ചാത്തലത്തില്‍ കാര്‍ഷിക മേഖലയില്‍ സമഗ്രമായ ഭാവി തന്ത്രം ആവിഷ്‌കരിക്കണം: മുഖ്യമന്ത്രി

post

തിരുവനന്തപുരം : കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കാര്‍ഷിക മേഖലയില്‍ സമഗ്രമായ ഭാവി തന്ത്രം ആവിഷ്‌കരിക്കണമെന്നും എല്ലാവരും അതുമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോവിഡിന്റെ പ്രത്യാഘാതം നേരിടാനുളള കരുതല്‍ നടപടികളിലേക്ക് കേരളം ഇപ്പോള്‍ തന്നെ കടക്കണം. ഇപ്പോള്‍ കേരളത്തിന്റെ ഭക്ഷ്യസ്ഥിതി ഭദ്രമാണ്. ചരക്ക് നീക്കവും നടക്കുന്നുണ്ട്. എന്നാല്‍ രാജ്യത്തെ മറ്റു ഭാഗങ്ങളില്‍ രോഗം എങ്ങനെ ബാധിക്കുന്നു എന്നതനുസരിച്ചാണ് കേരളത്തിന്റെ ഭക്ഷ്യസ്ഥിതി ഇരിക്കുന്നത്. ഈ സാഹചര്യത്തില്‍ കാര്‍ഷിക മേഖലയില്‍ വലിയ ഇടപെടല്‍ പ്രധാനമാണ്.

എല്ലാ ഭൂമിയും കൃഷിക്കായി ഉപയോഗിക്കും. ഒരു തദ്ദേശസ്ഥാപന അതിര്‍ത്തിയിലും ഭൂമി തരിശിടില്ല. തരിശ് ഭൂമികളില്‍ ഉടമകള്‍ തന്നെ കൃഷിയിറക്കുകയോ തദ്ദേശസ്ഥാപനങ്ങള്‍ അവരുമായി സംസാരിച്ച് കൃഷി ഇറക്കുന്നതിനുള്ള സംവിധാനം ഒരുക്കുകയോ വേണം. കൃഷി വകുപ്പും തദ്ദേശസ്ഥാപന വകുപ്പും സഹകരിച്ച് വിപുലമായ പദ്ധതി ആവിഷ്‌കരിക്കും. കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ വിളവ് ഉത്പാദിപ്പിക്കാനാണ് ശ്രമിക്കേണ്ടത്.

നെല്‍ക്കൃഷി നല്ല രീതിയില്‍ അഭിവൃദ്ധിപ്പെടുത്തണം. രണ്ടു വര്‍ഷത്തിനുള്ളില്‍ 25000 ഹെക്ടര്‍ സ്ഥലത്ത് നെല്‍ക്കൃഷി വ്യാപിപ്പിക്കണം. ക്ഷാമത്തെ നേരിടേണ്ടി വന്നാല്‍ നെല്‍ക്കൃഷി മാത്രം പോര. മറ്റു ധാന്യങ്ങളും പയര്‍വര്‍ഗങ്ങളും ഫലവര്‍ഗങ്ങളും പച്ചക്കറി കൃഷിയും വേണം. പച്ചക്കറി കൃഷിയില്‍ സ്വയംപര്യാപ്തമാവണം. കൃഷിയിലേക്ക് യുവജനങ്ങള്‍ ഉള്‍പ്പെടെ കൂടുതല്‍ പേര്‍ കടന്നു വരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍, ആരോഗ്യ മന്ത്രി കെ. കെ. ശൈലജ, കൃഷി മന്ത്രി വി. എസ്. സുനില്‍കുമാര്‍, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.