മുടിവെട്ടാന്‍ പോകുമ്പോള്‍ തുണിയും ടൗവ്വലും കരുതാം

post

കോട്ടയം : കൊറോണ പ്രതിരോധ നിര്‍ദേശങ്ങള്‍ നിലവിലുള്ള സാഹചര്യത്തില്‍ ബാര്‍ബര്‍ ഷോപ്പില്‍ പോകുന്നവര്‍ പുതയ്ക്കുന്നതിനുള്ള തുണിയും തുടയ്ക്കുന്നതിനുള്ള ടൗവ്വലും കൊണ്ടുപോകുന്നതാണ് അഭികാമ്യം. ഇവയ്ക്ക് പകരമായി ഉപയോഗിക്കാവുന്ന ഡിസ്‌പോസിബിള്‍ വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതുവരെ പൊതുജനങ്ങള്‍ ഈ നിര്‍ദേശം പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു പറഞ്ഞു.ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെ പ്രവര്‍ത്തിക്കാനാണ് അനുമതി നല്‍കിയിട്ടുള്ളത്.

മറ്റു നിര്‍ദേശങ്ങള്‍

*ജീവനക്കാരും ഉപഭോക്താക്കളും നിര്‍ബന്ധമായും മാസ്‌ക് ഉപയോഗിക്കണം.

*സാമൂഹിക അകലം പാലിക്കേണ്ടതുകൊണ്ട് ഒരേ സമയം ഷോപ്പിനുള്ളില്‍ രണ്ടിലധികം ആളുകള്‍ കാത്തിരിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ ഷോപ്പുടമകള്‍ ഏര്‍പ്പെടുത്തണം.

*ഷോപ്പിനുള്ളില്‍ കസേരകളുടെ ക്രമീകരണത്തിലും അകലം പാലിക്കണം.

*ഓരോരുത്തര്‍ക്കും സേവനം നല്‍കിയശേഷം ഉപകരണങ്ങളും ഇരിപ്പിടവും മേശയും അണുനശീകരണം നടത്തുകയും ജീവനക്കാരുടെ കൈകള്‍ സോപ്പ് ഉപയോഗിച്ച്കഴുകുകയും വേണം.

*സ്പര്‍ശനം പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.

*എയര്‍ കണ്ടീഷണര്‍ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല.ജനാലകള്‍ തുറന്നിട്ട് യഥേഷ്ഠം വായു സഞ്ചാരം ഉറപ്പാക്കണം.

*ഷേവ് ചെയ്ത ശേഷം മുഖത്ത് കല്ല് ഉരയ്ക്കുന്നത് ഒഴിവാക്കണം.

*പനി, ചുമ, ജലദോഷം തുടങ്ങിയവയുള്ളവര്‍ ബാര്‍ബര്‍ ഷോപ്പുകളില്‍ പോകരുത്. ഇതേ ലക്ഷണങ്ങളുള്ള ജീവനക്കാരെ ജോലിക്ക് നിയോഗിക്കുകയുമരുത്.

*ഡോര്‍ ഹാന്‍ഡില്‍, ടാപ്പുകളുടെ നോബ്, സ്വിച്ചുകള്‍, ഉപകരണങ്ങള്‍ എന്നിവ അണുനാശിനി ഉപയോഗിച്ച് ശുചിയാക്കണം.

*ഉപഭോക്താക്കളും ജീവനക്കാരും ഷോപ്പിനുള്ളില്‍ കടക്കുമ്പോഴും പുറത്തേക്ക് പോകുമ്പോഴും കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് ശുചിയാക്കണം.