തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചരണം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി സതീശൻ

post

ലൈഫ് ഭവന പദ്ധതിയിൽ വീട് ലഭിക്കാത്തവരുടെ പരാതികൾ പരിഹരിക്കുമെന്നും പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് പ്രത്യേക ഭവന പദ്ധതിയുണ്ടാകുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. ഭൂരഹിതരെയും ഭവനരഹിതരെയും ചേർത്തുപിടിക്കുന്ന സർക്കാരായിരിക്കും ഇതെന്നും ഈ സർക്കാരിന്റെ കാലത്ത് പട്ടിക വിഭാഗ വിദ്യാർത്ഥികളുടെ ഇ ഗ്രാന്റുകൾ മുടക്കരുതെന്ന് ധനകാര്യ വകുപ്പിന് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊച്ചിയിൽ പട്ടികവർഗ്ഗ വികസന വകുപ്പ് സംഘടിപ്പിച്ച തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.


ലോകത്താകെ 46 കോടിയിലധികം തദ്ദേശ ജനവിഭാഗമുണ്ട്. മൊത്തം ലോക ജനസംഖ്യയുടെ ആറു ശതമാനത്തോളം വരും ഇത്. അവർക്ക് അവരുടേതായ സംസ്കാരവും ജീവിതരീതികളും കലകളും ആരോഗ്യസംവിധാനങ്ങളുമുണ്ട്. അവരുടെ പ്രാചീനമായ അറിവുകളെ ക്രോഡീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യണമെന്ന് ലോകത്തെമ്പാടും ചർച്ച ചെയ്യപ്പെടുകയാണ്. പാരമ്പര്യ മരുന്നുകളെക്കുറിച്ചുള്ള തദ്ദേശ ജനതയുടെ അറിവുകൾ സംരക്ഷിക്കുന്ന കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ടെന്നും ജൈവ വൈവിധ്യം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏതു പുതിയ കാര്യത്തിലും പ്രാചീനമായ അറിവുകൾ സംയോജിപ്പിക്കണം. പരമ്പരാഗത അറിവുകളെ മുഴുവൻ സംരക്ഷിക്കണം. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ഉന്നമന കാര്യത്തിൽ കേരള സർക്കാരിന് മുൻഗണനയുണ്ടെന്നും ബജറ്റിൽ ഈ വിഭാഗത്തിനായി നീക്കിവെച്ച ഒരു രൂപ പോലും മറ്റുകാര്യങ്ങൾക്കായി വിനിയോഗിക്കുകയില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.


ഗോത്ര വർഗ്ഗമേഖലയിലെ ആരോഗ്യ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ഉണ്ടാകും. ഇതിനായി പട്ടികവർഗ്ഗ വികസന വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി പ്രവർത്തനങ്ങൾ രൂപപ്പെടുത്താൻ പദ്ധതി നടപ്പിലാക്കും. പ്രൊഫഷണൽ കോഴ്സ് വിദ്യാർത്ഥികൾക്ക് പഠന കാര്യങ്ങളിൽ മികച്ച പിന്തുണ നൽകി കൂടുതൽ ധനസഹായങ്ങൾ അനുവദിക്കുന്ന കാര്യം പരിഗണനയിൽ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.


പട്ടികവർഗ്ഗ വികസന വകുപ്പ് നൽകിവരുന്ന വിവിധ സേവനങ്ങൾ കൂടുതൽ സുതാര്യവും സമയബന്ധിതവുമാക്കുന്നതിന് തയ്യാറാക്കിയ സർവീസ് പോർട്ടലിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ചടങ്ങിൽ നിർവഹിച്ചു.


പട്ടികവർഗ്ഗ മേഖലകളിൽ സുരക്ഷിത ജനനവും അതിജീവനവും ഉറപ്പാക്കി എല്ലാവരെയും ചേർത്തുപിടിച്ച് അവർക്ക് താങ്ങും തണലും ആവുന്ന കർമ്മപരിപാടികളുമായി സർക്കാർ മുന്നോട്ടു പോവുകയാണെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച പട്ടികജാതി, പട്ടികവർഗ്ഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ എ തുളസി പറഞ്ഞു.


കഴിഞ്ഞ മൂന്നു വർഷത്തെ കുടിശികകൾ ഈ സർക്കാർ കൊടുത്തു തീർത്തു കൊണ്ടിരിക്കുകയാണ്. പട്ടിക വിഭാഗ വിദ്യാർത്ഥികളുടെ പഠനകാലത്തിൽ അവർക്ക് ലഭിക്കേണ്ട ഗ്രാന്റുകൾ കൃത്യസമയത്ത് ലഭിക്കുന്ന കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് മുഖ്യമന്ത്രി തന്നെ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സർക്കാരിന്റെ നൂറുദിന കർമ്മപരിപാടികളിൽ ഉൾപ്പെടുത്തിയ എട്ടോളം പദ്ധതികളിൽ പ്രധാനപ്പെട്ട ഒന്നാണ് സർവീസ് പോർട്ടൽ എന്നും പട്ടികവർഗ്ഗ മേഖലകളിലെ ആളുകൾക്ക് നൽകുന്ന സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാൻ ഉപകരിക്കുന്നതാണ് ഇതെന്നും മന്ത്രി പറഞ്ഞു.


ഊര് മൂപ്പന്മാരെയും വംശീയ വൈദ്യന്മാരെയും മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു. പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടർ ഡോക്ടർ മിഥുൻ പ്രേംരാജ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹൈബി ഈഡൻ എംപി, ടി ജെ വിനോദ് എംഎൽഎ, കൊച്ചി മേയർ അഡ്വ. വി കെ മിനിമോൾ, ദീപക് ജോയ് എംഎൽഎ ഡെപ്യൂട്ടി മേയർ സുധീർ, സംസ്ഥാന പട്ടികവർഗ്ഗ ഉപദേശക സമിതി അംഗം ഇന്ദിരക്കുട്ടി രാജു, പട്ടികവർഗ്ഗ വികസന വകുപ്പ് ജോയിന്റ് ഡയറക്ടർ ശ്രീരേഖ കെ എസ് തുടങ്ങിയവർ സംസാരിച്ചു.