തിരഞ്ഞെടുപ്പിൽ ഹരിതചട്ടപാലന നടപടികൾ ശക്തം, ഇതിനോടകം ചുമത്തിയത് 46 ലക്ഷത്തിന്റെ പിഴ
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ ഹരിതചട്ടം പാലിക്കാതെ നടത്തുന്ന പ്രചാരണ-പ്രവർത്തനങ്ങൾക്കെതിരെ വിവിധ ജില്ലകളിലായി ഇതുവരെ 6500 കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനകളിലായി 340 ലംഘനങ്ങൾ കണ്ടെത്തി. ഇതുവരെ, 14 ജില്ലകളിലായി 46 ലക്ഷം രൂപ പിഴയായും ചുമത്തിയിട്ടുണ്ട്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുവേണ്ടി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ജില്ലാതല നോഡൽ ഓഫീസർമാരും ശുചിത്വ മിഷനും നടത്തുന്ന പരിശോധനകളിലാണ് ലംഘനങ്ങൾ കണ്ടെത്തി പിഴ ചുമത്തിയിരിക്കുന്നത്.
മൊത്തം രണ്ടു ടണ്ണിന്റെ നിരോധിത ഉൽപ്പന്നങ്ങളും, തെർമോക്കോൾ, പ്ലാസ്റ്റിക് എന്നിവ കൊണ്ടുള്ള ഒറ്റത്തവണ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളും, നിരോധിത അലങ്കാര വസ്തുക്കളും ഇതിനോടകം കണ്ടുകെട്ടി.
പിവിസി ഫ്‌ലക്‌സുകൾക്ക് പകരം മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരമുള്ള പുനരുപയോഗിക്കാവുന്ന പോളി എത്തിലീനും പ്ലാസ്റ്റിക്ക് കലർന്ന നൈലോൺ, പോളിസ്റ്റർ, കൊറിയൻ ക്ലോത്ത് എന്നിവയ്ക്ക് പകരം നൂറ് ശതമാനം കോട്ടൺ തുണിയുമാണ് ബോർഡുകൾക്കും മറ്റുമായി ഉപയോഗിക്കേണ്ടത്.
തെർമ്മോക്കോൾ, സൺപാക്ക് ഉൾപ്പെടെയുള്ള നിരോധിത വസ്തുക്കൾ അലങ്കാര ആവശ്യങ്ങൾക്കായി ഒഴിവാക്കി പ്രകൃതി സൗഹൃദവസ്തുക്കൾ മാത്രം ഉപയോഗിക്കണം. ഭക്ഷണവും വെള്ളവും വിതരണം ചെയ്യുന്ന സാഹചര്യങ്ങളിൽ പ്ലാസ്റ്റിക്, തെർമോക്കോൾ എന്നിവ കൊണ്ടുണ്ടാക്കിയ, ഉപയോഗിച്ച് ഉപേക്ഷിക്കുന്ന കപ്പുകൾക്കും, പാത്രങ്ങൾക്കും പകരം സ്റ്റീലിന്റേയോ സെറാമിക്കിന്റെയോ ബദൽ ഉൽപ്പന്നങ്ങൾ ഉപയോഗിക്കണം.
അനുവദനീയമായ എല്ലാത്തരം പ്രചരണവസ്തുക്കളിലും പിവിസി മുക്തമെന്ന ലോഗോയും, പ്രിന്ററുടെ പേരും, ഫോൺ നമ്പറും, ഓർഡർ നമ്പറും നിർബന്ധമായും ഉണ്ടായിരിക്കേണമെന്നും നിർദേശമുണ്ട്.
പരിസ്ഥിതി സൗഹൃദ വസ്തുക്കളുടെ വ്യാജനിർമ്മിതിയും, വിൽപ്പനയും തടയുന്നതിലേക്കാണ് ഈ നടപടി.
തിരഞ്ഞെടുപ്പ് കാലത്ത് ഹരിതചട്ടം ലംഘിക്കപ്പെടുന്നുവെന്ന് കണ്ടാൽ പൊതുജനങ്ങൾക്കും 9446700800 എന്ന് വാട്‌സപ്പ് നമ്പറിലേക്ക് തെളിവ് സഹിതം പരാതിപ്പെടാം.










