കോറോ ഹെൽത്ത് ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം കൂടി നൽകാൻ മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ ഒത്തുതീർപ്പ്

post

കോറോ ഹെൽത്തിലെ കൊച്ചി, കോഴിക്കോട് ഓഫീസുകളിൽ നിന്ന് കൂട്ടപിരിച്ചുവിടലിന് വിധേയരായ ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം കൂടി നൽകാൻ തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ അധ്യക്ഷതയിൽ നടന്ന ചർച്ചയിൽ ധാരണയായി. ഇതോടെ നേരത്തെ ലഭിച്ച രണ്ട് മാസത്തേത് ഉൾപ്പെടെ ഏഴ് മാസത്തെ ശമ്പളം ജീവനക്കാർക്ക് ലഭിക്കും. ജൂലൈ 26-ന് മുൻപായി ഈ തുക കമ്പനി കൈമാറും.


തൊഴിൽ നഷ്ടപ്പെട്ടവർക്ക് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, റിലീവിംഗ് ലെറ്റർ തുടങ്ങിയ രേഖകളും കമ്പനി നൽകും. മുൻകൂട്ടി നോട്ടീസ് നൽകാതെ കമ്പനിയുടെ പ്രവർത്തനം അവസാനിപ്പിച്ചത് നിയമവിരുദ്ധമാണെന്ന് മന്ത്രി വ്യക്തമാക്കി. സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിപ്പിച്ച് മുഴുവൻ ജീവനക്കാർക്കും തൊഴിൽ ഉറപ്പാക്കണം എന്ന മന്ത്രിയുടെ നിർദ്ദേശം കമ്പനി അധികൃതർ സാങ്കേതിക കാരണങ്ങളാൽ നിരസിച്ചു. തുടർന്നാണ് ഒത്തുതീർപ്പ് ധാരണ ഉണ്ടാക്കിയത്.


അഡീഷണൽ ലേബർ കമ്മീഷണർ, കോറോ ഹെൽത്ത് പ്രതിനിധി, തൊഴിലാളി പ്രതിനിധി എന്നിവരെ ഉൾപ്പെടുത്തി ത്രികക്ഷി ധാരണ പത്രവും തയ്യാറാക്കി. മന്ത്രി ബിന്ദു കൃഷ്ണ നടത്തിയ ചർച്ചയിലെ തീരുമാനത്തിൽ ജോലി നഷ്ടപ്പെട്ട ജീവനക്കാർ സംതൃപ്തി അറിയിച്ചു. ഇവർക്ക് മറ്റിടങ്ങളിൽ തൊഴിൽ ലഭ്യമാക്കാനുള്ള സാധ്യത സർക്കാർ പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു.


ചർച്ചയിൽ തൃക്കാക്കര എംഎൽഎ ഉമാ തോമസ്, സ്പെഷ്യൽ സെക്രട്ടറി ഷീബ ജോർജ് ഐഎഎസ്, ലേബർ കമ്മീഷണർമാർ, തൊഴിലാളി യൂണിയൻ ഭാരവാഹികൾ എന്നിവർ നേരിട്ടും കോറോ ഹെൽത്ത് ഇന്ത്യ ഹെഡ് ഉൾപ്പെടെയുള്ളവർ വീഡിയോ കോൺഫറൻസ് വഴിയും പങ്കെടുത്തു.