എഐ കനാൽ ക്ലീനിംഗ് റോബോട്ടിക് സംവിധാനം ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യനീക്കത്തിനായി എഐ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ജി - സ്പൈഡർ കനാൽ ക്ലീനിംഗ് റോബോട്ടിക് സംവിധാനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണത്തിനിടയിൽ ജോയ് എന്ന തൊഴിലാളി മരിച്ച സാഹചര്യം ഒഴിവാക്കാൻ മനുഷ്യ ഇടപെടലില്ലാത്ത സാങ്കേതികവിദ്യ ഉപയോഗിക്കണമെന്ന് സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ശുചിത്വ മേഖലയിൽ പ്രവർത്തിക്കുന്ന സാങ്കേതിക സ്ഥാപനമായ ജെൻ റോബോട്ടിക്സ് തിരുവനന്തപുരം നഗരസഭയ്ക്ക് വേണ്ടി പുതിയ സംവിധാനം വികസിപ്പിക്കുകയായിരുന്നു. മാലിന്യമുക്ത നവകേരളത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പാണ് ഈ നവീന പദ്ധതിയെന്നും കനാൽ ക്ലീനിംഗ് റോബോട്ടിക് സംവിധാനം മറ്റു സ്ഥലങ്ങളിലും സ്ഥാപിക്കുന്നത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
മാലിന്യ സംസ്കരണത്തിൽ കേരളം മികച്ച മാതൃക സൃഷ്ടിക്കുകയാണ്. സംസ്ഥാനത്ത് സാനിറ്ററി മാലിന്യ സംസ്കരണത്തിനായി നാല് പുതിയ പ്ലാന്റുകളുടെ നിർമ്മാണം അടുത്താഴ്ച ആരംഭിക്കും. ആറ് മാസത്തിനുള്ളിൽ കേരളത്തിൽ ഉല്പാദിപ്പിക്കപ്പെടുന്ന മുഴുവൻ സാനിറ്ററി മാലിന്യങ്ങളും സംസ്കരിക്കാനുള്ള ശേഷി സംസ്ഥാനം കൈവരിക്കും. ഹരിതകർമസേന വഴിയുള്ള മാലിന്യ ശേഖരണം 37 ശതമാനത്തിൽ നിന്ന് 98.5 ശതമാനമായി ഉയർത്താൻ സാധിച്ചതായും ഈ മാതൃകയ്ക്ക് ദേശീയ തലത്തിൽ അംഗീകാരം ലഭിച്ചതായും മന്ത്രി പറഞ്ഞു.

ബ്രഹ്മപുരം മാലിന്യസംസ്കരണത്തിൽ വലിയ പുരോഗതി കൈവരിക്കാൻ സാധിച്ചു. ഒൻപത് ലക്ഷം മെട്രിക് ടൺ മാലിന്യത്തിൽ 90 ശതമാനവും നിലവിൽ നീക്കം ചെയ്തു. ബ്രഹ്മപുരത്ത് നിർമ്മിച്ച 100 കോടി രൂപയുടെ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ് ഫെബ്രുവരി 28-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഇതിനു പുറമെ കൊല്ലം, കോഴിക്കോട്, പാലക്കാട്, തൃശൂർ, ചങ്ങനാശേരി, തിരുവനന്തപുരം എന്നിവിടങ്ങളിലും കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുള്ളതായി മന്ത്രി പറഞ്ഞു.
ജോയിയുടെ കുടുംബത്തിന് സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പൂർണ്ണമായും നിറവേറ്റിയതായി മന്ത്രി അറിയിച്ചു. ജില്ലാ പഞ്ചായത്ത് വാങ്ങി നൽകിയ സ്ഥലത്ത് കോർപ്പറേഷൻ വീട് നിർമ്മിച്ചു നൽകി. കൂടാതെ സംസ്ഥാന സർക്കാർ 10 ലക്ഷം രൂപയുടെ ധനസഹായവും ജോയിയുടെ അമ്മയ്ക്ക് കൈമാറി.
ആമയിഴഞ്ചാൻ തോട്ടിലെ സംവിധാനത്തിന്റെ പൂർണ്ണ ചെലവ് ജെൻ റോബോട്ടിക്സാണ് വഹിക്കുന്നത്. സംവിധാനം സ്ഥാപിക്കുന്നതും മറ്റ് തുടർപ്രവർത്തനങ്ങളും തിരുവനന്തപുരം കോർപ്പറേഷൻ നിർവഹിക്കും.

ചടങ്ങിൽ മേയർ അഡ്വ. വി വി രാജേഷ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ ജി എസ് ആശാ നാഥ്, കൗൺസിലർ ഹരികുമാർ, കോർപ്പറേഷൻ സെക്രട്ടറി കെ യു ബിനി, ജെൻ റോബോട്ടിക്സ് സി ഇ ഒ വിമൽ ഗോവിന്ദ് തുടങ്ങിയവർ പങ്കെടുത്തു.









