ഒരു മിനിറ്റിൽ അല്ലുമോൾ മന്ത്രിയെ വരച്ചു; ചുംബനം സമ്മാനമായി നൽകി മന്ത്രി ആർ ബിന്ദു
ഭിന്നശേഷിക്കാരുടെ സർഗോത്സവമായ 'സവിശേഷ' കാർണിവൽ വേദിയിലുണ്ടായിരുന്ന മന്ത്രി ഡോ. ആർ ബിന്ദുവിന്റ കാരിക്കേച്ചർ വരയ്ക്കാൻ വെറും ഒരു മിനിട്ടാണ് പത്തനംതിട്ട ആറന്മുള സ്വദേശി എം അല്ലുമോൾക്ക് വേണ്ടിവന്നത്. വരച്ച ചിത്രം സർപ്രൈസ് സമ്മാനമായി മന്ത്രിക്ക് നൽകിയപ്പോൾ മന്ത്രിയുടെ വക അല്ലുവിന് ലഭിച്ചത് സ്നേഹചുംബനവും മെമന്റൊയും.
തിരുവനന്തപുരം നിഷിൽ ഫൈൻ ആർട്സ് വിദ്യാർഥിനിയാണ് അല്ലുമോൾ. കല കൊണ്ട് സംസാര, ശ്രവണ പരിമിതികളെ മറികടന്നു പ്രതിഭ തെളിയിച്ചവൾ. 43 പെയിന്റിങ് എക്സിബിഷനുകൾ കേരളത്തിനകത്തും പുറത്തുമായി അല്ലുമോൾ നടത്തിയിട്ടുണ്ട്. 65 ഓളം ചിത്രകല ക്യാമ്പുകളിൽ പങ്കെടുത്തു. സംസ്ഥാനതലത്തിൽ സ്കൂൾ കലോത്സവങ്ങളിലും, കേരള യൂണിവേഴ്സിറ്റി കലോത്സവങ്ങളിലും കേരളോത്സവത്തിൽ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്, ജില്ല, സംസ്ഥാനതലങ്ങളിലും, മറ്റുമായി 2000 ത്തിൽ അധികം മത്സരങ്ങളിൽ ഒന്നാം സമ്മാനം നേടി. നൃത്തത്തിലും നിരവധി സമ്മാനങ്ങൾ ലഭിച്ചു. നിരവധി ടിവി ചാനൽ ഷോകളിലും പങ്കെടുത്തു.

നിലവിൽ മേതിൽ ദേവികയുടെ ശിക്ഷണത്തിൽ മോഹിനിയാട്ടവും കുച്ചുപ്പുടിയും അഭ്യസിക്കുകയാണ് അല്ലുമോൾ.









