അന്താരാഷ്ട്ര ഡോക്യുമെന്ററി,ഹൃസ്വചലച്ചിത്രമേള: ഡെലിഗേറ്റ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു
സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന16ാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി,ഹൃസ്വ ചലച്ചിത്രമേളയുടെ (ഐ.ഡി.എസ്.എഫ്.എഫ്.കെ) ഡെലിഗേറ്റ് കിറ്റ് വിതരണം ചീഫ് സെക്രട്ടറി ഡോ. വി. വേണു ഉദ്ഘാടനം ചെയ്തു. കൈരളി തിയേറ്റര്‍ പരിസരത്ത് സംഘടിപ്പിച്ച ചടങ്ങില്‍ ആദ്യ പാസ് യുവനടി അനഘ മായാ രവിക്ക് നല്‍കിയാണ് ചീഫ് സെക്രട്ടറി ഉദ്ഘാടനം നിര്‍വഹിച്ചത്. ജിയോബേബി സംവിധാനം ചെയ്ത'കാതല്‍'എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളുടെ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായ നടിയാണ് അനഘ.
ചീഫ് സെക്രട്ടറിക്കുള്ള ഡെലിഗേറ്റ് കിറ്റ് ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍ ചടങ്ങില്‍ സമ്മാനിച്ചു. ഉദ്ഘാടന ചടങ്ങില്‍ ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായ കുക്കുപരമേശ്വരന്‍,ഷൈബു മുണ്ടക്കല്‍,ജോബി എ എസ്,എന്നിവര്‍ പങ്കെടുത്തു. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ് സ്വാഗതവും ഫെസ്റ്റിവല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എച്ച് ഷാജി നന്ദിയും പറഞ്ഞു.
രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്കുള്ള കിറ്റുകള്‍ ഉദ്ഘാടനച്ചടങ്ങിന് ശേഷം കൈരളി തിയേറ്റര്‍ പരിസരത്ത് സജ്ജീകരിച്ച ഡെലിഗേറ്റ് സെല്ലില്‍നിന്നും വിതരണം ചെയ്തു തുടങ്ങി. ജൂലൈ26മുതല്‍31വരെ ആറു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ ഡോക്യുമെന്ററി,ഹ്രസ്വചിത്ര വിഭാഗങ്ങളിലായി335ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.750ഓളം ഡെലിഗേറ്റുകളും ഇരുന്നൂറോളം വിദ്യാര്‍ഥികളുമാണ് ഐഡിഎസ്എഫ്എഫ്‌കെയില്‍ ഇത്തവണ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.