വിഷന്‍ 2031: തൊഴിലും നൈപുണ്യവും വകുപ്പ് സംസ്ഥാനതല സെമിനാർ സംഘടിപ്പിച്ചു

post

മാറുന്ന തൊഴില്‍ സാഹചര്യത്തെ നേരിടാന്‍ കേരളത്തിനാകണം: മന്ത്രി കെ എന്‍ ബാലഗോപാല്‍

തൊഴിലും നൈപുണ്യവും വകുപ്പിന്റെ വിഷന്‍ 2031 സംസ്ഥാനതല സെമിനാര്‍ ദി ക്വയിലോണ്‍ ബീച്ച് ഹോട്ടലിലെ ഓര്‍ക്കിഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു.ലോകത്തെ മാറുന്ന തൊഴില്‍ സാഹചര്യങ്ങളെ നേരിടാനും കേരളത്തിനാകണമെന്ന് മന്ത്രി പറഞ്ഞു.

ഗിഗ് ഇക്കോണമി പോലുള്ള തൊഴില്‍രീതികള്‍ വര്‍ദ്ധിക്കുന്ന കാലത്ത് കേരളം വര്‍ഷങ്ങളായി പിന്തുടരുന്ന സമത്വം, നീതി, സുരക്ഷിതവും മാന്യവുമായ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. ഈ പശ്ചാത്തലത്തിലാണ്  തൊഴില്‍വ്യവസ്ഥ കൈകാര്യം ചെയ്യപ്പെടേണ്ടത്. ഇന്ത്യയില്‍ ഉയര്‍ന്ന ജീവിതനിലവാരം ഉള്ള സംസ്ഥാനമാണ് കേരളം. സ്ത്രീകളുടെ പങ്കാളിത്തം പരമ്പരാഗത വ്യവസായ- തൊഴില്‍ മേഖലകളില്‍ ഉള്‍പ്പെടെ ശ്രദ്ധേയമാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൂലി നല്‍കുന്നത് കേരളത്തിലാണ്.  മിനിമം വേതനം ഉള്‍പ്പടെ പ്രഖ്യാപിച്ചു. സ്ത്രീകള്‍ക്ക് ഇരുന്ന്‌തൊഴില്‍ചെയ്യാന്‍ കഴിയുന്ന, ധാരാളം ക്ഷേമപദ്ധതികള്‍ നടപ്പാക്കി സാമൂഹിക ജീവിതം മെച്ചപ്പെടുത്തിയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.

സമസ്ത മേഖലകളിലും വികസനവും ആനുകൂല്യങ്ങളും സര്‍ക്കാര്‍ ഉറപ്പാക്കുന്നു. സാമൂഹിക ക്ഷേമ പെന്‍ഷന്‍ 2000 രൂപയാക്കി. വീട്ടമ്മമാര്‍, യുവതിയുവാക്കള്‍, അങ്കണവാടി, ആശാ പ്രവര്‍ത്തകര്‍, പാചക തൊഴിലാളികള്‍ തുടങ്ങി എല്ലാവരെയും സര്‍ക്കാര്‍ ചേര്‍ത്തു പിടിക്കുന്നു. ആഭ്യന്തര വരുമാനത്തില്‍ കേരളം മുന്നിലാണ്; ഈ വര്‍ഷം 95000 കോടി രൂപയാണ്. അടുത്ത വര്‍ഷം ഇത് ഒരു ലക്ഷം കോടി രൂപയാകും. അര്‍ഹമായ അനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെങ്കിലും ചെലവ് കുറച്ചിട്ടില്ല. 1,75000 കോടി രൂപയാണ്  സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമായി  ചെലവാക്കിയത്.

സംഘടിത തൊഴില്‍ ഇടങ്ങളുടെ അഭാവം, ഗിഗ് തൊഴില്‍ രീതിയുടെ വെല്ലുവിളികള്‍, നിര്‍മിതബുദ്ധി ഉണ്ടാക്കുന്ന തൊഴില്‍ ഇല്ലായ്മ പ്രശ്‌നങ്ങള്‍ തുടങ്ങിയ അവസ്ഥകളെ എങ്ങനെ മറികടക്കാമെന്ന ആശയങ്ങള്‍ ഈ സെമിനാറിലൂടെ ഉരുതിരിയണമെന്നും ട്രേഡ് യൂണിയന്‍ പ്രതിനിധികളുടെ  അഭിപ്രായങ്ങള്‍ ഉള്‍പ്പെടുത്തി തൊഴില്‍ അവകാശങ്ങള്‍ ശക്തിപ്പെടുത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കഴിയണമെന്നും മന്ത്രി വ്യക്തമാക്കി.

