അതിദാരിദ്ര്യമുക്ത കേരളം സാധ്യമായത് സുദീർഘമായ പ്രക്രിയയിലൂടെ
 
                                                സംസ്ഥാന സർക്കാർ നവംബർ 1ന് പ്രഖ്യാപിക്കുന്ന 'അതിദാരിദ്ര്യമുക്ത കേരളം' യാഥാർത്ഥ്യമായത് 2021 ൽ ആരംഭിച്ച സുദീർഘമായ പ്രക്രിയയിലൂടെയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളം കൈവരിച്ച ചരിത്രം ശ്രദ്ധിക്കുന്ന നേട്ടമാണ് അതിദാരിദ്ര്യ നിർമ്മാർജനം. ഈ നേട്ടം ഒറ്റ ദിവസത്തിൽ സംഭവിച്ചതല്ല. 2021-ൽ അധികാരത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ആദ്യ മന്ത്രിസഭായോഗത്തിലെ ഒന്നാമത്തെ തീരുമാനമായിരുന്നു അതിദാരിദ്ര്യ നിർമ്മാർജനം. 2025 നവംബർ 1 നകം അതിദാരിദ്ര്യ നിർമ്മാർജന ലക്ഷ്യം കൈവരിക്കുക എന്നതായിരുന്നു സർക്കാരിന്റെ ലക്ഷ്യം. സർക്കാർ പദ്ധതികളുടെയും ക്ഷേമ പദ്ധതികളുടെയും ഒരു ആനുകൂല്യവും ലഭിക്കാത്തവരെ അന്വേഷിച്ച്, തെരഞ്ഞു കണ്ടെത്തി, അവരെ കൈപിടിച്ച് ഉയർത്തിയാണ് ഈ അഭിമാനനേട്ടം നടപ്പിലാക്കിയതെന്ന് മന്ത്രി പറഞ്ഞു.
അതിദാരിദ്ര്യ നിർമ്മാർജന പ്രക്രിയ സംബന്ധിച്ച് 19 പേജുള്ള വിശദമായ മാർഗ്ഗരേഖ 2021 ജൂലൈയിൽ സർക്കാർ പുറത്തിറക്കിയിരുന്നു. അതിദരിദ്രരെ കണ്ടെത്തുന്നതിനുള്ള പ്രക്രിയ, മാനദണ്ഡങ്ങൾ, നിർവചനങ്ങൾ എന്നിവ ഈ രേഖയിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്. അതിജീവനത്തിന് ആവശ്യമായ ഭക്ഷണം, ആരോഗ്യം, വസ്ത്രം, സുരക്ഷിത വാസസ്ഥലം, അടിസ്ഥാന വരുമാനം എന്നീ അടിസ്ഥാന ഘടകങ്ങളൊന്നുമില്ലാത്ത വിഭാഗങ്ങളെയാണ് അതിതീവ്ര ക്ലേശഘടകങ്ങളുടെ അടിസ്ഥാനത്തിൽ അതിദരിദ്ര വിഭാഗമായി കണ്ടെത്തിയത്. ഇതുവരെ ഒരു സർക്കാർ പദ്ധതിയുടെയും ക്ഷേമ പദ്ധതികളുടെയും ആനുകൂല്യം ലഭിക്കാത്ത, എല്ലാത്തിനും പുറത്തുനിൽക്കുന്ന, തിരിച്ചറിയൽ രേഖകളില്ലാത്ത നിരാലംബരായ വിഭാഗങ്ങളാണ് ഇതിൽ വരുന്നത്. അതിദാരിദ്ര്യ നിർമ്മാർജനം എന്നത് ദാരിദ്ര്യ നിർമ്മാർജനത്തിൽ (ദാരിദ്ര്യമുള്ളവർക്ക് വരുമാനം/തൊഴിൽ ശേഷി വെച്ച് മുന്നോട്ടു പോകാൻ കഴിയും) നിന്നും വ്യത്യസ്തമാണെന്നും മന്ത്രി പറഞ്ഞു.
അതിദാരിദ്ര്യ നിർമ്മാർജന പ്രക്രിയ വിപുലമായ പങ്കാളിത്തത്തിൽ അധിഷ്ഠിതവും അതീവ സൂക്ഷ്മവുമായിരുന്നു. ഈ പ്രക്രിയക്കായി കില (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ) പ്രസിദ്ധീകരിച്ച കൈപ്പുസ്തകത്തിന്റെ മൂന്നാം അധ്യായത്തിൽ അതിദരിദ്രരെ കണ്ടെത്തുന്ന പ്രക്രിയ കൃത്യമായി പറയുന്നുണ്ട്. അതിദരിദ്ര നിർണയത്തിനായി 4 ലക്ഷം പേർക്കാണ് കില പരിശീലനം നൽകിയത്. ഇതിൽ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ, സാമൂഹ്യ സംഘടനകളുടെ പ്രതിനിധികൾ, കുടുംബശ്രീ പ്രതിനിധികൾ എന്നിവരെല്ലാം ഉൾപ്പെടുന്നു. ആദ്യം കണ്ടെത്തിയ 1,18,309 എണ്ണം വിവിധ പ്രക്രിയകളിലൂടെ 87,158 കുടുംബങ്ങളായി മാറി. ഈ കുടുംബങ്ങളുടെ വിവരങ്ങൾ മൊബൈൽ ആപ്പ് വഴി ശേഖരിച്ച ശേഷം, 20 ശതമാനം പേരെ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിനെകൂടി ഉൾപ്പെടുത്തി സൂപ്പർ ചെക്കിന് വിധേയമാക്കി. തുടർന്ന് തയ്യാറാക്കിയ 73,747 പേരുടെ മുൻഗണനാ പട്ടിക ഗ്രാമസഭകളിൽ അവതരിപ്പിച്ച് ചർച്ച ചെയ്ത ശേഷമാണ് 64,006 കുടുംബങ്ങളെ ഗുണഭോക്താക്കളായി കണ്ടെത്തിയത്. തദ്ദേശ സ്ഥാപനങ്ങളാണ് ഈ പ്രക്രിയക്ക് നേതൃത്വം കൊടുത്തത്. മേൽനോട്ടം വഹിക്കുന്നതിനായി തദ്ദേശ സ്ഥാപന തലത്തിലും വാർഡ് തലത്തിലും വിപുലമായ കമ്മിറ്റികൾ രൂപീകരിച്ചിരുന്നു.
