സ്‌കൂൾ കായികമേളയ്ക്ക് സമാപനം;തിരുവനന്തപുരം ഓവറോൾ ചാമ്പ്യൻസ്

post

117.5 പവൻ സ്വർണക്കപ്പ് കൈമാറി

കേരളം മാതൃകയെന്ന് ഗവർണർ രാജേന്ദ്ര അർലേക്കർ

കായിക ഉപകരണങ്ങൾ ഇല്ലാതെ പരിശീലനത്തിന് ബുദ്ധിമുട്ട് നേരിടുന്ന വിദ്യാർത്ഥികൾക്കായി ഉപകരണങ്ങൾ ലഭ്യമാക്കും

അടുത്ത സ്‌കൂൾ കായികമേള കണ്ണൂരിൽ

67-ാമത് സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് സമാപനം . തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടന്ന സമാപന യോഗത്തിൽ ഗവർണർ രാജേന്ദ്ര അർലേക്കർ മുഖ്യാതിഥിയായി. 20,000 വിദ്യാർത്ഥികളെ ഉൾചേർത്ത് കഴിഞ്ഞ എട്ട് ദിവസങ്ങളിലായി തലസ്ഥാന നഗരിയിലെ 12 വേദികളിൽ ഒളിമ്പിക് മാതൃകയിൽ പ്രൗഡഗംഭീരമായി സംസ്ഥാന സ്‌കൂൾ കായികമേള സംഘടിപ്പിച്ച കേരളം മറ്റുള്ളവർക്ക് മാതൃകയെന്ന് ഗവർണർ പറഞ്ഞു. കായിക മേളയിലെ ഓവറോൾ ചാമ്പ്യന്മാർക്ക് ആദ്യമായി സ്വർണക്കപ്പ് ഏർപ്പെടുത്തിയ മുഖ്യമന്ത്രിയ്ക്കും ഇത്ര ഗംഭീരമായ രീതിയിൽ മേള സംഘടിപ്പിച്ച സംസ്ഥാന സർക്കാരിനും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയ്ക്കും നന്ദി അറിയിക്കുന്നതായും ഗവർണർ പറഞ്ഞു.

ഒളിമ്പിക്‌സ് ആണ് നമ്മുടെ ഗോൾ എന്ന് പറഞ്ഞ ഗവർണർ സംസ്ഥാന കായികമേള അതിലേക്കുള്ള വഴി തുറന്നിരിക്കുകയാണെന്ന് വിദ്യാർത്ഥികളോട് ചൂണ്ടിക്കാട്ടി. കായികം മുമ്പ് പാഠ്യേതരം ആയിട്ടായിരുന്നു കണ്ടിരുന്നെങ്കിൽ ഇന്നത് കരിക്കുലത്തിന്റെ ഭാഗമാണ്. ഇത്തരമൊരു കായികമേളയിൽ പങ്കെടുക്കുക എന്നത് തന്നെ മെഡൽ ലഭിക്കുന്നതിന് തുല്യമാണ്. വിവിധ മേഖലകളിൽ നിന്നും വരുന്ന വ്യത്യസ്ത മനുഷ്യരെ ഉൾക്കൊള്ളുക എന്നതാണ് സ്‌പോർട്ടിംഗ് സ്പിരിറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്, ഗവർണർ പറഞ്ഞു.

സംസ്ഥാന സ്‌കൂൾ കായികമേളയിൽ സ്വർണ്ണം നേടുന്ന നിർധനരായ കായിക പ്രതിഭകൾക്ക് 50 വീടുകൾ വെച്ചു നൽകാനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം തന്നെ ഏറെ സ്പർശിച്ചതായി ഗവർണർ അർലേക്കർ വ്യക്തമാക്കി.


പരിപാടിയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. 350 ഓളം കായികതാരങ്ങൾ ജോലിചെയ്യുന്ന പൊതു വിദ്യാഭ്യാസ വകുപ്പിൽ ഈ കായികതാരങ്ങളുടെ വൈദഗ്ദ്യം സ്‌കൂൾ കായിക പ്രതിഭകൾക്ക് എങ്ങനെ ഉപയോഗിക്കാനാകുമെന്ന് ചിന്തിക്കുമെന്ന് മന്ത്രി പറഞ്ഞു.

