പശ്ചിമേഷ്യൻ ആക്രമണം: ലോകകേരളസഭ അംഗങ്ങളുമായി മുഖ്യമന്ത്രി സംവദിച്ചു
പശ്ചിമേഷ്യയിലെ ആക്രമണങ്ങളുടെ സാഹചര്യത്തിൽ ഗൾഫ് നാടുകളിൽ ഉടലെടുത്ത പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ലോകകേരളസഭ അംഗങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ സംവദിച്ചു.
ഇപ്പോൾ രൂപപ്പെട്ടിരിക്കുന്ന ആശങ്ക വലിയ പ്രവാസി സമൂഹമുള്ള നമ്മുടെ നാട്ടിലും പ്രതിഫലിക്കും. ട്രാൻസിറ്റ് വിസയിൽ നിൽക്കുന്നവർ, ആക്രമണ ഭീതിമൂലം അടിയന്തരമായി സഞ്ചരിക്കാൻ കഴിയാത്ത വരുന്നവർ, രോഗികൾ, മരുന്ന് ആവശ്യമുള്ളവർ തുടങ്ങിയവർക്ക് ലോക കേരള സഭാംഗങ്ങൾ പിന്തുണ നൽകേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതാതിടങ്ങളിലെ ഭരണകൂടം നൽകുന്ന മുൻകരുതലുകൾ കർശനമായി പാലിക്കണമെന്നും ഇന്ത്യൻ എംബസിയുമായി നിരന്തരം ബന്ധം പുലർത്തണമെന്നും യോഗത്തിൽ വ്യക്തമാക്കി. കൃത്യമായ വിവരങ്ങൾക്കായി ഗൾഫ് മേഖലയിലെ ഔദ്യോഗിക സംവിധാനങ്ങളെ മാത്രമേ ആശ്രയിക്കാൻ പാടുള്ളൂ. അടിസ്ഥാനരഹിതമായ വാർത്തകളോ കിംവദന്തികളോ ആരും വിശ്വസിക്കരുതെന്നും കൂട്ടി ചേർത്തു. ആശങ്കയുണർത്തുന്ന രീതിയിൽ പ്രവർത്തിക്കാതിരിക്കാനും ശ്രദ്ധിക്കണം.
ഐക്യബോധവും ജാഗ്രതയുമാണ് നമുക്കാവശ്യം. പ്രവാസി സഹോദരങ്ങളുടെ ക്ഷേമത്തിനായി നല്ല നിലയിൽ ഇടപെടണം എന്നും ലോക കേരളസഭാംഗങ്ങളോട് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.
പ്രവാസികളുമായി ആശയവിനിമയം നടത്താനുള്ള ഹെൽപ്പ് ലൈൻ സംവിധാനം നോർക്ക ഒരുക്കിയിട്ടുണ്ട്. ഇത് കൂടാതെ ദില്ലി കേരളഹൗസിൽ കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. ഇപ്പോൾ നടത്തുന്ന ഇടപെടലുകൾ കൂടുതൽ കാര്യക്ഷമമാക്കും. ഗൾഫ് രാജ്യങ്ങളിൽ നടക്കുന്ന SSLC - ഹയർ സെക്കൻഡറി പരീക്ഷയുടെ തീയതി മാറ്റിയിട്ടുണ്ട്.
ഗൾഫ് മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ പ്രവാസിസംഘടനകളും യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ഐക്യമനോഭാവത്തോടെ ഇടപെടണം.
ഗൾഫിലെ സാഹചര്യത്തെ പറ്റി ചില മാധ്യമങ്ങൾ ആശങ്ക പരത്തുന്ന വാർത്തകൾ നൽകുകയാണെന്ന് ചില ലോക കേരള സഭാ അംഗങ്ങൾ പരാതിപ്പെട്ടു. ഇതുമൂലം ബന്ധുക്കൾക്ക് വലിയ ആശങ്കകൾ ഉണ്ടാവുന്ന പശ്ചാത്തലത്തിൽ ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു. പ്രവാസി മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും, യാത്രാ സൗകര്യം അടക്കമുള്ള മറ്റിതര വിഷയങ്ങളിൽ കേന്ദ്ര സർക്കാരിൻ്റെ ഇടപെടൽ അഭ്യർത്ഥിച്ച് കത്തെഴുതുന്ന കാര്യം പരിഗണിക്കാം എന്നും യോഗത്തെ മുഖ്യമന്ത്രി അറിയിച്ചു.









