യുവതയുടെ സ്വപ്നങ്ങൾക്ക് ചിറകുനൽകി 'മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതിക്ക്' തുടക്കമായി
മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു
5 ലക്ഷം രൂപ വരെ വാർഷിക കുടുംബ വരുമാനമുള്ള, പ്ലസ് ടു, വി.എച്ച്.എസ്.ഇ, ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രി പഠനം പൂർത്തിയാക്കിയ ശേഷം നൈപുണ്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർ/ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് (18 നും 30 നും ഇടയിൽ പ്രായമുള്ളവർ) അപേക്ഷിക്കാം
ഇ-എംപ്ലോയ്മെന്റ് പോർട്ടൽ (eemployment.kerala.gov.in) വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്
കേരളത്തിലെ യുവജനങ്ങളെ തൊഴിൽസജ്ജരാക്കാനും അവരെ ഉൽപ്പാദന മേഖലയുടെ ഭാഗമാക്കാനും ലക്ഷ്യമിട്ടുള്ള സംസ്ഥാന സർക്കാരിന്റെ 'മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതിക്ക്' തലസ്ഥാനത്ത് തുടക്കം കുറിച്ചു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചു. പഠനം പൂർത്തിയാക്കിയ ശേഷം നൈപുണ്യ പരിശീലനത്തിലോ മത്സരപരീക്ഷാ തയ്യാറെടുപ്പിലോ ഏർപ്പെട്ടിരിക്കുന്ന യുവജനങ്ങൾക്ക് ആത്മവിശ്വാസം പകരുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിമാസം 1000 രൂപ വീതം ഒരു വർഷത്തേക്ക് സാമ്പത്തിക സഹായം നൽകുന്ന ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതിയിൽ ആദ്യഘട്ടത്തിൽ തന്നെ 30,000-ത്തിലധികം അപേക്ഷകൾ ലഭിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. 5 ലക്ഷം രൂപ വരെ വാർഷിക കുടുംബ വരുമാനമുള്ള പ്ലസ്ടു, വി.എച്ച്.എസ്.ഇ, ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രി പഠനം പൂർത്തിയാക്കിയ 18 നും 30 നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. നൈപുണ്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർ/ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് അപേക്ഷിക്കാം.
കേരളത്തെ ഒരു വൈജ്ഞാനിക സമൂഹമായി പരിവർത്തിപ്പിക്കാനാൻ സംസ്ഥാന സർക്കാർ നടത്തുന്ന ശ്രമങ്ങൾ മുഖ്യമന്ത്രി പരാമർശിച്ചു. പഠനം കഴിഞ്ഞ് തൊഴിൽ അന്വേഷിക്കുക എന്ന പഴയ രീതിയിൽ നിന്നും മാറി, പഠനത്തോടൊപ്പം തൊഴിലും നൈപുണ്യ വികസനവും എന്ന പുതിയ കാഴ്ചപ്പാടിലേക്ക് യുവജനങ്ങൾ എത്തിച്ചേർന്നിരിക്കുന്നു. യുവജനങ്ങളെ വെറും തൊഴിൽ അന്വേഷകർ എന്നതിലുപരി തൊഴിൽ ദാതാക്കളും സംരംഭകരുമാക്കി മാറ്റാനാണ് സർക്കാർ നടപടികളുമായി മുന്നോട്ടുപോകുന്നത്. ആശയങ്ങളെ ഉൽപ്പന്നങ്ങളാക്കി മാറ്റാൻ സഹായിക്കുന്ന സ്റ്റാർട്ടപ്പ് നയമാണ് സംസ്ഥാനം നടപ്പാക്കുന്നത്. 2016-ൽ വെറും 300 സ്റ്റാർട്ടപ്പുകൾ ഉണ്ടായിരുന്ന കേരളത്തിൽ ഇന്ന് അവയുടെ എണ്ണം 7,500 കടന്നതായും വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടിംഗിലൂടെ 5,500 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ച് 50,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.

