കാര്‍ഷിക യന്ത്രോപകരണങ്ങള്‍ സബ്സിഡി നിരക്കില്‍ സ്വന്തമാക്കാം; ജൂലൈ ഒന്നു മുതല്‍ അപേക്ഷിക്കാം

post

സംസ്ഥാനത്തെ കാര്‍ഷിക മേഖലയില്‍ യന്ത്രവത്ക്കരണം കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിനായി നടപ്പിലാക്കുന്ന 'സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍'പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. 2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ജൂലൈ ഒന്നിന് രാവിലെ 11 മുതല്‍ ഓഗസ്റ്റ് മൂന്നുവരെ സ്വീകരിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കാര്‍ഷിക യന്ത്രങ്ങള്‍, വിളവെടുപ്പ് യന്ത്രങ്ങള്‍, വിള സംസ്‌കരണ ഉപകരണങ്ങള്‍, മൂല്യവര്‍ധിത ഉല്‍പ്പന്ന നിര്‍മ്മാണ ഉപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിന് 40 മുതല്‍ 50 ശതമാനം വരെ സബ്സിഡി ലഭിക്കും. കര്‍ഷക സംഘങ്ങള്‍, സ്വയം സഹായ സംഘങ്ങള്‍ ,കര്‍ഷക ഉല്‍പ്പാദക സംഘടനകള്‍, പഞ്ചായത്തുകള്‍ എന്നിവയ്ക്ക് യന്ത്രങ്ങള്‍ വാടകയ്ക്ക് നല്‍കുന്നതിനുള്ള കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ പദ്ധതി തുകയുടെ 40 ശതമാനം വരെ ധനസഹായം ലഭിക്കും. യന്ത്രവല്‍ക്കരണം കുറവുള്ള പ്രദേശങ്ങളില്‍ ഇവ സ്ഥാപിക്കുന്നതിനായി കര്‍ഷക കൂട്ടായ്മകള്‍ക്ക് 30 ലക്ഷം രൂപ വരെയുള്ള പദ്ധതികള്‍ക്ക് പരമാവധി 80 ശതമാനം (24 ലക്ഷം രൂപ വരെ) ധനസഹായം ലഭ്യമാക്കും. വനാവകാശ നിയമ പരിധിയില്‍ ഉള്ള ഗുണഭോക്താക്കള്‍ക്ക് എല്ലാ വിഭാഗങ്ങളിലും 90 ശതമാനം വരെ ആനുകൂല്യം ലഭിക്കും.