ഭിന്നശേഷി സർഗ്ഗോത്സവം 'സവിശേഷ' കാർണിവൽ ഓഫ് ദി ഡിഫറന്റിന് തുടക്കം

post

കേരളത്തെ മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കും : മന്ത്രി ഡോ. ആർ. ബിന്ദു

ഭിന്നശേഷി സർഗ്ഗോത്സവം 'സവിശേഷ' കാർണിവൽ ഓഫ് ദി ഡിഫറന്റിന് തുടക്കം. സർഗ്ഗോത്സവത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ ഉന്നത വിദ്യാഭ്യാസ - സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. കേരളത്തെ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ഭിന്നശേഷി സമൂഹത്തെ ശാക്തീകരിക്കുകയും അവരെ പൊതുസമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയും ചെയ്യുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ഇൻക്ലൂസിവ് ആയ ഒരു സമൂഹത്തെ സൃഷ്ടിക്കുന്നതിനായി സമൂഹത്തിന്റെ ബോധനിലവാരത്തിൽ പോസിറ്റീവ് ആയ മാറ്റങ്ങൾ കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.


ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസത്തിനും തൊഴിലിനും സ്‌കിൽ എൻഹാൻസ്‌മെന്റിനും ആവശ്യമായ നിരവധി പദ്ധതികൾ വകുപ്പ് നടപ്പിലാക്കുന്നുണ്ട്. ശാരീരിക പരിമിതികളെ മറികടക്കാൻ അസിസ്റ്റീവ് ടെക്‌നോളജി ഉപയോഗിച്ചുള്ള സഹായ ഉപകരണങ്ങൾ ലഭ്യമാക്കുന്നു. ഈ സർഗ്ഗോത്സവത്തിന്റെ ഭാഗമായി ഭിന്നശേഷിക്കാരായ പ്രതിഭകളുടെ കലാപ്രകടനങ്ങളും, അസിസ്റ്റീവ് ടെക്‌നോളജി പ്രദർശനവും, ഭിന്നശേഷിക്കാർ നിർമ്മിച്ച ഉൽപ്പന്നങ്ങളുടെ വിപണന മേളയും ഒരുക്കിയിട്ടുണ്ട്. കൂടാതെ കായിക മത്സരങ്ങൾ, ചലച്ചിത്രോത്സവം, ഭക്ഷ്യമേള, ഓപ്പൺ ഫോറങ്ങൾ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. ഗവൺമെന്റ് വിമൻസ് കോളേജിൽ ഭിന്നശേഷിക്കാർക്കായി വിപുലമായ ജോബ് ഫെയറും നടക്കുന്നു. സാമൂഹ്യ സുരക്ഷാ മിഷന് കീഴിലുള്ള 'റിഥം' ഭിന്നശേഷി കലാട്രൂപ്പിന്റെ പരിപാടികളുമുണ്ട്. സാമൂഹ്യനീതി വകുപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഭിന്നശേഷിക്കാർക്കായി ഇത്തരമൊരു വിപുലമായ കാർണിവൽ സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ ഈ വർഷത്തെ ഭിന്നശേഷി പുരസ്‌കാരങ്ങൾ മന്ത്രി വിതരണം ചെയ്തു. ഈ മേഖലയിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവെക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും മന്ത്രി ആദരിച്ചു.


കെ. ആൻസലൻ എം.എൽ.എ അധ്യക്ഷനായിരുന്ന ചടങ്ങിൽ പ്രശസ്ത നർത്തകി ഡോ. മേതിൽ ദേവിക, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി, സാമൂഹ്യ നീതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഡോ. അദില അബ്ദുള്ള, ഡയറക്ടർ മിഥുൻ പ്രേംരാജ് തുടങ്ങിയവർ സന്നിഹിതരായി.