ലോക്ഡൗണ്‍ വിശേഷങ്ങള്‍ തിരക്കി കളക്ടറുടെ ഗൃഹ സന്ദര്‍ശനം

post

തിരുവനന്തപുരം : മടത്തറ ചല്ലിമുക്ക് സ്വദേശി മനോജ്കുമാറിന്റെ വീട്ടില്‍ ഇന്നലെ ഒരു അപ്രതീക്ഷിത അതിഥി എത്തി. മറ്റാരുമല്ല, ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍. ലോക്ഡൗണ്‍ കാലത്തെ വിശേഷങ്ങള്‍ തിരക്കിയായിരുന്നു വരവ്. അപ്രതീക്ഷിത വരവില്‍ വീട്ടുകാര്‍ ആദ്യമൊന്ന് അമ്പരന്നെങ്കിലും സൗഹൃദ സന്ദര്‍ശനമെന്നറിഞ്ഞപ്പോള്‍ ഏവര്‍ക്കും ആഹ്ലാദമായി. വീട്ടിനുള്ളില്‍ത്തന്നെ ഇരിക്കുന്നതില്‍ ആദ്യമൊക്കെ ബുദ്ധിമുട്ട് ഉണ്ടായിരുന്നെങ്കിലും  ലോക്ഡൗണ്‍ കാലം ഒരിക്കലും മറക്കാനാകില്ലെന്ന് മനോജ്കുമാറും അമ്മയും ഭാര്യയും മക്കളും കളക്ടറോട് പറഞ്ഞു. കുടുംബത്തിലെ എല്ലാ അംഗങ്ങളും ഒരുമിച്ച് ഇത്രയുമധികം സമയം ചെലവഴിക്കുന്നത് അദ്യമായാണ്. റേഷന്‍ സാധനങ്ങള്‍ കൃത്യസമയത്തുതന്നെ ലഭിച്ചു. അടുത്ത ബന്ധുക്കളായ കുറച്ചുപേര്‍ വിദേശത്തുണ്ട്. ഇവരെല്ലാം സുരക്ഷിതരാണെന്ന് മനോജ്കുമാര്‍ പറഞ്ഞു. സര്‍ക്കാര്‍ നടത്തുന്ന കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുടംബം ഒറ്റക്കെട്ടായി അഭിനന്ദിച്ചു. ലോക്ഡൗണ്‍ കാലമണെങ്കിലും പഠനം മുടക്കരുതെന്നും ഇതിനായി അസാപ്പിന്റെത് അടക്കം ഓണ്‍ലൈന്‍ പഠനസൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും കുട്ടികളോട് കളക്ടര്‍ പറഞ്ഞു. തൊട്ടടുത്തുള്ള വീടുകളും കളക്ടര്‍ സന്ദര്‍ശിച്ചു. ചല്ലിമുക്ക്, തട്ടത്തുമല എന്നിവിടങ്ങളിലെ പോലീസ് ചെക്ക്പോസ്റ്റുകളിലും കളക്ടര്‍ വാഹനപരിശോധന പരിശോധന നടത്തി. ചെക്ക്പോസ്റ്റിലെ ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസ്, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരുമായി കളക്ടര്‍ സംസാരിച്ചു.