സവിശേഷ കാർണിവൽ ഓഫ് ദി ഡിഫ്‌റെന്റ്: സമാപനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ഇൻക്ലൂസീവ് സ്‌പോർട്‌സും, തൊഴിൽ മേളയും സംഘടിപ്പിച്ചു
സാമൂഹ്യ നീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന 'സവിശേഷ കാർണിവൽ ഓഫ് ദി ഡിഫ്‌റെന്റ് 'ന്റെ സമാപന സമ്മേളനം 21 ന് ഉച്ചയ്ക്ക് 12ന് ടാഗോർ തിയറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു അധ്യക്ഷത വഹിക്കും.
ചന്ദ്രശേഖർ നായർ സ്റ്റേഡിയത്തിൽ മത്സരങ്ങളുടെ ഭാഗമായി സാമൂഹ്യ നീതി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ഡോ. അദീല അബ്ദുള്ള പതാക ഉയർത്തി, കായിക മത്സരങ്ങൾക്കു തുടക്കം കുറിച്ചു. മന്ത്രി ഡോ.ആർ ബിന്ദു സമ്മാന വിതരണം ചെയ്തു. ഭിന്നശേഷി സ്‌പോർട്‌സ് പ്രതിഭ അസീം വെളിമണ്ണ, കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപറേഷൻ ചെയർപേഴ്‌സൺ അഡ്വ. ജയാഡാലി എം. വി, മാനേജിങ് ഡയറക്ടർ കെ. മൊയ്തീൻക്കുട്ടി, കൗൺസിലർ ഷേർലി.എസ്, സ്‌പോർട്‌സ് കമ്മിറ്റി കൺവീനർ മനോജ് കുര്യൻ എന്നിവർ പങ്കെടുത്തു. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുന്നൂറോളം ഭിന്നശേഷി വിഭാഗക്കാർ മത്സരങ്ങളിൽ പങ്കെടുത്തു. തിരുവനന്തപുരം ജില്ലാ സ്‌പോർട്‌സ് കൗൺസിലുമായി ചേർന്നാണ് സ്‌പോർട്‌സ് മീറ്റ് സംഘടിപ്പിച്ചത്.

കാർണിവലിന്റെ ഭാഗമായി വഴുതക്കാട് സർക്കാർ വനിതാ കോളേജിൽ വച്ച് ഭിന്നശേഷി തൊഴിൽമേള നടത്തി. തൊഴിൽ ദായകരായി 27 സ്ഥാപനങ്ങൾ പങ്കെടുത്തു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി തൊഴിൽമേള സന്ദർശിച്ചു. സെവൻ ആർക്, ആദിത്യ ബിർള ക്യാപിറ്റൽ, അനുപമ ഹോസ്പിറ്റൽ, എറ്റിപ്പിക്കൽ അഡ്വാൻറ്റേജ്, ഓഗ്മെന്റട് റിസർച്ച്, ചാണക്യ ബിസിനസ്സ്, ക്ലിയോമെഡ് ബയോടെക് തുടങ്ങിയ സ്ഥാപനങ്ങൾ തൊഴിൽ ദായകരായി മേളയിൽ പങ്കെടുത്തു. വിവിധ ജില്ലകളിൽ നിന്നുള്ള ഭിന്നശേഷി പ്രതിഭകൾ കലാപരിപാടികൾ അവതരിപ്പിച്ചു. ഭിന്നശേഷി - കല, സാഹിത്യം, ഭാഷ എന്ന വിഷയത്തിലും സ്ത്രീകളും ഭിന്നശേഷിയും എന്ന വിഷയത്തിലും ഓപ്പൺ ഫോറം നടന്നു.









