ഇതുവരെ സംഭരിച്ച നെല്ലിന്റെ വില നവംബർ 10 മുതൽ 30 രൂപ നിരക്കിൽ നൽകും
ചൊവ്വാഴ്ച മുതൽ എഫ്.സി.ഐയുമായും സെൻട്രൽ വെയർ ഹൗസിംഗ് കോർപ്പറേഷനുമായും സഹകരിച്ച് നെല്ല് സംഭരിക്കും
നിലവിൽ സർക്കാർ നിശ്ചയിച്ച പ്രകാരം നെല്ല് സംഭരിക്കുന്ന മില്ലുകൾക്ക് പുറമേ കൂടുതലായി കൊയ്തു വെച്ചിരിക്കുന്ന നെല്ല് നവംബർ 11 (ചൊവ്വ) മുതൽ എഫ്സിഐയുമായും സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷനുമായും സഹകരിച്ചു സംഭരിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. നെല്ല് സംഭരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാനുള്ള നടപടികൾ ചർച്ച ചെയ്യുന്നതിന് മങ്കൊമ്പ് നെല്ല് ഗവേഷണകേന്ദ്രത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും കർഷകരും സപ്ലൈകൊ ഉദ്യോഗസ്ഥരുമായി നടന്ന ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. കൃഷി വകുപ്പ് മന്ത്രി പി.പ്രസാദും ചർച്ചയിൽ പങ്കെടുത്തു. സെൻട്രൽ വേർഹൗസിങ് കോർപറേഷന്റെ ഗോഡൗണുകളിൽ സംഭരിക്കുന്ന നെല്ല് സൂക്ഷിക്കും. മറ്റ് നടപടികളിലേക്ക് വരും ദിവസങ്ങളിൽ മുന്നോട്ട് പോവാനും തീരുമാനിച്ചിട്ടുണ്ട്. മിൽ ഉടമ സംഘടനകളു യായി മുഖ്യമന്ത്രി ഉൾപ്പെടെ ചർച്ച ചെയ്തിട്ടും സംഭരണ പ്രവർത്തനങ്ങളിൽ സഹകരിക്കാൻ
നിരവധി മില്ലുകൾ തയ്യാറാകാത്ത സാഹചര്യത്തിലാണ് കർഷകരുടെ പ്രയാസം ഒഴിവാക്കുന്നതിനായി മാർഗ്ഗങ്ങൾ സർക്കാർ ആവിഷ്കരിച്ചത്.
കർഷകർ ഇതുവരെ സംഭരിച്ച നെല്ലിന്റെ പണം തിങ്കളാഴ്ച മുതൽ കൊടുത്ത് തുടങ്ങും. എഫ്സിഐ സംഭരിച്ചു തുടങ്ങുന്ന നെല്ലിന്റെ വില ഒരാഴ്ചയ്ക്കുള്ളിൽ സർക്കാർ തീരുമാനിച്ച തുകയായ 30 രൂപ നിരക്കിൽ നൽകാൻ പിആർഎസ് വായ്പയുടെ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു.
ഇതിലൂടെ കർഷകന്റെ പ്രയാസങ്ങൾ അകറ്റാൻ കഴിയും. പാലക്കാട് ജില്ലയിൽ കർഷകരും സഹകരണ പ്രസ്ഥാനങ്ങളുമായി ചർച്ച നടത്തി സഹകരണപ്രസ്ഥാനത്തിലൂടെ സംഭരിക്കാനുള്ള സാദ്ധ്യതകൾ ആരായും.ഇതിനായി നാളെ സഹകരണ - തദ്ദേശ സ്വയംഭരണ- വൈദ്യുതി മന്ത്രിമാരുടെ നേതൃത്വത്തിൽ പാലക്കാട് യോഗം ചേരുന്നുണ്ട്. ആവശ്യമായ സഹകരണ സംഘങ്ങളെ നെല്ല് സംഭരണത്തിൽ എത്തിക്കുന്ന കാര്യം കഴിഞ്ഞ മന്ത്രി സഭായോഗം ചർച്ച ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ കർഷകരുടെ പ്രയാസങ്ങൾ അകറ്റാനും സമയബന്ധിതമായി പണം കൊടുക്കാനുമുള്ള തീരുമാനവുമായി സർക്കാർ മുന്നോട്ട് പോവുകയാണെന്ന് ജി ആർ അനിൽ പറഞ്ഞു.
