അന്താരാഷ്ട്ര കലിഗ്രഫി ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പിന് തുടക്കമായി
കലിഗ്രഫി കലയുടെ സാധ്യതകളിലേക്ക് വഴി തെളിച്ച് കൊച്ചിയിൽ അന്താരാഷ്ട്ര കലിഗ്രഫി ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പിന് തുടക്കമായി. ദർബാർ ഹാൾ കലാകേന്ദ്രത്തിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. ഒക്ടോബർ 5 വരെ നീളുന്ന മേളയിൽ കലിഗ്രഫി രംഗത്തെ ആഗോള പ്രതിഭകൾ പങ്കെടുക്കുന്നു. കേരള ലളിതകലാ അക്കാദമിയും വിഖ്യാത കലിഗ്രഫി കലാകാരൻ നാരായണ ഭട്ടതിരിയുടെ നേതൃത്വത്തിലുള്ള തിരുവനന്തപുരത്തെ കചടതപ(https://kachatathapa.com/) ഫൗണ്ടേഷനും ചേർന്നാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
ലോക പ്രശസ്ത ഹീബ്രു കലിഗ്രാഫറായ മിഷേൽ ഡി.അനസ്റ്റാഷ്യോ, വിയറ്റ്‌നാമിൽ നിന്നുള്ള ഡാങ് ഹോക്, ഏഷ്യൻ കലിഗ്രഫി അസോസിയേഷൻ വൈസ് പ്രസിഡന്റും കലിഗ്രഫറുമായ ദക്ഷിണ കൊറിയയിൽ നിന്നുള്ള കിം ജിൻ യങ്, കൂടാതെ മുംബൈ ജെ.ജെ ഇൻസ്റ്റിറ്റ്യൂട്ട് ഡീനും കലിഗ്രഫറുമായ സന്തോഷ് ക്ഷീർസാഗർ, ഇന്ത്യൻ രൂപ ചിഹ്നത്തിന്റെ സ്രഷ്ടാവായ ഉദയ്കുമാർ, മുംബൈ ഐഐടി പ്രൊഫസറായ ജി.വി ശ്രീകുമാർ, അറബി കലിഗ്രാഫറും അധ്യാപകനുമായ മുക്താർ അഹമ്മദ്, അഹമ്മദാബാദ് എൻ.ഐ.ഡി അധ്യാപകനുമായ തരുൺ ദീപ് ഗിർധർ, പിക്‌റ്റോറിയൽ കലിഗ്രഫറും സംഗീതജ്ഞനുമായ ഖമർ ഡാഗർ, നിഖിൽ അഫാലെ, ഇങ്കു കുമാർ, ഷിപ്ര റൊഹാട്ഗി, സൽവ റസൂൽ, അക്ഷയ തോംബ്രെ, സഞ്ജന ചത്‌ലാനി, സുരേഷ് വാഗ്മോർ, നവകാന്ത് കരിദെ, ഹിറാൽ ഭഗത്,ഗോപാൽ പട്ടേൽ, കെ.വി രജീഷ്, അതുൽ ജയരാമൻ, മുകേഷൻ കുമാർ, നാരായണഭട്ടതിരി തുടങ്ങി ഇന്ത്യയിൽ നിന്നുള്ള 21 കലിഗ്രഫർമാരും മേളയിൽ പങ്കെടുക്കുന്നുണ്ട്. കോളേജുകളിൽ നിന്നുള്ള വിദ്യാർഥികളും കലിഗ്രഫി പ്രേമികളും പങ്കെടുക്കുന്ന ശിൽപശാലയും നടക്കുന്നു. പ്രദർശനസമയം രാവിലെ 11 മുതൽ വൈകിട്ട് ഏഴ് വരെ.