വയനാട് നിയമസഭാ തിരഞ്ഞെടുപ്പ്: 'വോട്ട് ചിലപ്പൻ' ഔദ്യോഗിക മസ്‌കോട്ട്

post

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വയനാട് ജില്ലയിൽ വോട്ടർ ബോധവൽക്കരണ പരിപാടികൾ ഊർജ്ജിതമാക്കുന്നതിനായി സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ (SVEEP) വയനാടിന്റെ ഔദ്യോഗിക മസ്‌കോട്ടായി 'വോട്ട് ചിലപ്പൻ' അരങ്ങിലെത്തി. വോട്ടിംഗിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാനും തിരഞ്ഞെടുപ്പിൽ പൂർണ്ണ പങ്കാളിത്തം ഉറപ്പാക്കാനുമായി വയനാടിന്റെ സ്വന്തം പക്ഷിയായ 'ബാണാസുര ചിലപ്പനെ'യാണ് ഇത്തവണ മസ്‌കോട്ടായി തിരഞ്ഞെടുത്തത്.'എന്റെ വോട്ട് എന്റെ ശബ്ദം' എന്നതാണ് ഈ വർഷത്തെ സ്വീപ് ക്യാമ്പയിന്റെ ടാഗ്‌ലൈൻ.



വയനാടിന്റെ ജൈവവൈവിധ്യത്തെയും പ്രകൃതി പൈതൃകത്തെയും പ്രതിനിധീകരിക്കുന്ന പക്ഷിയാണ് ബാണാസുര ചിലപ്പൻ. 2025 നവംബർ ഒന്നിനാണ് ഈ പക്ഷിയെ ജില്ലയുടെ ഔദ്യോഗിക പക്ഷിയായി പ്രഖ്യാപിച്ചത്. കൂട്ടമായി ജീവിക്കുകയും ശബ്ദമുണ്ടാക്കി ആശയവിനിമയം നടത്തുകയും ചെയ്യുന്ന സ്വഭാവമാണ് ഈ പക്ഷികളുടേത്. ജനങ്ങൾ ഒരുമിച്ച് പങ്കാളികളാകുമ്പോൾ ജനാധിപത്യം കരുത്താർജ്ജിക്കുന്നു എന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നത്.


വോട്ടെടുപ്പിലൂടെ ഓരോ വ്യക്തിയും സ്വന്തം ശബ്ദം രേഖപ്പെടുത്തുമ്പോൾ ജനാധിപത്യം പൂർണ്ണത കൈവരിക്കുന്നു. ജനങ്ങളുടെ പങ്കാളിത്തം, ബോധവൽക്കരണം, കൂട്ടായ ഉത്തരവാദിത്തം എന്നിവയുടെ പ്രതീകമായാണ് വോട്ട് ചിലപ്പനെ തിരഞ്ഞെടുത്തത്. വോട്ടിംഗ് ശതമാനം വർദ്ധിപ്പിക്കുന്നതിനായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വോട്ട് ചിലപ്പന്റെ സാന്നിധ്യത്തിൽ വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും.



കൂടുതൽ വിവരങ്ങൾക്കും വോട്ടർ പട്ടികയിലെ വിവരങ്ങൾ പരിശോധിക്കുന്നതിനും: voters.eci.gov.in സന്ദർശിക്കുക അല്ലെങ്കിൽ 1950 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടുക.