കെഎസ്ആർടിസിയിൽ ഡിജിറ്റൽ യുഗം: എഐ വാട്‌സ്ആപ്പ് ടിക്കറ്റിങ്, 24 മണിക്കൂർ കസ്റ്റമർ കെയർ, നവീകരിച്ച കൊറിയർ സേവനങ്ങൾ നിലവിൽ വന്നു

post

കെഎസ്ആർടിസി സേവനങ്ങൾ കൂടുതൽ കാര്യക്ഷമവും ജനകീയവുമാക്കുന്നതിന്റെ ഭാഗമായി എഐ (AI) അധിഷ്ഠിത വാട്‌സ്ആപ്പ് ടിക്കറ്റിങ് സംവിധാനം, 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾഫ്രീ കസ്റ്റമർ കെയർ, നവീകരിച്ച കൊറിയർ സംവിധാനം എന്നിവ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ നടന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോൺ ഈ മൂന്ന് പ്രവൃത്തികളുടെയും സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചു. ആധുനിക എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കെഎസ്ആർടിസിയെ പുതിയ യുഗത്തിലേക്ക് നയിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.


എഐ (AI) അധിഷ്ഠിത വാട്‌സ്ആപ്പ് ടിക്കറ്റിങ് സംവിധാനം

യാത്രക്കാർക്ക് ക്യൂവിൽ നിൽക്കാതെയും സങ്കീർണ്ണമായ വെബ്‌സൈറ്റുകൾ ഉപയോഗിക്കാതെയും മൊബൈൽ ഫോണിലെ വാട്‌സ്ആപ്പ് വഴി വേഗത്തിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. വാട്‌സ്ആപ്പ് ബുക്കിംഗ് നമ്പർ: 9447071021


24 മണിക്കൂർ ടോൾഫ്രീ കസ്റ്റമർ കെയർ

കെഎസ്ആർടിസി സർവീസുകളെക്കുറിച്ചും സമയക്രമങ്ങളെക്കുറിച്ചുമുള്ള സംശയങ്ങൾക്കും പരാതികൾക്കും വേഗത്തിൽ മറുപടി ലഭ്യമാക്കാൻ സജ്ജമാക്കിയ സംവിധാനം.

ടോൾ ഫ്രീ നമ്പർ: 149


നവീകരിച്ച കൊറിയർ സംവിധാനം

സുരക്ഷിതവും സമയബന്ധിതവുമായി പാർസലുകളും കൊറിയറുകളും എത്തിക്കുന്നതിനായി കെഎസ്ആർടിസിയുടെ ലോജിസ്റ്റിക്സ് ശൃംഖല കൂടുതൽ വിപുലീകരിച്ച് നവീകരിച്ചു.


സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ധനകാര്യ വകുപ്പിന്റെ പിന്തുണയോടെ ഒന്നാം തീയതി തന്നെ ശമ്പളവും പെൻഷനും വിതരണം ചെയ്യുന്ന രീതി തുടരുകയാണ്. ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ മാസവും മികച്ച ഡ്രൈവർ, കണ്ടക്ടർ എന്നിവരെ തെരഞ്ഞെടുത്ത് ഡിപ്പോകളിൽ പ്രദർശിപ്പിക്കും. മികച്ച പ്രവർത്തനം കാഴ്ചവച്ച ജീവനക്കാർക്കും യൂണിറ്റുകൾക്കുമുള്ള സംസ്ഥാനതല അവാർഡുകൾ മന്ത്രി വിതരണം ചെയ്തു.


എം.എൽ.എ.മാരുടെ നേതൃത്വത്തിൽ 'ട്രാൻസ്‌പോർട്ട് ഡെവലപ്‌മെന്റ് കമ്മിറ്റികൾ' രൂപീകരിച്ച് കെഎസ്ആർടിസിയിൽ കൂടുതൽ വികസന പരിഷ്‌കാരങ്ങൾ നടപ്പാക്കും. സ്ത്രീകൾക്കായുള്ള 'പ്രിയദർശിനി' പദ്ധതി കൂടുതൽ ജനകീയമായി മുന്നേറുകയാണ്.


ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ 'ജനങ്ങളൊപ്പം നാടിന്റെ നന്മകൾക്കൊപ്പം' എന്ന പുസ്തകത്തിന്റെ പ്രകാശനവും നടന്നു. കെഎസ്ആർടിസി സി.എം.ഡി. ഡോ. പ്രമോജ് ശങ്കർ, വാർഡ് കൗൺസിലർ കെ. ആർ. ക്ലീറ്റസ്, കെഎസ്ആർടിസി ചീഫ് അക്കൗണ്ട്‌സ് ഓഫീസർ അജിത് കുമാർ തുടങ്ങിയ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.