വിദ്യശ്രീ-2026 വിദ്യാഭ്യാസ അവാർഡ് വിതരണം ഉദ്ഘാടനം ചെയ്ത് മന്ത്രി രമേശ് ചെന്നിത്തല
ജീവിതത്തിലെ കഷ്ടതകളിലും പ്രതിസന്ധികളിലും തളരാതെ അവയെ ധീരമായി നേരിടാനും വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റാനും വിദ്യാർത്ഥികൾക്ക് കഴിയണമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. തൃശ്ശൂർ മുനിസിപ്പൽ കോർപ്പറേഷന്റെ വിദ്യശ്രീ-2026 വിദ്യാഭ്യാസ അവാർഡ് വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിജയത്തിനായുള്ള മത്സരപ്പാച്ചിലിൽ ഏറ്റവും പിന്നിലായിപ്പോകുന്നവരെയാണ് നാം കൂടുതൽ ശ്രദ്ധിക്കേണ്ടതെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. പരീക്ഷകളിൽ മാർക്ക് കുറയുന്നതിന്റെ പേരിൽ കുട്ടികൾ ജീവിതം അവസാനിപ്പിക്കുന്നത് ഒന്നിനും പരിഹാരമല്ല. തിരിച്ചടികൾ ഉണ്ടാകുമ്പോൾ കൂടുതൽ ആവേശത്തോടെ വിജയങ്ങൾ നേടിയെടുക്കാനുള്ള കഠിനശ്രമമാണ് നടത്തേണ്ടത്. വ്യക്തമായ ലക്ഷ്യബോധത്തോടെയുള്ള പഠനത്തിലൂടെ ഏത് പ്രതിസന്ധിയെയും മറികടക്കാൻ സാധിക്കും. കഷ്ടപ്പെട്ട് മക്കളെ പഠിപ്പിക്കുന്ന മാതാപിതാക്കളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാനും വലിയ നേട്ടങ്ങൾ കൈവരിച്ച് സമൂഹത്തിന് പ്രയോജനമുള്ളവരായി മാറാനും വിദ്യാർത്ഥികൾക്ക് കഴിയണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരള പൊലീസിന്റെ ജനകീയ മുഖം കൂടുതൽ മനോഹരമാക്കാൻ 'ഓപ്പറേഷൻ തൂഫാൻ' എന്ന ജനകീയ ക്യാമ്പയിനിലൂടെ സാധിച്ചതായി പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത യുവജന, കായിക വകുപ്പ് മന്ത്രി ഒ. ജെ. ജനീഷ് പറഞ്ഞു.
കെ. കരുണാകരൻ സ്മാരക ടൗൺഹാളിൽ നടന്ന പരിപാടിയിൽ തൃശ്ശൂർ കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. രാജൻ ജെ. പല്ലൻ എം.എൽ.എ., തൃശ്ശൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ എ. പ്രസാദ് എന്നിവർ വിശിഷ്ടാതിഥികളായി. കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മേഫി ഡെൽസൺ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീന ചന്ദ്രൻ, തൃശ്ശൂർ റേഞ്ച് ഡി.ഐ.ജി. ടി. നാരായണൻ, സിറ്റി പൊലീസ് കമ്മീഷണർ നകുൽ ആർ. ദേശ്മുഖ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.











