വിജ്ഞാന സമ്പദ്‌ഘടനയിലൂന്നിയ നവകേരളം കെട്ടിപ്പടുക്കാൻ പ്രവാസി സമൂഹം കേരളത്തിനൊപ്പം നിൽക്കണം: മുഖ്യമന്ത്രി

post

ലോക കേരള സഭയോടനുബന്ധിച്ച്‌ സംഘടിപ്പിച്ച പൊതുസമ്മേളനത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ചു

വിജ്ഞാന സമ്പദ്‌ഘടനയിലൂന്നിയ നവകേരളം രൂപപ്പെടുത്താൻ എല്ലാ സഹകരണവും പ്രവാസി സമൂഹം കേരളത്തിന് നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക കേരള സഭയുടെ അഞ്ചാം പതിപ്പിനോടനുബന്ധിച്ച് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മാറുന്ന ലോകാവസ്ഥയ്ക്കനുസരിച്ച് കേരളത്തെ നവീകരിച്ചില്ലെങ്കിൽ പിന്തള്ളപ്പെട്ടുപോകുമെന്നും എല്ലാവർക്കും വികസനത്തിന്റെ സ്വാദ് അനുഭവവേദ്യമാകുന്ന ഒരു വികസന കാഴ്ചപ്പാടാണ് സർക്കാരിനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. പത്തു വർഷം മുമ്പത്തെ കേരളമല്ല ഇന്നത്തെ കേരളമെന്ന് പ്രവാസികളെ ഓർമ്മിപ്പിച്ച മുഖ്യമന്ത്രി, അടിസ്ഥാന സൗകര്യ വികസനത്തിൽ ഉണ്ടായ വിപ്ലവകരമായ മാറ്റങ്ങളും പരാമർശിച്ചു. കേരളത്തിൽ യാഥാർഥ്യമാകില്ലെന്ന് കരുതിയ ദേശീയപാത വികസനം പൂർത്തിയാകുന്നു. അടുത്ത മാസത്തോടെ പ്രധാന ഭാഗങ്ങൾ ഉദ്ഘാടനം ചെയ്യും. മലയോര ഹൈവേയും തീരദേശ ഹൈവേയും കേരളത്തിന്റെ മുഖച്ഛായ മാറ്റും. ഇത് ടൂറിസം മേഖലയ്ക്കും പുത്തൻ ഉണർവ് നൽകും. കോവളം മുതൽ കാസർകോട് വരെയുള്ള ജലപാതയും അധികം താമസം കൂടാതെ യാഥാർഥ്യമാകും.

യാത്രാസമയം കുറയ്ക്കാൻ അതിവേഗ റെയിൽ അനിവാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡൽഹി-മീററ്റ് മാതൃകയിലുള്ള 'റാപ്പിഡ് റെയിൽ ട്രാൻസിറ്റ് സിസ്റ്റം' (RRTS) നടപ്പിലാക്കുന്നതിനെക്കുറിച്ച് കേന്ദ്രമന്ത്രിയുമായി ചർച്ച നടത്തിയതായും പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് യാഥാർഥ്യമായാൽ തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്ക് കുറഞ്ഞ സമയം കൊണ്ട് എത്താനാകും.

ഉത്സവ സീസണുകളിൽ പ്രവാസികളെ പിഴിഞ്ഞൂറ്റുന്ന വിമാനക്കമ്പനികളുടെ സമീപനത്തെയും മുഖ്യമന്ത്രി വിമർശിച്ചു. വിദേശനാണ്യം നേടിത്തരുന്ന പ്രവാസികളോട് ക്രൂരമായ സമീപനമാണ് അധികൃതർ സ്വീകരിക്കുന്നത്. യാത്രക്കാരുടെ എണ്ണം കൂടുമ്പോൾ ചാർജ് വർദ്ധിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല.

കേരളം ഇന്ന് രാജ്യത്തെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്നത് അഭിമാനകരമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദാവോസിലെ സാമ്പത്തിക ഫോറത്തിൽ ഒരു ലക്ഷം കോടിയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചതും, കേരളത്തിൽ കൂടുതൽ പേർ നിക്ഷേപിക്കാൻ തയ്യാറാകുന്നതും ഇവിടുത്തെ സമാധാനപരമായ അന്തരീക്ഷം കാരണമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വർഗ്ഗീയ സംഘർഷങ്ങളില്ലാത്ത, ആർക്കും താല്പര്യമുള്ള വസ്ത്രം ധരിക്കാനും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും സ്വാതന്ത്ര്യമുള്ള ഇടമാണ് കേരളം. ഇതൊക്കെ കൂടുതൽ പേരെ ഇങ്ങോട്ട് ആകർഷിക്കുന്നു.

