വിഷു ബമ്പർ ടിക്കറ്റുകൾക്ക് സമ്പൂർണ വില്പന; നറുക്കെടുപ്പ് മെയ് 23-ന്

post

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ വർഷത്തെ വിഷു ബമ്പർ ടിക്കറ്റ് വില്പനയിൽ റെക്കോഡ് നേട്ടം. മെയ് 23-ന് നറുക്കെടുപ്പ് നടക്കാനിരിക്കെ, പൊതുവിപണിയിലേക്ക് അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും ഭാഗ്യക്കുറി ഏജന്റുമാർ വഴി പൂർണ്ണമായും വിറ്റഴിഞ്ഞു. കഴിഞ്ഞ വർഷം വിറ്റഴിച്ച 42,87,350 ടിക്കറ്റുകളുടെ റെക്കോഡാണ് ഇത്തവണ മറികടന്നത്.


സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിഞ്ഞത് പാലക്കാട് ജില്ലയിലാണ്; 11,58,480 ടിക്കറ്റുകൾ. 5,10,820 ടിക്കറ്റുകൾ വിറ്റഴിച്ച് തൃശ്ശൂർ ജില്ല രണ്ടാം സ്ഥാനത്തും, 4,21,380 ടിക്കറ്റുകളുമായി തിരുവനന്തപുരം ജില്ല മൂന്നാം സ്ഥാനത്തുമുണ്ട്. ഉച്ചയ്ക്ക് ശേഷം 2:00 മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ സജ്ജമാക്കുന്ന പ്രത്യേക വേദിയിൽ വെച്ചാണ് ഭാഗ്യക്കുറി നറുക്കെടുപ്പ് നടക്കുക.


വിഷു ബമ്പർ നേടുന്ന ഭാഗ്യവാന് പന്ത്രണ്ട്‌ കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. ഒന്നാം സമ്മാനം നേടുന്ന അതേ അക്കം വരുന്ന മറ്റ്‌ അഞ്ച്‌ പരമ്പരകള്‍ക്ക്‌ ഒരു ലക്ഷം രൂപയുടെ സമാശ്വാസ സമ്മാനവും ലഭിക്കും.

രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ആറ്‌ പരമ്പരകള്‍ക്ക്‌ ലഭിക്കും.

മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം ആറ്‌ പരമ്പരകള്‍ക്കും നാലാം സമ്മാനമായി അഞ്ച്‌ ലക്ഷം രൂപ വിതം ആറ്‌ പരമ്പരകള്‍ക്കും ലഭിക്കും.

കൂടാതെ 5000, 2000, 1000, 500, 300 വീതം രൂപ സമ്മാനങ്ങളും വിഷു ബമ്പര്‍ ഭാഗ്യക്കുറിയിലൂടെ ലഭിക്കുന്നു. BR 109 നമ്പര്‍ വിഷു ബമ്പര്‍ ഭാഗ്യക്കുറി ടിക്കറ്റുകള്‍ VA, VB, VC, VD, VE, VG, എന്നിങ്ങനെ ആറ്‌ പരമ്പരകളിലായാണ്‌ ലഭ്യമാകുന്നത്‌. 300 രൂപയാണ്‌ ഓരോ ടിക്കറ്റിന്റെയും വില.