നെല്ല് സംഭരിക്കാൻ വിമുഖത മില്ല് ഉടമകളുടെ സംഘടന കാട്ടുന്ന സാഹചര്യത്തിൽ അതിനെ എങ്ങനെ മറികടക്കാം എന്നതാണ് സർക്കാർ ആലോചിച്ചത്. ഈ സാഹചര്യത്തിൽ മിൽ ഉടമകളുമായി സപ്ലൈക്കോ കഴിഞ്ഞ ആഴ്ച നടത്തിയ ചർച്ചയിൽ നാല് മില്ലുകൾ നെല്ല് സംഭരിക്കാൻ തയ്യാറായി വന്നു. 2432 മെട്രിക് ടൺ നെല്ല് കഴിഞ്ഞ മൂന്നു ദിവസമായി സംഭരിച്ചു. ഇന്നും പ്രവർത്തനങ്ങൾ നടന്നുവരുകയാണ്. പാലക്കാട്,തൃശ്ശൂർ, കോട്ടയം, ആലപ്പുഴ ജില്ലകളിൽ നെല്ല് സംഭരിക്കുന്ന പ്രവർത്തി തുടരുകയാണ്. ഇന്ന് രണ്ട് മില്ലുകൾ കൂടി കരാറിൽ ഒപ്പിടാൻ തയ്യാറായിട്ടുണ്ട്. എന്നാൽ ആറ് മില്ലുകൾക്ക് പൂർണ്ണമായും സംഭരിക്കാൻ സാധിക്കില്ല. അടുത്ത ആഴ്ചമുതൽ നെല്ലിന്റെ കൊയ്ത്തു കൂടുതലാണ്. നവംബർ, ഡിസംബർ മാസത്തെ കൊയ്ത്തു കണക്കിലെടുത്തു കൊണ്ട് സർക്കാർ ബദൽ സംവിധാനം രൂപപ്പെടുത്താനാണ് ആലോചിച്ചത് .
സംഭരണത്തിൽ ഏറ്റവും വലിയ പ്രതിസന്ധി ഉണ്ടായിരുന്നത് കുട്ടനാട്ടിലാണെന്ന് കൃഷി മന്ത്രി പി.പ്രസാദ് പറഞ്ഞു. കോയ്ത്തിന്റ സമയം ആവുമ്പോളേക്കും മില്ലുകാർ ഉണ്ടാക്കുന്ന പ്രതിസന്ധി ചെറുതായിരുന്നില്ല. മില്ലുടമകൾ അനുകൂല്യങ്ങൾ കൂടുതലായി കിട്ടണമെന്നുള്ള നിർദ്ദേശങ്ങൾ വെച്ചു. ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത അന്യായമായ അവശ്യങ്ങൾ ഉയർത്തി നെല്ല് സംഭരണത്തെ തന്നെ തകിടംമറിക്കാൻ ശ്രമിച്ചു. ഇതിന് ബദൽ മാർഗം എന്ന ആലോചനയിൽ പാലക്കാട് കർഷകർ നെല്ല് സംഭരിച്ചു വെച്ച് പിന്നീടാണ് കൈമാറുന്നത്, അവിടെ ഗ്രീൻസ്ലിപ് എന്ന് പറയുന്ന ഒരു പച്ച ചീട്ട് കൊടുത്ത് നെല്ല് സംഭരിച്ചുവരുകയാണ്. വരാൻ പോവുന്ന ആഴ്ചകളിലാണ് കുട്ടനാട്ടിൽ കൂടുതൽ കോയിത്തു നടക്കാൻ പോവുന്നത്. മില്ലുടമകളുമായി പരമാവധി സഹകരിച്ചു പോവാൻ നോക്കിയെങ്കിലും അത് സാധ്യമാവാത്തെ സാഹചര്യത്തിൽ ബദൽ മാർഗങ്ങളിലേക് സർക്കാർ നീങ്ങുകയാണ്. ഇത് കർഷകർക്ക് ഏറെ ആശ്വാസമാകും. ഈ സീസൺ നമ്മൾ വിജയിപ്പിച്ചാൽ അടുത്ത സീസണിലേക്കു നെല്ല് സംഭരണത്തിന് മാസങ്ങൾ കാത്തു നിൽക്കേണ്ട അവസ്ഥ ഉണ്ടാവില്ല. ഇതിന് ആവശ്യമായ ക്രമത്തിൽ ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും താത്കാലിക ഉദ്യോഗസ്ഥരെ നിയമിച്ചു കഴിഞ്ഞെന്നും കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. തോമസ് കെ തോമസ് എംഎൽഎ, ജില്ലാ കളക്ടർ അലക്സ് വർഗീസ്, സപ്ലൈക്കോ എംഡി വിഎം ജയകൃഷ്ണൻ, സപ്ലൈക്കോ ജനറൽ മാനേജർ അബ്ദുൽ ഖാദർ, പാഡ്‌ഡി മാർക്കറ്റിംഗ് ഉദ്യോഗസ്ഥർ, എഫ്സിഐ ഉദ്യോഗസ്ഥർ, സെൻട്രൽ വേർഹൗസ് കോർപറേഷൻ ഉദ്യോഗസ്ഥർ, തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.