നൈപുണ്യ പരിശീലന പരിപാടികളും, നോളേജ് ഇക്കോണമി മിഷൻ മുഖേനയുള്ള ഇടപെടലുകളും, കൂടാതെ കുട്ടികളെ തൊഴിൽ - ഉല്പാദന മേഖലകളുമായി ബന്ധിപ്പിക്കുന്ന കണക്ട് കരിയർ ടു ക്യാമ്പസ്, യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം എന്നിവഎല്ലാം സജീവമാണ്. ഇവയ്ക്കെല്ലാം പുറമെയാണ് ക്യാമ്പസുകളെ ഉല്പാദന കേന്ദ്രങ്ങളാക്കി മാറ്റാനുതകുന്ന ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകളും സ്ഥാപിക്കുന്നത്. ഇതെല്ലംതന്നെ കുട്ടികൾക്കിടയിൽ പോസിറ്റീവായ മാറ്റങ്ങൾ കൊണ്ടുവന്നു എന്നത് സംശയമില്ലാത്ത കാര്യമാണ്.
കണക്ട് ടു വർക്ക് എന്ന ആശയം മുന്നോട്ടുവെക്കുമ്പോൾ തന്നെ അതിനൊരു മറുപുറം കൂടിയുണ്ട്. കണക്ട് ചെയ്യാനാവശ്യമായ വർക്കുകൾ ഉണ്ടാവുക, അതിനാവശ്യമായ ഉത്പാദന വർദ്ധനവ് ഉണ്ടാവുക എന്നതാണത്. ആ നിലയ്ക്കുള്ള ഇടപെടലുകളും നടത്തിവരുന്നുണ്ട്. സംസ്ഥാനത്തെ അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് തൊഴിൽ ലഭ്യമാക്കാനും, നവലോകത്തിന് അനുസൃതമായ തൊഴിലുകൾക്കുവേണ്ടി അവരെ പ്രാപ്തരാക്കാനും നൈപുണ്യപരിശീലനം നൽകേണ്ടതുണ്ട്. അതിനുള്ള നൂതന പരിപാടിയായി പൊതുജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന പരിപാടിയാണ് വിജ്ഞാന കേരളം ജനകീയ ക്യാമ്പയിൻ.
തൊഴിൽമേളകളിലൂടെ തൊഴിൽ നൽകൽ, നൈപുണ്യ പരിശീലനത്തിലൂടെ യുവജനങ്ങളെ തൊഴിൽ സജ്ജരാക്കൽ, ഹൈപ്പർ ലോക്കൽ തൊഴിലുകൾ കണ്ടെത്തി വനിതകൾക്ക് ജോലി നൽകൽ, സുതാര്യമായ വഴികളിലൂടെ വിദേശ ജോലികളുമായി യുവജനങ്ങളെ ബന്ധിപ്പിക്കൽ എന്നിങ്ങനെ നാല് ട്രാക്കുകളിലായാണ് വിജ്ഞാന കേരളത്തിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.

വിജ്ഞാന സമ്പദ്വ്യവസ്ഥയിലേക്കുള്ള നമ്മുടെ സംസ്ഥാനത്തിന്റെ പരിവർത്തനത്തിൽ വലിയ പ്രാധാന്യമാണ് വിജ്ഞാന കേരളം പരിപാടിക്കുള്ളത്. 35 ലക്ഷത്തോളം വരുന്ന അഭ്യസ്തവിദ്യർക്ക് നൈപുണ്യപരിശീലനം നൽകി, അവരിൽ നിന്ന് ചുരുങ്ങിയത് 20 ലക്ഷം പേർക്കെങ്കിലും നൂതന തൊഴിലുകൾ ലഭ്യമാക്കുക എന്നതാണ് നോളജ് എക്കോണമി മിഷന്റെ ലക്ഷ്യം. അത്തരം പദ്ധതികളിലേക്ക് കൂടുതൽ അന്വേഷകരെ ആകർഷിച്ചെത്തിക്കുവാൻ ഉതകുന്നതാവും കണക്ട് ടു വർക്ക് പദ്ധതിയും. സംസ്ഥാനത്താകെ എം.എസ്.എം.ഇകളെ പ്രോത്സാഹിപ്പിക്കുന്നതും സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അനുമതി നൽകുന്നതും എല്ലാം അതിന്റെ ഭാഗമായാണ്.
