വ്യാപാര സ്ഥാപനങ്ങളില്‍ മുന്‍കരുതലുകള്‍ വേണം

post

കോട്ടയം : ലോക് ഡൗണില്‍ ഇളവുകള്‍ അനുവദിച്ചതിനെത്തുടര്‍ന്ന് ഏപ്രില്‍ 21ന് തുറക്കുന്ന കോട്ടയം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങള്‍ രോഗ പ്രതിരോധ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു നിര്‍ദേശിച്ചു. ജില്ലയിലെ വ്യാപാരി വ്യവസായികളുടെയും മറ്റ് സ്വകാര്യ സ്ഥാപന ഉടമകളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, എ.ഡി.എം. അനില്‍ ഉമ്മന്‍ എന്നിവരും കളക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.

മറ്റു നിര്‍ദേശങ്ങള്‍ ഇങ്ങനെ

വ്യാപാര സ്ഥാപനങ്ങള്‍ ഇന്ന്(ഏപ്രില്‍ 20) ശുചീകരിക്കണം.

പൊതു സ്ഥലങ്ങളില്‍ പോലീസും ഫയര്‍ഫോഴ്‌സും തദ്ദേശഭരണ വകുപ്പും ചേര്‍ന്ന് അണുനശീകരണം നടത്തും.

വിവിധ വിഭാഗങ്ങളിലുള്ള സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനത്തിന് അനുവദിച്ചിട്ടുള്ള സമയക്രമം പാലിക്കാന്‍ ശ്രദ്ധിക്കണം.

വ്യാപാര സ്ഥാപനങ്ങളിലും കൂടുതല്‍ പേര്‍ ഒന്നിച്ച് എത്തുന്ന സാഹചര്യം ഒഴിവാക്കണം. ഇതിനായി നിലവില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നടപ്പാക്കിയിട്ടുള്ള ക്യൂ സമ്പ്രദായം ഏര്‍പ്പെടുത്താവുന്നതാണ്.

കൂടുതല്‍ ജീവനക്കാരുള്ള വ്യാപാര സ്ഥാപനങ്ങളില്‍ സാമൂഹിക അകലം പാലിക്കുന്നതിന് പരിമിതികളുണ്ടെങ്കില്‍ ഷിഫ്റ്റ് സമ്പ്രദായം ഏര്‍പ്പെടുത്തണം.

ഓരോ ഷിഫ്റ്റിനു ശേഷവും സ്ഥാപനത്തില്‍ അണുനശീകരണം നടത്തണം.

ജീവനക്കാര്‍ എല്ലാവരും മാസ്‌ക് ഉപയോഗിക്കണം. സാധ്യമെങ്കില്‍ ഇടപാടുകാര്‍ക്കും വ്യാപാര സ്ഥാപനങ്ങളില്‍നിന്നുതന്നെ മാസ്‌ക് നല്‍കണം.

ഹോട്ടലുകളും റസ്റ്റോറന്റുകളിലും ഡൈനിംഗ് അനുവദിച്ചിട്ടുള്ള സമയത്ത്( രാവിലെ എട്ടു മുതല്‍ വൈകുന്നേരം ഏഴുവരെ) സാമൂഹിക അകലം ഉറപ്പാക്കണം.

മറ്റു ജില്ലകളില്‍നിന്നുള്ള ജീവനക്കാര്‍ കോട്ടയം ജില്ലയിലെത്തിയാല്‍ ഇവിടെ താമസിച്ച് ജോലിയില്‍ തുടരേണ്ടതാണ്.

റെഡ് സോണില്‍ ഉള്‍പ്പെട്ട കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍നിന്നുള്ള ജീവനക്കാര്‍ ജില്ലയിലെത്തിയാല്‍ 14 ദിവസം ക്വാറന്റയിന്‍ കഴിഞ്ഞശേഷമേ ജോലിയില്‍ പ്രവേശിക്കാവൂ.

പനി, ചുമ, തൊണ്ട വേദന തുടങ്ങിയവയുള്ളവരെ ജോലിയില്‍ നിയോഗിക്കരുത്. കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ ഇന്‍ഫ്രാ റെഡ് തെര്‍മോ മീറ്റര്‍ ഉപയോഗിച്ച് അവരുടെ ശരീരോഷ്മാവ് പരിശോധിക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തണം.