നവകേരളം ലക്ഷ്യമിട്ട് വികസനക്കുതിപ്പ്: നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപനം

post

കേരളത്തിന്റെ വികസന ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലുകൾ എണ്ണിപ്പറഞ്ഞും വരാനിരിക്കുന്ന ബൃഹദ് പദ്ധതികളുടെ രൂപരേഖ വ്യക്തമാക്കിയും പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനത്തിന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ നയപ്രഖ്യാപനത്തോടെ തുടക്കമായി. പത്തുവർഷത്തെ വികസന നേട്ടങ്ങൾ അടിത്തറയാക്കി 'നവകേരളം' എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലാണ് സർക്കാരെന്ന് ഗവർണർ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ എ. എൻ. ഷംസീറും ചേർന്ന് ഗവർണറെ സഭയിലേക്ക് സ്വീകരിച്ചു.

സാമ്പത്തിക വളർച്ചയും ദാരിദ്ര്യനിർമ്മാർജ്ജനവും

കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ കേരളം കൈവരിച്ച സാമ്പത്തിക വളർച്ച അതിശയിപ്പിക്കുന്നതാണെന്ന് ഗവർണർ പറഞ്ഞു. സംസ്ഥാനത്തിന്റെ ആഭ്യന്തര ഉൽപ്പാദനം 5.26 ലക്ഷം കോടി രൂപയിൽ നിന്ന് 12.49 ലക്ഷം കോടിയായി ഉയർന്നു. പ്രതിശീർഷ വരുമാനം ഏകദേശം ഇരട്ടിയായി വർധിച്ചു. അതിദാരിദ്ര്യം പൂർണ്ണമായും തുടച്ചുനീക്കിയ ആദ്യ സംസ്ഥാനമായി കേരളം മാറി. ഈ നേട്ടം നിലനിർത്താനായി ഇ.പി.ഇ.പി 2.0 പദ്ധതി നടപ്പിലാക്കും. ഡിജിറ്റൽ സാക്ഷരതയിൽ നൂറു ശതമാനം നേട്ടം കൈവരിച്ച കേരളം, ഡിജിറ്റൽ വിഭജനം ഇല്ലാതാക്കി സേവനങ്ങൾ ജനവാതിൽക്കൽ എത്തിക്കുന്നതിൽ മാതൃകയാണെന്നും ഗവർണർ പറഞ്ഞു.

കാർഷിക മേഖലയിലെ പുത്തൻ ഉണർവ്

2031-ഓടെ സുസ്ഥിരവും സ്വയംപര്യാപ്തവുമായ കാർഷിക കേരളം എന്ന ലക്ഷ്യം മുൻനിർത്തി ലോകബാങ്ക് സഹായത്തോടെയുള്ള 'കേര' പദ്ധതി നടപ്പിലാക്കും. കാർഷിക ഉൽപ്പന്നങ്ങൾക്ക് അന്താരാഷ്ട്ര വിപണി ഉറപ്പാക്കാൻ CIAL മാതൃകയിൽ കേരള അഗ്രോ ബിസിനസ് കമ്പനി (KABCO) രൂപീകരിച്ചു കഴിഞ്ഞു. നെല്ല് സംഭരണത്തിൽ വിപ്ലവകരമായ മാറ്റങ്ങളാണ് നടപ്പിലാകുന്നത്. സംഭരിച്ച് ഒരാഴ്ചയ്ക്കകം കർഷകർക്ക് പണം നൽകുന്നുവെന്ന് ഗവർണർ പറഞ്ഞു. 2026 അന്താരാഷ്ട്ര വനിതാ കർഷക വർഷമായി പ്രഖ്യാപിച്ച സാഹചര്യത്തിൽ വനിതാ കർഷകർക്കായി പ്രത്യേക പദ്ധതിയും നടപ്പിലാക്കും.

ആരോഗ്യരംഗത്തെ കുതിപ്പും ഇൻഷുറൻസ് പരിരക്ഷയും

കേരളത്തിന്റെ ആരോഗ്യ സൂചികകൾ വികസിത രാജ്യങ്ങളോട് കിടപിടിക്കുന്നതാണെന്ന് നയപ്രഖ്യാപനം അടിവരയിട്ടു. ശിശുമരണ നിരക്ക് കുറഞ്ഞതും മാതൃമരണ നിരക്കിലെ കുറവും ഇതിന് തെളിവാണ്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെ 42 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ചികിത്സ നൽകിവരുന്നു. ജില്ലാ ആശുപത്രികളിൽ ആദ്യമായി ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി എറണാകുളം ജനറൽ ആശുപത്രി ചരിത്രം കുറിച്ചു. ജീവിതശൈലീ രോഗങ്ങൾ തടയുന്നതിനായി ജനുവരി ഒന്ന് മുതൽ വലിയ ജനകീയ ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. ആയുർവേദ മേഖലയുടെ വിപുലീകരണത്തിന്റെ ഭാഗമായി കണ്ണൂരിൽ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ ഒന്നാം ഘട്ടം ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്യുമെന്നും ഗവർണർ അറിയിച്ചു.