പൊതുവിദ്യാഭ്യാസ രംഗം ഹൈടെക് ആയതും, ഡിഗ്രി തലം വരെ സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കിയതും സംസ്ഥാനത്തിന്റെ നേട്ടങ്ങളാണ്. ആരോഗ്യരംഗത്ത് കേരളം അമേരിക്കയെപ്പോലും കവച്ചുവെക്കുന്ന നേട്ടങ്ങൾ (ശിശുമരണ നിരക്കിൽ) കൈവരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

നോർക്ക വഴി നടപ്പിലാക്കുന്ന നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയിൽ ഒന്നര ലക്ഷത്തോളം പ്രവാസികൾ അംഗങ്ങളായിട്ടുണ്ട്. കോവിഡ് കാലത്ത് മടങ്ങിയെത്തിയവർക്കായി നടപ്പിലാക്കിയ പ്രവാസി ഭദ്രത പദ്ധതി വഴി ആയിരക്കണക്കിന് ആളുകൾക്ക് സഹായം ലഭിച്ചു.


മഹാകവി വള്ളത്തോളിന്റെ "ഭാരതം എന്ന പേര് കേട്ടാൽ അഭിമാനപൂരിതമാകണം അന്തരംഗം, കേരളം എന്ന പേര് കേട്ടാൽ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളിൽ" എന്ന പ്രശസ്തമായ വരികൾ ഉദ്ധരിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.

2018-ൽ 35 രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ തുടങ്ങിയ ലോക കേരള സഭ, അഞ്ചാം പതിപ്പിൽ എത്തുമ്പോൾ 125 രാജ്യങ്ങളിലെ പ്രതിനിധികളെ ഉൾക്കൊള്ളുന്ന വിപുലമായ വേദിയായി മാറിയെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സ്പീക്കർ എ. എൻ. ഷംസീർ പറഞ്ഞു.

ലോകത്ത് എവിടെയെല്ലാം മനുഷ്യനുണ്ടോ അവിടെയെല്ലാം മലയാളിയുണ്ട്. ലോക കേരള സഭയിലൂടെ മലയാളിക്ക് ഒരു സുരക്ഷിതത്വ ബോധം ഉണ്ടായി എന്നതാണ് ഏറ്റവും വലിയ നേട്ടം. വിദേശ രാജ്യങ്ങളിൽ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങളിൽ ഇടപെടാൻ ഇന്ന് ശക്തമായൊരു വേദി ലഭിച്ചിരിക്കുന്നുവെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.

പ്രവാസികൾക്കായി സംസ്ഥാന സർക്കാർ നൽകുന്ന പ്രാധാന്യം വ്യക്തമാക്കുന്നതാണ് ഈ വർഷത്തെ ബജറ്റെന്ന് റവന്യൂ മന്ത്രി കെ. രാജൻ ആശംസ പ്രസംഗത്തിൽ പറഞ്ഞു. പത്തു കൊല്ലത്തിനിടയിൽ പ്രവാസി രംഗത്ത് ചെലവഴിക്കുന്ന സംഖ്യ അഞ്ചിരട്ടി വർദ്ധിപ്പിക്കപ്പെട്ട ബജറ്റാണിത്. കേരളത്തിൽ ദുരന്തങ്ങൾ ഉണ്ടായപ്പോഴെല്ലാം കടലിന് അപ്പുറത്തിരുന്ന് പ്രവാസികൾ നൽകിയ സഹായം വിസ്മരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


മന്ത്രിമാരായ വി. ശിവൻകുട്ടി, കെ. കൃഷ്ണൻകുട്ടി, കെ. എൻ. ബാലഗോപാൽ, എ. കെ. ശശീന്ദ്രൻ, ജി. ആർ. അനിൽ, ഒ. ആർ. കേളു, റോഷി അഗസ്റ്റിൻ, ആർ. ബിന്ദു, എം. ബി. രാജേഷ്, ചീഫ് സെക്രട്ടറി എ. ജയതിലക്, നോർക്ക റൂട്സ് സെക്രട്ടറി ടി. വി. അനുപമ, പ്രമുഖ വ്യവസായികളായ എം. എ. യൂസഫലി, രവി പിള്ള, മറ്റ് പ്രമുഖ പ്രവാസി വ്യവസായികൾ, ജനപ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.