പട്ടയവിതരണവും സ്മാർട്ട് വില്ലേജ് നിർമ്മാണവും വേഗത്തിലാക്കാൻ നിർദ്ദേശം നൽകി മന്ത്രി

post

റവന്യൂ വകുപ്പിലെ കെട്ടിക്കിടക്കുന്ന ഫയലുകൾ ഉടൻ തീർപ്പാക്കുമെന്നും പട്ടയവിതരണം, ഡിജിറ്റൽ സേവനങ്ങൾ, അദാലത്തുകൾ തുടങ്ങി റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും സമയബന്ധിതമായി പൂർത്തിയാക്കുമെന്നും റവന്യൂ മന്ത്രി എ.പി.അനിൽകുമാർ അറിയിച്ചു. റവന്യൂ വകുപ്പിന്റെ സേവനങ്ങൾ കൂടുതൽ ജനകീയവും കാര്യക്ഷമവുമാക്കുകയെന്ന ലക്ഷ്യത്തോടെ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന മലപ്പുറം ജില്ലാതല റവന്യൂ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ആസൂത്രണ സമിതി കോൺഫ്രൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ അധ്യക്ഷത വഹിച്ചു.


പ്രത്യേക ആക്ഷൻ പ്ലാൻ വഴി പട്ടയവിതരണം

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി റവന്യൂ വകുപ്പ് നേതൃത്വം നൽകുന്ന 14 പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു. ജില്ലയിൽ കൂടുതൽ പട്ടയങ്ങൾ വിതരണം ചെയ്യാനുണ്ട്. ഇതിനായി പ്രത്യേക ആക്ഷൻ പ്ലാൻ തയ്യാറാക്കി സമയബന്ധിതമായി പൂർത്തിയാക്കണം. ഗോത്രവർഗ്ഗ മേഖലകൾ, തീരപ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തി പട്ടയവിതരണവും അടിസ്ഥാന സൗകര്യ വികസനവും ഉറപ്പുവരുത്തുമെന്നും മന്ത്രി വ്യക്തമാക്കി. 2021 മുതൽ ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി 42,141 പട്ടയങ്ങൾ വിതരണം ചെയ്തിട്ടുണ്ട്. നിലവിൽ വിതരണം ചെയ്യാനുള്ള 17,608 പട്ടയങ്ങളിൽ 2,057 എണ്ണം നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി വിതരണം ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മിച്ചഭൂമി പതിച്ചുനൽകൽ, ലക്ഷംവീട് പദ്ധതി, തീരദേശ മേഖല എന്നിവയ്ക്കും പ്രത്യേക പരിഗണന നൽകുന്നുണ്ട്.


ഭൂമി തരംമാറ്റ അപേക്ഷകളിൽ വേഗത്തിൽ തീർപ്പ്

ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാനും മന്ത്രി നിർദ്ദേശിച്ചു. ജില്ലയിൽ ആകെ ലഭിച്ച 72,381 ഭൂമി തരംമാറ്റ അപേക്ഷകളിൽ 42,419 എണ്ണം തീർപ്പാക്കിയിട്ടുണ്ട്. ബാക്കിയുള്ളവ തീർപ്പാക്കുന്നതിനായി നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി പ്രത്യേക തരംമാറ്റ അദാലത്തുകൾ സംഘടിപ്പിക്കും. ഇതിലൂടെ 4,600 അപേക്ഷകൾ തീർപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ഭൂമി തരംമാറ്റം, പട്ടയം, ഡിജിറ്റൽ സർവ്വേ തുടങ്ങിയ സേവനങ്ങൾ ഒരുമിച്ച് പുരോഗമിക്കുന്നതിലൂടെ ബാങ്ക് വായ്പ, ഭവനനിർമ്മാണം, കൃഷി, വ്യവസായം എന്നിവയ്ക്കാവശ്യമായ രേഖകൾ പൊതുജനങ്ങൾക്ക് വേഗത്തിൽ ലഭ്യമാക്കാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.


ഡിജിറ്റൽ സേവനങ്ങളും ആധുനികവൽക്കരണവും

ജില്ലയിൽ 'എന്റെ ഭൂമി' ഡിജിറ്റൽ റീസർവ്വേ പദ്ധതി വേഗത്തിൽ പുരോഗമിക്കുകയാണ്. 21 വില്ലേജുകളിൽ ഡിജിറ്റൽ റീസർവ്വേ പൂർത്തിയായിട്ടുണ്ട്. ഭരണാനുമതി ലഭിച്ച സ്മാർട്ട് വില്ലേജുകളുടെ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കുമെന്നും വില്ലേജ് ഓഫീസുകളിൽ കമ്പ്യൂട്ടറും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുമെന്നും മന്ത്രി അറിയിച്ചു. വാഹനമില്ലാത്ത താലൂക്ക് ഓഫീസുകളിൽ വാഹനങ്ങൾ ലഭ്യമാക്കും. റവന്യൂ വകുപ്പിലെ ഒഴിവുകൾ പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്ത് ഉടൻ നിയമനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങളോട് മോശം സമീപനം ഉണ്ടാകരുത് എന്നും കഴിയുന്നത്ര സേവനങ്ങൾ കൃത്യമായി ലഭ്യമാക്കണം എന്നും മന്ത്രി നിർദ്ദേശിച്ചു. റിവർ മാനേജ്‌മെന്റ് ഫണ്ടിൽ നിന്ന് സർക്കാരിലേക്ക് നൽകിയ 52 കോടി ജില്ലയ്ക്ക് തിരികെ ലഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും എന്നും മന്ത്രി കൂട്ടിച്ചേർത്തു. യോഗത്തിൽ ലാൻഡ് റവന്യൂ കമ്മീഷണർ എച്ച് ദിനേശൻ, ലാൻഡ് ബോർഡ് സെക്രട്ടറി സബിൻ സമീദ്, സർവ്വേ ഡയറക്ടർ ജെ.ഒ.അരുൺ, സബ്കളക്ടർമാരായ ദിലീപ് കൈനിക്കര, സാക്ഷി മോഹൻ, എ.ഡി.ADM. പി.ഒ.സാദിഖ് തുടങ്ങിയവർ പങ്കെടുത്തു.