ദ്വീപ് നിവാസികൾക്ക് സ്വപ്ന സാക്ഷാത്കാരം; പെരുമ്പളം പാലം നാടിന് സമർപ്പിച്ചു

post

ആലപ്പുഴ ജില്ലയിലെ പെരുമ്പളം ദ്വീപിനെ പുറംലോകവുമായി ബന്ധിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ നിർമ്മാണം പൂർത്തീകരിച്ച പെരുമ്പളം-പാണാവള്ളി പാലം യാത്രാസജ്ജമായി. യാത്രാദുരിതങ്ങളില്ലാതെ, ഒറ്റപ്പെടൽ അനുഭവിക്കാതെ പെരുമ്പളം സ്വദേശികൾക്ക് പുറത്തേക്കും സഞ്ചാരികൾക്ക് ആ നാടിന്റെ വിനോദസഞ്ചാര സാധ്യതകൾ അറിയുന്നതിനായി അകത്തേക്കും പ്രവേശനവും എളുപ്പമാക്കുന്ന പ്രധാന ചാലകമായി ഈ പാലം മാറും. പെരുമ്പളം ദ്വീപ് നിവാസികളുടെ ദീർഘകാലത്തെ സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെട്ടത്.


2016-17 സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ100 കോടി രൂപ ചെലവഴിച്ചാണ് പാലം നിർമിച്ചത്. പൊതുമരാമത്ത് വകുപ്പ് കെ.ആർ.എഫ്.ബി വിഭാഗത്തിനായിരുന്നു നിർമ്മാണ ചുമതല. ആലപ്പുഴ ജില്ലയിലെ അരൂർ നിയോജകമണ്ഡലത്തിലെ അരുക്കൂറ്റി പഞ്ചായത്തിനെയും പെരുമ്പളം ദ്വീപിനെയും തമ്മിൽ ബന്ധിപ്പിച്ചാണ് പാലം പണിതീർത്തത്. ആകെ 1155.40 മീറ്റർ നീളമുള്ള പാലത്തിന് 27 സ്പാനുകളുണ്ട്. കൂടാതെ കായലിലെ ജലഗതാഗതത്തിന് തടസ്സം വരാത്ത രീതിയിൽ 55 മീറ്റർ നീളമുള്ള മൂന്ന് ബോ സ്ട്രിങ് ആർച്ച് സ്പാനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. 11 മീറ്റർ വീതിയുള്ള പാലത്തിന്റെ ഇരുവശങ്ങളിലും കാൽനടയാത്രക്കാർക്കായി ഒന്നര മീറ്റർ വീതിയുള്ള നടപ്പാതകളും ഒരുക്കിയിട്ടുണ്ട്. വേമ്പനാട് കായലിന്റെ മനോഹര കാഴ്ചകൾ ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് പാലത്തിന്റെ രൂപകൽപന.


ബോട്ടിൽ മാത്രം എത്തിച്ചേരാവുന്ന പെരുമ്പളം ദ്വീപ് ആലപ്പുഴ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമീണ ഗ്രാമമാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലെ ജെട്ടികളിൽ നിന്ന് വേമ്പനാട് തടാകത്തിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഒരു ചെറിയ പറുദീസയിലേക്ക് ബോട്ടിൽ എത്തിച്ചേരാം. ദ്വീപിലേക്ക് വാഹനങ്ങൾ കൊണ്ടുപോകാൻ കഴിയുന്നതിനാൽ ജങ്കാർ സൗകര്യമാണുള്ളത്. തോണികളാണ് ഇവിടുത്തെ പ്രധാന ഗതാഗത മാർഗ്ഗം.


6 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഈ ദ്വീപിൽ ഏകദേശം 10,000 പേർ താമസിക്കുന്നു. കന്നുകാലി വളർത്തൽ, പനയോല നെയ്യൽ, കയർ നിർമ്മാണം, കക്കകൾ, നാരങ്ങാ കക്കകൾ എന്നിവ ശേഖരിക്കൽ എന്നിവയ്ക്ക് പുറമേ, മത്സ്യബന്ധനമാണ് ഗ്രാമീണരുടെ പ്രധാന ഉപജീവനമാർഗ്ഗം. വെറ്റില,നിലക്കടല കൃഷി എന്നിവയും ഉപജീവനമാർഗ്ഗമാണ്. ദ്വീപ് സന്ദർശിക്കുമ്പോൾ കായൽ ചാലുകളിലൂടെ സഞ്ചരിക്കാനും ഗ്രാമീണരുടെ ദൈനംദിന കാര്യങ്ങൾ, വേമ്പനാട് തടാകത്തിന് ചുറ്റുമുള്ള സസ്യജന്തുജാലങ്ങൾ, നിരവധി ആരാധനാലയങ്ങൾ, ക്ഷേത്രങ്ങൾ എന്നിവ കാണാനും കഴിയും.


വികസനമെന്നാൽ സമൂഹത്തിലെ എല്ലാവർക്കും ആത്മാഭിമാനത്തോടെയും സംതൃപ്തിയോടെയും ജീവിക്കാനുള്ള സാഹചര്യങ്ങളൊരുക്കലാണ് എന്ന സർക്കാരിന്റെ നിലപാടിനെ അന്വർത്ഥമാക്കുന്നതാണ് പെരുമ്പളം പാലം. അതിനാലിനാൽ തന്നെ ടൂറിസം മേഖലയിൽ വലിയ സാധ്യതകളുള്ള പെരുമ്പളത്തിന് പാലം പുതിയ വാതായനങ്ങൾ തുറന്നു നൽകും.