സംസ്ഥാനത്ത് സ്വകാര്യ വ്യവസായ പാർക്കുകൾക്ക് ഇതിനോടകം സംസ്ഥാന സർക്കാർ പെർമിറ്റ് അനുവദിച്ചിട്ടുണ്ട്. എം.എസ്.എം.ഇകളുടെ കാര്യമെടുത്താൽ വിപ്ലവകരമായ മാറ്റങ്ങളാണു കേരളത്തിൽ ആ രംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നു കാണാം. സംരംഭകവർഷം പദ്ധതിയുടെ ഭാഗമായി 3,87,999 സംരംഭങ്ങൾ ആരംഭിക്കുന്നതിനും 26,000 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കുന്നതിനും 3.75 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്. സൂക്ഷ്മ - ഇടത്തരം വ്യവസായങ്ങളുടെ മേഖലയിൽ മാത്രം 3 ലക്ഷത്തോളം സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇതുവഴി 16,000 കോടി രൂപയുടെ നിക്ഷേപവും 5 ലക്ഷത്തിലധികം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇന്ന് നാട്ടിൽ നിലനിൽക്കുന്ന ഇത്തരം സാധ്യതകൾ ചെറുപ്പക്കാർക്ക് കൂടുതലായി പ്രയോജനപ്പെടണം. അതിനായി യുവാക്കൾക്കിടയിലെ നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുകയും അവർക്കു നൈപുണ്യ പരിശീലനം നൽകുകയും ചെയ്യേണ്ടതുണ്ട്. അതിനുതകുന്നതാണ് കണക്ട് ടു വർക്ക് പ്രോഗ്രാം.
തൊഴിലന്വേഷിക്കുന്നവരോട് സർക്കാരിനുള്ള അനുകൂല സമീപനം വ്യക്തമാക്കിയ മുഖ്യമന്ത്രി, കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ പബ്ലിക് സർവീസ് കമ്മീഷൻ മുഖേന മാത്രം 3 ലക്ഷത്തിലധികം നിയമനങ്ങൾ നടത്തിയതായി പറഞ്ഞു. രാജ്യത്തെ ആകെ പി.എസ്.സി നിയമനങ്ങളിൽ 60 ശതമാനവും നടക്കുന്നത് രാജ്യത്തെ ആകെ ജനസംഖ്യയുടെ 2.5 ശതമാനം മാത്രമുള്ള കേരളത്തിലാണെന്നത് ഈ സർക്കാരിന്റെ തൊഴിൽ നയത്തിന്റെ തെളിവാണ്.

മാറുന്ന ലോകത്തിന്റെ ഏത് ഭാഗത്തും ചെന്ന് തൊഴിൽ ചെയ്യാനും സംരംഭങ്ങൾ തുടങ്ങാനും ഇന്നത്തെ കേരളീയ യുവത പ്രാപ്തരാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ പറഞ്ഞു. വിദ്യാഭ്യാസ കാലയളവിന് ശേഷം തൊഴിലിലേക്ക് എത്താൻ സഹായിക്കുന്ന സുപ്രധാനമായ ഒരു പാലമാണ് പുതിയ കണക്ട് ടു വർക്ക് പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു.
തൊഴിലും നൈപുണ്യവും വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എസ്. ഷാനവാസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ മന്ത്രിമാരായ കെ. രാജൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, ജി.ആർ. അനിൽ, വി.കെ. പ്രശാന്ത് എം.എൽ.എ., എ. എ. റഹീം എം.പി., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി, കൗൺസിലർ കെ. ആർ. ക്ലീറ്റസ്, എംപ്ലോയ്മെന്റ് ഡയറക്ടർ സുഫിയാൻ അഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.
ഇ-എംപ്ലോയ്മെന്റ് പോർട്ടൽ (eemployment.kerala.gov.in) വഴി ഓൺലൈനായാണ് 'കണക്ട് ടു വർക്ക്' പദ്ധതിയിലേക്ക് അപേക്ഷിക്കേണ്ടത്. പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായി ബന്ധപ്പെടാവുന്നതാണ്.









