ഭിന്നശേഷി സർഗോത്സവം ജനുവരി 19-21 വരെ തിരുവനന്തപുരത്ത്
ഭിന്നശേഷി സമൂഹത്തിന്റെ ശാക്തീകരണവും സാമൂഹിക ഉൾച്ചേർക്കലും മുഖ്യലക്ഷ്യമായി സംസ്ഥാന സാമൂഹ്യ നീതി വകുപ്പ് ഭിന്നശേഷി സർഗോത്സവം 'സവിശേഷ - കാർണിവൽ ഓഫ് ദി ഡിഫറന്റ്' സംഘടിപ്പിക്കുന്നു. അസിസ്റ്റീവ് ടെക്നോളജി, തൊഴിൽ, സംരംഭകത്വം എന്നിവയിലെ അവസരങ്ങൾ, ഉൾക്കൊള്ളലോടെയുള്ള കായികമേളകൾ തുടങ്ങിയവയിലൂടെ കേരളത്തെ മാതൃകാ സംസ്ഥാനമാക്കി മാറ്റാൻ ജനുവരി 19-21 വരെ തിരുവനന്തപുരത്ത് നടക്കുന്ന സർഗോത്സവം വഴിതെളിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു സെക്രട്ടേറിയറ്റിലെ പി ആർ ചേംബറിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിലെ ഭിന്നശേഷി മേഖലയിലെ സമഗ്രമായ പ്രവർത്തനങ്ങൾ, രാജ്യത്തിനു തന്നെ മാതൃകയാക്കാവുന്ന പദ്ധതികൾ, ഈ മേഖലയിലെ ദേശീയ-അന്തർദേശീയ വീക്ഷണങ്ങൾ, അസിസ്റ്റീവ് ടെക്നോളജി ഡെമോൻസ്ട്രഷൻ, കലാ-കായിക പരിപാടികൾ, തൊഴിൽമേള, നൈപുണ്യ വികസനശില്പശാല, ഇൻക്ലൂസീവ് ചലച്ചിത്രോത്സവം തുടങ്ങിയവ സർഗോത്സവത്തിൽ ഉൾപ്പെടുത്തും.
ഭിന്നശേഷി വ്യക്തികൾക്ക് തുല്യനീതി ഉറപ്പാക്കി സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുന്നതിന് ആർപി ഡബ്ല്യുഡി ആക്ട് (2016) നിലവിൽ വന്നതിൽപ്പിന്നെ ഭിന്നശേഷിക്കാർക്കായി നിയമം അനുശാസിക്കും പ്രകാരമുള്ള വിവിധ പദ്ധതികളും പരിപാടികളും സാമൂഹ്യനീതി വകുപ്പ് നടപ്പാക്കി വരുന്നുണ്ട്. ഭിന്നശേഷി വ്യക്തികൾക്ക് സമഗ്രമായ ഉൾക്കൊള്ളലും പ്രാപ്യതയും ഉറപ്പാക്കുക, ഭിന്നശേഷി അവകാശങ്ങളെക്കുറിച്ച് പൊതുജനാവബോധം വർദ്ധിപ്പിക്കുക, ഭിന്നശേഷി ജനസമൂഹത്തിന്റെ കഴിവുകളും പ്രതിഭകളും ദേശീയശ്രദ്ധയിൽ കൊണ്ടുവരിക എന്നിവയും പരിപാടിയിലൂടെ ലക്ഷ്യമിടുന്നുണ്ട്.
സഹായ സാങ്കേതികവിദ്യകളുടെ പ്രദർശനം, ഭിന്നശേഷിക്കാർ നിർമ്മിച്ച ഉൽപ്പന്നങ്ങളുടേയും ഉപകരണങ്ങളുടേയും പ്രദർശന-വിപണനം എന്നിവയ്ക്കൊപ്പം അന്താരാഷ്ട്രതലത്തിലെ നവീന ആശയങ്ങളും അവതരിപ്പിക്കും. തൊഴിൽ മേളയ്ക്ക് പുറമെ, നിയമ അവബോധ പരിപാടികളും രക്ഷിതാക്കൾക്കും പരിചാരകർക്കുമുള്ള പിന്തുണാ സംവിധാനങ്ങളെക്കുറിച്ചുള്ള ബോധവത്കരണവും നടക്കും. ഭിന്നശേഷി അവകാശങ്ങളും നയപരിഷ്കരണങ്ങളും സംബന്ധിച്ച സംവാദങ്ങളും വ്യവസായ പ്രമുഖർ, നയരൂപീകരണ വിദഗ്ദ്ധർ, ഭിന്നശേഷി മേഖലയിലെ പ്രവർത്തകർ എന്നിവരുമായുള്ള സംവാദങ്ങൾക്കും വേദികൾ ഉണ്ടാവും.
ഭിന്നശേഷിക്കാരായ കലാകാരന്മാർ അവതരിപ്പിക്കുന്ന സംഗീതം, നൃത്തം, നാടകം, മറ്റ് ദൃശ്യാവതരണ പരിപാടികൾ എന്നിവ മേളയ്ക്ക് മിഴിവേകും. ന്യൂറോ ഡൈവേഴ്സിറ്റിയുമായി ബന്ധപ്പെട്ട പ്രത്യേകം ആഘോഷപരിപാടികൾ മേളയുടെ ഭാഗമാകും. 'അൻപ്' ബയോസ്കോപ്പ് ഇൻക്ലൂസീവ് സിനിമകളും പ്രദർശിപ്പിക്കും.
സാമൂഹികസമത്വം ആധാരമാക്കിയ ഇൻക്ലുസീവ് കായിക മത്സരങ്ങളോടെയുള്ള ഇൻക്ലൂസീവ് ഒളിമ്പിക്സ് ‘സവിശേഷ’യുടെ മുഖ്യ ആകർഷണമാകും. പൂർണ്ണമായും ബാരിയർ-ഫ്രീ സൗകര്യങ്ങൾ ഇൻക്ലൂസീവ് ഒളിമ്പിക്സിൽ ഒരുക്കും. കുടുംബശ്രീ യൂണിറ്റുകളും പ്രത്യേക അയൽക്കൂട്ടങ്ങളും നേതൃത്വം നൽകുന്ന ഭക്ഷ്യമേള, സ്വയംതൊഴിൽ നിർമ്മാണ ഉല്പന്നങ്ങളുടെ പ്രദർശന-വിപണന മേള എന്നിവയും 'സവിശേഷ'യിൽ ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.