വിദ്യാഭ്യാസവും തൊഴിൽ അവസരങ്ങളും

ഉന്നതവിദ്യാഭ്യാസ മേഖലയെ വിജ്ഞാന സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായി സർക്കാർ കാണുന്നു. നാലുവർഷ ബിരുദ കോഴ്‌സുകൾ നടപ്പിലാക്കിയത് ഈ മേഖലയിലെ വലിയ പരിഷ്‌കാരമാണ്. ഐടി മേഖലയിൽ ടെക്‌നോപാർക്കിലും ടെക്‌നോസിറ്റിയിലും വൻ തോതിലുള്ള വിപുലീകരണവും ലാൻഡ് പൂളിംഗ് വഴി ഇൻഫാപാർക്കിൽ എ.ഐ. സിറ്റി വികസനവും സാധ്യമാക്കും. തൊഴിൽ മേഖലയിൽ 'ചീഫ് മിനിസ്റ്റേഴ്‌സ് കണക്ട് ടു വർക്ക്' പദ്ധതിയിലൂടെ കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിലെ യുവാക്കൾക്ക് നൈപുണ്യ വികസനത്തിനായി പ്രതിമാസം 1000 രൂപ ധനസഹായം നൽകും. സംരംഭക വർഷം പദ്ധതിയിലൂടെ 3.53 ലക്ഷം സംരംഭങ്ങൾ ആരംഭിക്കാനും 7.5 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിച്ചു എന്നത് വലിയ നേട്ടമാണ്.


അടിസ്ഥാന സൗകര്യ വികസനവും വൻകിട പദ്ധതികളും

കിഫ്ബി വഴി 93,749 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ വ്യവസായ ഭൂമികയെ മാറ്റിമറിക്കും. കൊച്ചി മെട്രോ രണ്ടാം ഘട്ടം അതിവേഗം പൂർത്തിയാക്കുന്നതിനൊപ്പം തിരുവനന്തപുരം മെട്രോയ്ക്കും അംഗീകാരം നൽകിക്കഴിഞ്ഞു. സെമി ഹൈസ്പീഡ് റെയിൽ പദ്ധതി സർക്കാരിന്റെ മുൻഗണനാ പട്ടികയിലുണ്ട്. ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന്റെ നിർമ്മാണം 2026-ൽ ആരംഭിക്കുമെന്നും 2030-ഓടെ കമ്മീഷൻ ചെയ്യുമെന്നും ഗവർണർ പ്രഖ്യാപിച്ചു. കെഎസ്ആർടിസിയുടെ വരുമാനം റെക്കോർഡ് നിലവാരത്തിലെത്തിയതും കെഎസ്ആർടിസി ഡ്രൈവിംഗ് സ്‌കൂളുകളുടെ തുടക്കവും ഗതാഗത മേഖലയിലെ പുരോഗതി സൂചിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

സാമൂഹിക ക്ഷേമവും പുനരധിവാസവും

മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി പുനർഗേഹം പദ്ധതി വഴി സുരക്ഷിത പാർപ്പിടം ഉറപ്പാക്കുന്നു. വയനാട് മുണ്ടക്കൈ - ചൂരൽമല ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന വയനാട് ടൗൺഷിപ്പ് ഈ സർക്കാരിന്റെ കാലയളവിൽ തന്നെ പൂർത്തിയാക്കി ദുരന്തബാധിതർക്ക് കൈമാറും. സ്ത്രീശാക്തീകരണത്തിനായി 31 ലക്ഷം സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ നൽകുന്ന 'സ്ത്രീ സുരക്ഷാ പദ്ധതി' നടപ്പിലാക്കും. സാമൂഹിക സുരക്ഷാ പെൻഷനുകൾ കുടിശ്ശികയില്ലാതെ വിതരണം ചെയ്യുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഗവർണർ കൂട്ടിച്ചേർത്തു. അഴിമതിയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സർക്കാരിനുള്ളത്. എല്ലാ റവന്യൂ സേവനങ്ങളും സ്മാർട്ട് ആക്കിയതിലൂടെ സുതാര്യത ഉറപ്പാക്കാനായി.


പരിസ്ഥിതി സൗഹൃദ നവകേരളം

2050-ഓടെ കാർബൺ ന്യൂട്രൽ സംസ്ഥാനമായി മാറാനാണ് കേരളം ലക്ഷ്യമിടുന്നത്. ഇതിനായി പുനരുപയോഗ ഊർജ്ജത്തിന് പ്രാധാന്യം നൽകും. മാലിന്യമുക്ത നവകേരളം പദ്ധതിയിലൂടെ ശാസ്ത്രീയമായ മാലിന്യ സംസ്‌കരണം നടപ്പിലാക്കുന്നു. കൊച്ചി ബ്രഹ്‌മപുരത്ത് വേസ്റ്റ്-ടു-എനർജി പ്ലാന്റ് മെയ് മാസത്തിൽ ആരംഭിക്കും.