ഓരോ തൊഴിലാളിക്കും  നിയമാനുസൃതമായ വേതനം, സുരക്ഷിത തൊഴില്‍ സാഹചര്യങ്ങള്‍, സാമൂഹിക സംരക്ഷണം, നിരന്തരമായ നൈപുണ്യ വികസനം എന്നിവയ്ക്ക് പ്രഥമ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് അധ്യക്ഷനായ തൊഴിലും നൈപുണ്യവും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സമത്വം, നീതി, കരുതല്‍ എന്നീ അടിസ്ഥാന മൂല്യങ്ങളെ ആധാരമാക്കിയാണ് 'വിഷന്‍ 2031' രൂപപ്പെടുത്തിയിട്ടുള്ളത്. ഗിഗ്, പ്ലാറ്റ്‌ഫോം, റിമോട്ട് വര്‍ക്ക് തുടങ്ങിയ പുതിയ തൊഴില്‍  മേഖലകളിലെ തൊഴിലാളികള്‍ക്കും ക്ഷേമപരമായ സുരക്ഷിതത്വം ഉറപ്പാക്കുന്ന നയങ്ങള്‍ ആവിഷ്‌കരിക്കും. പരമ്പരാഗത തൊഴില്‍  മേഖലകള്‍ക്ക് പുതുജീവന്‍ നല്‍കും. ആധുനിക സംവിധാനങ്ങളിലൂടെയും നവ സഹകരണ സാങ്കേതികവിദ്യകള്‍ ഉള്‍ക്കൊള്ളുന്നതിലൂടെയും ഈ മേഖലകളെ പുനരുജ്ജീവിപ്പിക്കുകയും  തൊഴിലാളികളുടെ ഉപജീവന മാര്‍ഗങ്ങള്‍ സംരക്ഷിക്കുകയും ചെയ്യും. അതിഥി തൊഴിലാളികള്‍ക്ക് സമഗ്രമായ സാമൂഹിക സംരക്ഷണവും  സൗഹൃദപരമായ തൊഴിലന്തരീക്ഷവും ഉറപ്പാക്കും. യുവജനങ്ങളുടെ കഴിവിനെ ആഗോള നിലവാരത്തിലേക്ക് ഉയര്‍ത്തും. ഇതിലൂടെ കേരളത്തെ, രാജ്യത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വ്യാവസായിക നൈപുണ്യ ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യം. ഇത് പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാര്‍, തൊഴിലുടമകള്‍, തൊഴിലാളി സംഘടനകള്‍, പൊതുസമൂഹം ഉള്‍പ്പെടെ ഉള്ളവരുടെ പിന്തുണയും മന്ത്രി ആവശ്യപെട്ടു.

കേരളത്തിലെ തൊഴില്‍ ഇടങ്ങളിലെ സ്വാതന്ത്ര്യം, അന്തസ്, സാമ്പത്തിക സുരക്ഷിതത്വവും തൊഴിലാളികളെ സംരക്ഷിച്ചുള്ള നയരൂപീകരണവും മാതൃകപരമാണെന്ന് മുഖ്യാഥിതിയായ ഐ എല്‍ ഒ ഡയറക്ടര്‍ മിചികോ മിയാമോട്ടോ പറഞ്ഞു.

കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ നേട്ടങ്ങള്‍ ലേബര്‍ കമ്മീഷണര്‍ സഫ്‌ന നസറുദ്ദീന്‍ അവതരിപ്പിച്ചു.  എം.എല്‍.എമാരായ എം നൗഷാദ്, സുജിത്ത് വിജയന്‍പിള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപന്‍, ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്, മുന്‍ മന്ത്രിമാരായ എളമരം കരീം, ജെ മേഴ്സികുട്ടിഅമ്മ, സ്വാഗതസംഘം കണ്‍വീനര്‍ എസ് ജയമോഹന്‍, എംപ്ലോയ്‌മെന്റ് ആന്‍ഡ് ട്രെയിനിങ് ഡയറക്ടര്‍ സൂഫിയാന്‍ അഹമദ്, ടെരുമോ പെന്‍പോള്‍ മുന്‍ എം.ഡി സി പത്മകുമാര്‍, പ്ലാനിങ് ബോര്‍ഡ് അംഗം ഡോ. രവി രാമന്‍, ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ജയേഷ്, ഐ എല്‍ ഒ നാഷണല്‍ പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ കരുണ്‍ ഗോപിനാഥ്, എ അലക്‌സാണ്ടര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.