ഹൈസ്‌കൂളുകളിൽ 'എറൈസ് ഹബ്ബുകൾ' ലക്ഷ്യമിട്ട് കൈറ്റ് ARISE

post

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്താനുള്ള സർക്കാരിന്റെ 100 ദിന പരിപാടിയിൽ ഉൾപ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ് 'എറൈസ്' (ARISE - AI & Robotics Initiative for School Education) പദ്ധതിക്ക് തുടക്കം കുറിച്ചു. കൈറ്റിന്റെ (KITE) നേതൃത്വത്തിൽ ഹൈസ്‌കൂളുകളിൽ അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ സജ്ജമാക്കി 'എറൈസ് ഹബ്ബുകൾ' സ്ഥാപിക്കുകകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന 16 പ്രധാന പദ്ധതികളിൽ ഐ.ടി. സാങ്കേതികവിദ്യയ്ക്ക് പ്രാധാന്യം നൽകി കൈറ്റ് ഹൈസ്‌കൂളുകളിൽ നടപ്പാക്കുന്ന നാല് പ്രധാന പദ്ധതികളിലൊന്നാണ് എറൈസ്.


എറൈസ് പദ്ധതിയിലൂടെ ഹൈസ്‌കൂളുകളിൽ സജ്ജമാക്കുന്ന അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ, മൈക്രോകൺട്രോളർ ബോർഡുകൾ, വിവിധ തരം സെൻസറുകൾ, മോട്ടോറുകൾ എന്നിവ പ്രയോജനപ്പെടുത്തി കുട്ടികൾക്ക് ആധുനിക സാങ്കേതികവിദ്യയിൽ പ്രായോഗിക പരിശീലനം നൽകും. കാഴ്ചപരിമിതർക്കുള്ള സ്മാർട്ട് വാക്കിംഗ് സ്റ്റിക്ക്, പാചകവാതക ചോർച്ച അറിയാനുള്ള ഗ്യാസ് ഡിറ്റക്ടർ, ഫെയ്‌സ് റെക്കഗ്‌നിഷൻ സംവിധാനമുള്ള എ.ഐ. സ്മാർട്ട് ഡോർ ലോക്കുകൾ തുടങ്ങിയ നൂതന ഉപകരണങ്ങളുടെ പ്രോട്ടോടൈപ്പുകൾ സ്വയം നിർമ്മിക്കാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പദ്ധതിയുടെ മാർഗ്ഗരേഖ ഹൈസ്‌കൂൾ പ്രഥമാധ്യപകരുടെ ഏകദിനശില്പശാല ഓൺലൈനായി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദീൻ തിരുവനന്തപുരത്ത് പ്രകാശനം ചെയ്തു. ശില്പശാലയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ഡോ. ഡി.സജിത് ബാബു ഐ.എ.എസ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്‌നേഹിൽകുമാർ സിങ്ങ് ഐ.എ.എസ്, കൈറ്റ് സി.ഇ.ഒ കെ. അൻവർസാദത്ത് തുടങ്ങിയവർ പങ്കെടുത്തു.


എറൈസിനെ കൂടാതെ, പ്രൈമറി വിഭാഗം ഉൾപ്പെടെയുള്ള വിദ്യാർത്ഥികളുടെ സ്വയം പഠനത്തിനും ഡിജിറ്റൽ ഡിവൈഡ് (Digital Divide) പൂർണ്ണമായി ഇല്ലാതാക്കുന്നതിനുമായി സ്‌കൂളുകളിൽ സജ്ജമാക്കുന്ന ഡിജിറ്റൽ പഠന സൗകര്യമായ ഡിജിറ്റൽ സ്‌ക്വയർ പദ്ധതിയും ,

കുട്ടികളുടെ അക്കാദമിക ശേഷിയും പുരോഗതിയും കൃത്യമായി ട്രാക്ക് ചെയ്യാനും, വിവരങ്ങൾ രക്ഷിതാക്കളിലേക്ക് എത്തിക്കാനും, പഠനത്തിൽ പിന്നാക്കം പോകുന്ന കുട്ടികൾക്ക് തിരുത്തൽ ബോധനം ഉറപ്പാക്കാനുമുള്ള അക്കാദമിക മോണിറ്ററിംഗ് പ്ലാറ്റ്‌ഫോമായ

താരാപഥം, സ്‌കൂളുകളുടെ വിവരങ്ങളും മികവുകളും സമയബന്ധിതമായി പങ്കുവെക്കുന്നതിന് വിക്കിപീഡിയ മാതൃകയിൽ സജ്ജമാക്കിയ 'സ്‌കൂൾ വിക്കി' അപ്ഡേഷൻ ക്യാമ്പയിൻ സ്‌കൂൾ വിക്കിത്തോണും കൈറ്റ് ഹൈസ്കൂളുകളിൽ നടപ്പാക്കുന്നുണ്ട്. ഡിജിറ്റൽ യുഗത്തിൽ കുട്ടികളുടെയും സ്‌കൂളുകളുടെയും സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗം ഉറപ്പാക്കുന്നതിനുള്ള സുരക്ഷാ മാർഗ്ഗരേഖ സൈബർ സുരക്ഷാ പ്രൊട്ടോക്കോൾ 2026 ഉം സ്കൂളുകളിൽ പ്രാബല്യത്തിൽ വരും.