കായികമേളയിൽ പങ്കെടുക്കാൻ പോകുന്ന വിദ്യാർത്ഥികൾക്കുള്ള യാത്രാബത്ത വർധിപ്പിക്കുന്ന കാര്യം സംസ്ഥാന ധനകാര്യ മന്ത്രിയുമായി കൂടിയാലോചിച്ചു തീരുമാനിക്കും. കായിക ഉപകരണങ്ങൾ ഇല്ലാതെ പരിശീലനത്തിന് ബുദ്ധിമുട്ട് നേരിടുന്ന വിദ്യാർത്ഥികൾക്കായി ഉപകരണങ്ങൾ ലഭ്യമാക്കുമെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു. ഇതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിൽ സുമനസ്സുകളുടെ സഹായത്തോടെ ഫണ്ട് സമാഹരിക്കാനാണ് തീരുമാനം.

കായികമേളയിൽ പങ്കെടുക്കാൻ പോകുമ്പോൾ സ്‌കൂൾ കായിക പ്രതിഭകൾക്ക് റെയിൽവേ അനുവദിച്ചിരുന്ന ടിക്കറ്റ് കൺസഷൻ റദ്ദാക്കിയത് റെയിൽവേ പുനഃസ്ഥാപിക്കണമെന്നും ഇക്കാര്യത്തിനായി കേന്ദ്ര റെയിൽവേ മന്ത്രിയെ കാണുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അത്ലറ്റിക്‌സിൽ 17 അടക്കം 34 പുതിയ മീറ്റ് റെക്കോർഡുകൾ കുറിച്ച കൗമാര കേരളത്തിന്റെ കായിക പ്രതിഭ രേഖപ്പെടുത്തിയ മേളയാണ് കൊടിയിറങ്ങിയത്. ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ ജില്ലയ്ക്കുള്ള മുഖ്യമന്ത്രിയുടെ സ്വർണ്ണകപ്പ് തിരുവനന്തപുരം ജില്ല ഗവർണറിൽ നിന്ന് ഏറ്റുവാങ്ങി. 1825 പോയിന്റ് ആണ് ജില്ല നേടിയത്.


892 പോയിന്റ് നേടിയ തൃശ്ശൂർ രണ്ടാമതും 859 പോയിന്റോടെ കണ്ണൂർ മൂന്നാമതുമെത്തി. മികച്ച സ്‌കൂൾ ജനറൽ വിഭാഗത്തിൽ മലപ്പുറം കടകശ്ശേരി ഐഡിയൽ ഇഎച്ച്എസ്എസും രണ്ടാമതായി പാലക്കാട് വടവന്നൂർ വിഎം എച്ച്എസും മൂന്നാമതായി മലപ്പുറം തിരുനാവായ നാവാമുകുന്ദ എച്ച്എസ്എസും ട്രോഫികളും ക്യാഷ് പ്രൈസും ഏറ്റുവാങ്ങി.മികച്ച സ്‌പോർട്‌സ് സ്‌കൂൾ വിഭാഗത്തിൽ തിരുവനന്തപുരം ജി വി രാജ സ്‌പോർട്‌സ് സ്‌കൂൾ ചാമ്പ്യന്മാരായി. കൊല്ലം സായിയും വയനാട് സിഎച്ച്എസും രണ്ടാംസ്ഥാനം പങ്കിട്ടപ്പോൾ മൂന്നാംസ്ഥാനം തലശ്ശേരി സായിയും കോതമംഗലം എംഎ കോളേജ് സ്‌പോർട്‌സ് ഹോസ്റ്റലും പങ്കിട്ടു.

പരിപാടിയിൽ മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, വീണാ ജോർജ്, ജി.ആർ. അനിൽ, എം.എൽ.എമാരായ ആന്റണി രാജു, വി. ജോയ്, കടകംപള്ളി സുരേന്ദ്രൻ, മേയർ ആര്യ രാജേന്ദ്രൻ, ഒളിമ്പ്യൻ പി.ആർ. ശ്രീജേഷ്, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കെ. വാസുകി, ഡയറക്ടർ എൻ എസ്.കെ. ഉമേഷ്, സി.എ. സന്തോഷ് എന്നിവർ സംസാരിച്ചു.

അടുത്ത വർഷം സംസ്ഥാന സ്‌കൂൾ കായിക മേളയ്ക്ക് ആതിഥ്യം വഹിക്കുന്ന കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ചു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്‌നകുമാരി കായിക മേളയുടെ പതാക മന്ത്രി ശിവൻകുട്ടിയിൽ നിന്ന് ഏറ്റുവാങ്ങി.