തദ്ദേശ സ്ഥാപനതല സമിതിയിൽ മേയർ/ചെയർപേഴ്സൺ/പ്രസിഡന്റ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ, തദ്ദേശ സ്ഥാപന ഭരണസമിതിയിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ, ദാരിദ്ര്യ നിർമാർജന രംഗത്ത് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടന പ്രതിനിധികൾ, വ്യാപാരി വ്യവസായ സംഘടന പ്രതിനിധികൾ, റെസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ എന്നിവർ ഉൾപ്പെട്ടിരുന്നു. വാർഡ് തല സമിതിയിൽ കൗൺസിലറുടെ അധ്യക്ഷതയിൽ ആശാപ്രവർത്തകർ, കുടുംബശ്രീ എഡിഎസ്സിന്റെ പ്രതിനിധി, തൊഴിലുറപ്പ് ഉദ്യോഗസ്ഥർ, അംഗൻവാടി ടീച്ചർമാർ, എസ് സി എസ് ടി പ്രൊമോട്ടർമാർ, സന്നദ്ധ സംഘടന പ്രവർത്തകർ, പാലിയേറ്റീവ് കെയർ വോളണ്ടിയർമാർ, റെസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ എന്നിവരുൾപ്പെടെയുള്ള വിപുലമായ പങ്കാളിത്തം ഉറപ്പാക്കി.
സാമ്പത്തിക അവലോകന റിപ്പോർട്ടുകളിലും (എക്കണോമിക് റിവ്യൂ 2022, 23, 24) സർക്കാർ ഇതിനായി സ്വീകരിച്ച പ്രക്രിയയെക്കുറിച്ച് റിപ്പോർട്ടുണ്ട്. പ്ലാനിങ് ബോർഡ് സജീവമായി പ്രവർത്തനത്തിൽ പങ്കാളിത്തം വഹിച്ചിരുന്നു. ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലെ അഞ്ചു പഞ്ചായത്തുകൾ, വടക്കാഞ്ചേരി മുൻസിപ്പാലിറ്റി, വയനാട്ടിലെ തിരുനെല്ലി പഞ്ചായത്ത് എന്നിവിടങ്ങളിൽ പൈലറ്റ് സ്റ്റഡി നടത്തി.
കേരളത്തിനകത്തും ദേശീയ മാധ്യമങ്ങളിലും അന്തർദേശീയ മാധ്യമങ്ങളിലും കേരളത്തിന്റെ ഈ ചരിത്രനേട്ടം ഇപ്പോൾ ചർച്ച ചെയ്യപ്പെടുകയാണ്. പൊതുവിൽ വലിയ സ്വീകാര്യതയാണ് ജനങ്ങൾക്കിടയിലും മാധ്യമങ്ങളിലും ഇതിന് ലഭിച്ചിരിക്കുന്നത്. പ്രക്രിയക്ക് നേതൃത്വം നൽകിയ തദ്ദേശ സ്ഥാപനങ്ങളും അതിന്റെ ജനപ്രതിനിധികളും ഇത് അഭിമാനകരമായ നേട്ടമായി കണക്കാക്കുന്നു. കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ തദ്ദേശ സ്ഥാപനങ്ങളും അതിദരിദ്രരെ മോചിപ്പിച്ചതായി പ്രഖ്യാപനങ്ങൾ നടത്തിയിട്ടുണ്ട്.
ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് ചില വിമർശനങ്ങൾ ഉന്നയിച്ച വിദഗ്ധർ ഈ പദ്ധതിയുടെ തുടക്കം മുതൽ പബ്ലിക് ഡൊമൈനിൽ ലഭ്യമായ രേഖകളോ (മാർഗ്ഗരേഖ, കൈപ്പുസ്തകം) സാമ്പത്തിക അവലോകന റിപ്പോർട്ടുകളോ ശ്രദ്ധിച്ചിരുന്നില്ല എന്നാണ് മനസിലാക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകിയ ലിസ്റ്റ് ഓഫ് റെക്കമെൻഡേഷൻ സ്വീകരിച്ച് നേടിയെടുത്ത നേട്ടമല്ലിത്, മറിച്ച് സൂക്ഷ്മമായ അരിപ്പകളിലൂടെ കടത്തിവിട്ട് ഗ്രാമസഭ അംഗീകരിച്ച പട്ടികയിലുള്ളവരെയാണ് ഗുണഭോക്താക്കളായി അംഗീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി. ഈ നേട്ടത്തിന്റെ ക്രെഡിറ്റ് സംബന്ധിച്ച അവകാശവാദങ്ങളും കണ്ടിരുന്നു. കേരളം അതിദാരിദ്ര്യമുക്തമാകുമ്പോൾ അത് ഇന്ത്യയുടെ കൂടി നേട്ടമാണെന്ന് മുൻപ് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.










