തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള എഐ അധിഷ്ഠിത കോൾ സെന്റർ ഉദ്ഘാടനം ചെയ്തു
സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ സുതാര്യതയും വേഗതയും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള നിർമ്മിത ബുദ്ധി (AI) അധിഷ്ഠിത കോൾ സെന്റർ സംവിധാനമായ 'സ്മാർട്ടി' പ്രവർത്തനസജ്ജമായി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
വിവിധ സേവനങ്ങൾക്കായി തദ്ദേശ സ്ഥാപനങ്ങളെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് ഇനി മുതൽ ഈ കോൾ സെന്റർ വഴി വിവരങ്ങളും പരാതി പരിഹാരങ്ങളും എളുപ്പത്തിൽ ലഭ്യമാകും. സാങ്കേതിക വിദ്യയെ ഭരണനിർവഹണത്തിന്റെ ഭാഗമാക്കി മാറ്റുന്നതിൽ കേരളം കൈവരിച്ച പുതിയ നേട്ടമാണിതെന്ന് മന്ത്രി എം. ബി. രാജേഷ് പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങളിൽ നിലവിൽ നടപ്പിലാക്കിയ 'കെ-സ്മാർട്ട്' പദ്ധതിയുടെ വൻ വിജയത്തിന് പിന്നാലെയാണ് പുതിയ എഐ സംവിധാനം എത്തുന്നത്. കെ-സ്മാർട്ട് വഴി ഫയലുകൾ തീർപ്പാക്കുന്നതിൽ വിപ്ലവകരമായ മാറ്റമാണ് ഉണ്ടായതെന്ന് കണക്കുകൾ നിരത്തി മന്ത്രി വിശദീകരിച്ചു. പദ്ധതി നടപ്പിലാക്കിയ ശേഷം 95 ലക്ഷത്തിലധികം ഫയലുകൾ ജനറേറ്റ് ചെയ്തതിൽ 30 ലക്ഷവും തീർപ്പാക്കിയത് കേവലം 24 മണിക്കൂറിനുള്ളിലാണ്. ഇതിൽ തന്നെ ഒൻപത് ലക്ഷത്തോളം ഫയലുകൾ വെറും ഒരു മണിക്കൂറിനുള്ളിൽ തീർപ്പാക്കാൻ സാധിച്ചു എന്നത് ഭരണരംഗത്തു നേടാൻ കഴിഞ്ഞ അവിശ്വസനീയമായ വേഗതയെയാണ് സൂചിപ്പിക്കുന്നത്. അവധി ദിനങ്ങളിൽ പോലും മൂന്നര ലക്ഷത്തിലധികം ഫയലുകൾ ജീവനക്കാർ തീർപ്പാക്കിയതായും മന്ത്രി പറഞ്ഞു.

വീഡിയോ കെവൈസി വഴി വിവാഹ രജിസ്‌ട്രേഷൻ നടത്താനുള്ള സംവിധാനം കേരളത്തിൽ വലിയ മാറ്റമാണ് കൊണ്ടുവന്നത്. വിദേശത്തിരിക്കുന്നവർക്ക് പോലും നാട്ടിലെത്താതെ തന്നെ വിവാഹം രജിസ്റ്റർ ചെയ്യാമെന്നത് കെ-സ്മാർട്ടിന്റെ സവിശേഷതയാണ്. 89,000-ത്തിലധികം വിവാഹങ്ങളാണ് ഇത്തരത്തിൽ രജിസ്റ്റർ ചെയ്തത്.
കെട്ടിട നിർമ്മാണ പെർമിറ്റുകളുടെ കാര്യത്തിലും ഇതേ വേഗത പ്രകടമാണ്. 84,000-ത്തോളം സെൽഫ് സർട്ടിഫൈഡ് പെർമിറ്റുകൾ നൽകിയതിൽ 32,000-ത്തിലധികവും 24 മണിക്കൂറിനുള്ളിൽ അനുവദിക്കാൻ കഴിഞ്ഞു. നഗരസഭകളിൽ ഫയലുകൾക്കായി മാസങ്ങളോളം കാത്തുനിൽക്കേണ്ടി വരുന്ന അവസ്ഥയ്ക്ക് ഇതോടെ വലിയ പരിഹാരമായിരിക്കുകയാണ്.
സാങ്കേതിക വിദ്യയുടെ സഹായത്തോടെ തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനത്തിലും വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. പുതിയ സോഫ്റ്റ്വെയറുകൾ വഴി ഡാറ്റ ശുദ്ധീകരണം നടത്തിയപ്പോൾ നികുതി വലയ്ക്ക് പുറത്തുണ്ടായിരുന്ന ഒന്നര ലക്ഷത്തോളം കെട്ടിടങ്ങൾ മുൻസിപ്പാലിറ്റികളിൽ മാത്രം കണ്ടെത്താൻ കഴിഞ്ഞു. ഇതിലൂടെ 393 കോടി രൂപയുടെ അധിക വരുമാനമാണ് സർക്കാരിലേക്ക് എത്തിയത്. അതുപോലെ തദ്ദേശ റോഡുകളുടെ വിവരശേഖരണത്തിനായി 'ആർ ട്രാക്ക്' എന്ന ജിഐഎസ് അധിഷ്ഠിത സോഫ്റ്റ്വെയർ ഉപയോഗിച്ചതും ചരിത്രപരമായ നീക്കമാണ്. ഇത് വഴി ഒന്നര ലക്ഷത്തിലധികം കിലോമീറ്റർ റോഡുകളുടെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്താൻ സാധിച്ചുവെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
മേയർ വി വി രാജേഷ്, തദ്ദേശ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി അനുപമ ടി.വി., പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ്, ഐകെഎം എക്‌സിക്യൂട്ടീവ് ഡയറക്ടർ സന്തോഷ് ബാബു, ശുചിത്വ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ബിനു ഫ്രാൻസിസ്, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.









