പാപ്പിനിശ്ശേരി മേൽപാലം അറ്റകുറ്റപ്പണികൾക്കായി ഫെബ്രുവരി അഞ്ച് മുതൽ അടച്ചിടും

post

പാപ്പിനിശ്ശേരി മേൽപാലം അറ്റകുറ്റപണികൾക്കായി ഫെബ്രുവരി അഞ്ചു മുതൽ അടച്ചിടാൻ കെ.വി സുമേഷ് എം.എൽ.എയുടെ നേതൃത്വത്തിൽ നടത്തിയ വിദഗ്ധ പരിശോധനയിൽ തീരുമാനമായി. പാലത്തിന്റെ ഉപരിതലത്തിലെ കുഴികൾ പരിശോധിക്കാൻ നിലവിലെ ടാറിംഗ് മുഴുവൻ ഇളക്കിമാറ്റി മൈക്രോ കോൺക്രീറ്റ് ചെയ്ത് ബി സി ഓവർലേ ചെയ്യും. ഇതിന് ക്യൂറിംഗ് സമയം ആവശ്യമായതിനാലാണ് ഗതാഗതം പൂർണമായും തടയുന്നത്. ഫെബ്രുവരി അവസാനത്തോടെ പണി പൂർത്തീകരിക്കുകയാണ് ലക്ഷ്യം.

2018 ൽ ഗതാഗതത്തിന് തുറന്നുനൽകിയ പാലത്തിന് തുടർച്ചയായി തകരാറുകൾ സംഭവിച്ചു കൊണ്ടിരിക്കുന്ന വിഷയം എം എൽ എ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. മന്ത്രിയുടെ നിർദേശ പ്രകാരം സെപ്റ്റംബർ 20 ന് കെ എസ് ടി പി പ്രൊജക്റ്റ് ഡയറക്ടർ, എം എൽ എ എന്നിവർ വിദഗ്ധ പരിശോധന നടത്തിയിരുന്നു.


പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പ്രദീപ് കുമാർ, വൈസ് പ്രസിഡന്റ് ചന്ദ്രമതി, പിഡബ്ല്യുഡി റോഡ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ സുനിൽ കൊയിലേര്യൻ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ സുജിത് കുമാർ, അസിസ്റ്റന്റ് എഞ്ചിനീയർ ശ്രീരാഗ്, കെഎസ്ടിപി എക്‌സിക്യൂട്ടീവ് എൻജിനീയർമാരായ ടി രമ്യ, കെ രേഷ്മ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.