പരിസ്ഥിതിയിലേക്ക് മിഴിതുറന്ന് വനംവകുപ്പിന്റെ 'മയില്‍പ്പീലി' ചലച്ചിത്രമേള

post

പ്രകൃതിക്കുമേല്‍ മനുഷ്യാധിനിവേശത്തിന്റെ അപായസൂചന നല്‍കി രാജ്യാന്തര പരിസ്ഥിതി ചലച്ചിത്രോത്സവത്തിന് തുടക്കം. വനംവകുപ്പ് സംഘടിപ്പിച്ച ചലച്ചിത്ര മേള പി ടി പി നഗറിലെ ഫോറസ്റ്റ് കോംപ്ലക്സിലെ ആരണ്യം ഹാളില്‍ ജൂലൈ 3ന് അവസാനിക്കും. പശ്ചിമഘട്ടത്തിലെ വംശനാശഭീഷണി നേരിടുന്ന പന്നിമൂക്കന്‍ തവളകളുടെ കഥപറയന്ന 'മാലി' എന്ന 11 മിനുറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി ചിത്രത്തോടെയാണ് മേളയ്ക്ക് തിരിതെളിഞ്ഞത്.

തമിഴ്നാട് സ്വദേശിയായ ഉമ എന്ന വീട്ടമ്മ നീന്തല്‍ പഠിച്ച് ചിത്രീകരിച്ച കോറല്‍ വുമണ്‍ എന്ന ഡോക്യുമെന്ററിയും ശൈലികൊണ്ട് വ്യത്യസ്ഥത പുലര്‍ത്തി. പെയിന്റിങ്ങുകളിലൂടെ അറിഞ്ഞ പവിഴപ്പുറ്റുകളെ കൂടുതല്‍ അടുത്തറിയാന്‍ അവര്‍ സ്‌കൂബാ ഡൈവിങ് പഠിക്കുകയും പവിഴപ്പുറ്റുകളെക്കറിച്ച് ഡോക്യുമെന്ററി ചിത്രീകരിക്കുകയുമായിരുന്നു. രാജ്യാന്തര തലത്തില്‍ നിരവധി അവാര്‍ഡുകള്‍ നേടിയ അലജാന്‍ഡ്രോ ലോയ്‌സ ഗ്രിസി സംവിധാനം ചെയ്ത ബൊളീവിയന്‍ സിനിമ ഉതാമ പ്രേക്ഷക ശ്രദ്ധനേടി. സുരേഷ് ഇളമന്‍ സംവിധാനം ചെയ്ത ഓട്ടോ ബയോഗ്രഫി ഓഫ് എ ബട്ടര്‍ഫ്ളൈ, പ്രഭു മെന്‍സ് സന സംവിധാനം ചെയ്ത പുനര്‍ജീവനം തുടങ്ങിയ ഡ്യോക്യുമെന്ററികളും പ്രദര്‍ശിപ്പിച്ചു.


കുഞ്ഞു കരടിയടെ അതിജീവനത്തിന്റെ കഥപറയന്ന ജീന്‍-ജാക്ക് അന്നാഡ് സംവിധാനം ചെയ്ത ഫ്രഞ്ച് ചലച്ചിത്രം ദ് ബിയര്‍ , വേട്ടക്കാര്‍ പിന്തുടരുന്ന അനാഥനായ കുഞ്ഞുകരടി മറ്റൊരു കരടിയുമായി ചങ്ങാത്തം കൂടുന്നതും അവരുടെ സംഘര്‍ഷങ്ങളുമാണ് കഥയുടെ ഇതിവൃത്തം. കുറഞ്ഞ സംഭാഷണങ്ങളും കൂടുതല്‍ വൈകാരിക നിമിഷങ്ങളും സമ്മാനിക്കന്ന 'ദ് ബിയര്‍' നിരവധി രാജ്യാന്തര പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്.

കപ്പുച്ചിന്‍ കുരങ്ങിനെ കേന്ദ്രകഥാപാത്രമാക്കി തിയറി റാഗോബെര്‍ട്ട് സംവിധാനം ചെയ്ത ബ്രസീലിയന്‍-ഫ്രഞ്ച് ചിത്രം ആമസോണിയ ആണ് മേളയുടെ സമാപന ചിത്രം. അരുമയായി വളര്‍ത്തി വന്നിരുന്ന കപ്പുച്ചിന്‍ കുരങ്ങ് ഒരു വിമാനാപകടത്തില്‍ ആമസോണ്‍ മഴക്കാടുകളില്‍ എത്തിപ്പെടുന്നതും അതിജീവനത്തിനായി നടത്തുന്ന പോരാട്ടങ്ങളുമാണ് ചിത്രത്തില്‍.

ഓസ്ട്രിയന്‍, റഷ്യന്‍ ഡോക്യുമെന്ററി ചിത്രങ്ങളും ഇന്ത്യന്‍ ഡോക്യുമെന്ററി ചിത്രങ്ങളായ ഫോറസ്റ്റ്, അണ്‍ക്വാട്ടഡ്, ഹോപ്, പ്ലാസ്റ്റിക്കുകളുടെ ദൂഷ്യത്തെക്കുറിച്ച് പറയുന്ന ഡെഡ് സോണ്‍ എന്നിവയും ഇന്നത്തെ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ സബ്മെര്‍ജ്ഡ്, പിപ്ലോക്ടോ, ദുഖു മജി-സണ്‍ ഓഫ് ബാരണ്‍ ലാന്റ്, കൈപാഡു, ചും ചും മാട്ടി തുടങ്ങിയ ഡോക്യമെന്ററികളും ഇന്ന് പ്രദര്‍ശിപ്പിക്കും. വൈകന്നേരം നാലിന് അഡീഷണല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരായ പ്രമോദ് ജി കൃഷണ, ഡോ. സഞ്ജയന്‍ കുമാര്‍ എന്നിവര്‍ നിയിക്കുന്ന പാനല്‍ ചര്‍ച്ചയും നടക്കും. സുരേഷ് ഇളമന്‍, ശംബു പുരുഷോത്തമന്‍, ജെ ആര്‍ അനി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കും. സാബു ശങ്കര്‍ മോഡറേറ്ററാവും.