തദ്ദേശ തിരഞ്ഞെടുപ്പ് : ശബ്ദ നിയന്ത്രണം പാലിക്കണം
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പരസ്യപ്രചാരണങ്ങളിൽ ശബ്ദ നിയന്ത്രണം കർശനമായി പാലിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ നിർദ്ദേശിച്ചു. പ്രചാരണ വാഹനങ്ങളിൽ അനുവദനീയമായ ശബ്ദത്തിനു മുകളിലുള്ള മൈക്ക് അനൗൺസ്മെന്റുകൾ, ലൗഡ് സ്പീക്കറിലൂടെയുള്ള പ്രചാരണ ഗാനങ്ങൾ എന്നിവ കേൾപ്പിക്കുന്നത് മാതൃകാ പെരുമാറ്റചട്ടത്തിന്റെയും ശബ്ദമലിനീകരണ നിയന്ത്രണ നിയമങ്ങളുടെയും ലംഘനമാണ്.
പൊതുനിരത്തുകളിലും ജംഗ്ഷനുകളിലും ഗതാഗതത്തിന് തടസ്സമുണ്ടാക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്യുന്ന രീതിയിൽ ലൗഡ്സ്പീക്കർ ഉപയോഗിക്കാൻ പാടില്ല. അനുവദനീയമായ സമയപരിധിയ്ക്ക് മുൻപോ ശേഷമോ ഉള്ള അനൗൺസ്മെന്റുകൾ എന്നിവയും വിലക്കിയിട്ടുണ്ട്. ആശുപത്രി, വിദ്യാലയ പരിസരങ്ങൾ ഉൾപ്പടെ നിശബ്ദ സോണുകളായി പ്രഖ്യാപിച്ചിട്ടുള്ള മേഖലകളിൽ ശബ്ദപ്രചാരണം പൂർണമായും ഒഴിവാക്കണം.
പടക്കം, വെടിക്കെട്ട് മുതലായവ നിയമാനുസൃതമായി മാത്രമേ പ്രചാരണത്തിന് ഉപയോഗിക്കുവാൻ പാടുള്ളൂ. സ്ഥാനാർത്ഥികളെ സ്വീകരിക്കുമ്പോൾ ഉൾപ്പടെ പൊതുസ്ഥലങ്ങളിൽ വെടിക്കെട്ട് നടത്തുന്നതിന് ജില്ലാ മജിസ്ട്രേറ്റിൽ നിന്ന് ലൈസൻസ് ആവശ്യമാണ്.
പ്രചാരണ പ്രവർത്തനങ്ങളിൽ ശബ്ദമലിനീകരണം, പരിസരമലിനീകരണം എന്നിവയുടെ നിരീക്ഷണം ഊർജ്ജിതമാക്കാനും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കാനും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ കളക്ടർമാർക്കും നിരീക്ഷകർക്കും നിർദേശം നൽകി.










